ഒറ്റപ്പാലം: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ബാഡ്മിന്റന്‍ താരങ്ങള്‍ തമ്മില്‍ കിരീടപ്പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ദക്ഷിണ മേഖല അന്തര്‍ സംസ്ഥാന ഷട്ടില്‍ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പിനാണ് ഒറ്റപ്പാലം വേദിയാകുന്നത്. ജില്ലയില്‍ ആദ്യമായാണു ദക്ഷിണമേഖലാ പോരാട്ടം നടക്കുന്നത്. കെപിഎസ് മേനോന് സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതിനു മല്‍സരങ്ങള്‍ തുടങ്ങും.
വൈകിട്ട് ആറിന് മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യും. എം.ബി. രാജേഷ് എംപി മുഖ്യാതിഥിയാകും. സംവിധായകന് ലാല്‍ ജോസ്, ബാഡ്മിന്റന്‍ അസോസിയേഷന് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് എസ്. മുരളീധരന് എന്നിവരുള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും. കേരളം, തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളുടെ മത്സരങ്ങള്‍ ഇന്നുംനാളെയും നടക്കും. ടീം വിഭാഗം ഫൈനലുകള്‍ 30 ന് വൈകിട്ടു പൂര്‍ത്തിയാകും.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങളുടെ വ്യക്തിഗത (ഓപ്പണ്‍) മത്സരങ്ങള്‍ ഒക്ടോബര്‍ ഒന്നിനും രണ്ടിനുമായി നടക്കും. സമാപന സമ്മേളനം രണ്ടിനു രാവിലെ 11.30നു കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന് ഉദ്ഘാടനം ചെയ്യും. കേരളത്തെ പ്രതിനിധീകരിക്കുന്ന താരങ്ങള്‍ ഒറ്റപ്പാലത്തെത്തി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പരിശീലനം തുടങ്ങി. സംസ്ഥാന, ജില്ലാ ബാഡ്മിന്റന്‍ അസോസിയേഷനുകളുടെയും സിഎസ്എന്‍ ട്രസ്റ്റിന്റെയും നേതൃത്വത്തിലാണ് എകെ നെടുങ്ങാടി സ്മാരക സൗത്ത് സോണ്‍ ചാംപ്യന്‍ഷിപ്പ്.
മഹാരാഷ്ട്രയില്‍ നിന്നുള്ള വിനയ് ജോഷിയാണുറഫറി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അംപയര്‍മാരും ഉണ്ടാകും. ഇന്ത്യന്‍ ബാഡ്മിന്റന്‍ അസോസിയേഷന് ജോയിന്റ് സെക്രട്ടറി എന്‍.സി. സുധീറാണു നിരീക്ഷകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: