പത്തനംതിട്ട: വസ്തു എഴുതി കൊടുക്കാത്തതിന് കുടുംബത്തെ വീട്കയറി ആക്രമിച്ച സംഭവത്തില്‍ സിഐടിയു ജില്ലാ നേതാവിന്റെ മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന്റെ മരുമകന് മലയാലപ്പുഴ പണിക്കത്തറയില്‍ ശ്രീജിത്ത് മേനോനെയാണ് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
മലയാലപ്പുഴയില്‍ വാടകയ്ക്ക് താമസിക്കുന്ന പുല്ലാട് സ്വദേശി അജിത്ത്് കുമാറിനെയും കുടുംബത്തേയും 23ന്് വൈകിട്ട് ശ്രീജിത്തും സംഘവും വീടുകയറി ആക്രമിച്ചുവെന്നാണ് പരാതി. ശ്രീജിത്തിന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന അജിത് ബാങ്ക് വായ്പക്ക് തന്റെ വസ്തു ഈടായി നല്‍കാം എന്ന് സമ്മതിച്ചിരുന്നു. ഇതനുസരിച്ച് രേഖകള്‍ വാങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് വസ്തു വാങ്ങുന്നു എന്ന രീതിയില്‍ രേഖകള്‍ എഴുതി കൊണ്ടുവന്ന് ഒപ്പിട്ട് നല്കാന് ശ്രീജിത്ത് മേനോന് ആവശ്യപ്പെട്ടു. ഇത് അജിത് സമ്മതിച്ചില്ല. ഇതേ തുടര്‍ന്നാണ് അക്രമം നടന്നത്. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന അജിത്തിനും ഭാര്യ അനിത, മക്കളായ അര്ജുന്, അജയ് എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. വീട്ടുപകരണങ്ങളും മറ്റും നശിപ്പിക്കുകയും ചെയ്തു. ജോലി സംബന്ധമായ എല്ലാ രേഖകളും വിദ്യാഭ്യാസ രേഖകളും ശ്രീജിത്തും സംഘവും എടുത്തുകൊണ്ടുപോയി. ഭീഷണിപ്പെടുത്തി മുദ്രപത്രത്തില്‍ അഞ്ച് ലക്ഷം രൂപ 15 ദിവസത്തിനകം തരണം എന്ന് എഴുതി ഒപ്പിടീക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പരിക്കേറ്റ അജിത്തും കുടുംബവും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
പരിക്കേറ്റ അജിത്തും കുടുംബവും ആശുപത്രിയിലായിട്ടും മൊഴി എടുക്കാന്‍ പൊലീസ് എത്തിയില്ല. പല തവണ ബന്ധപ്പെട്ടപ്പോള്‍ പോലീസെത്തി സിഐ കാണാന്‍ താല്പര്യപ്പെടുന്നു എന്ന് അറിയിച്ചു. ഇതനുസരിച്ച്് അജിത്ത് സ്റ്റേഷനില്‍ എത്തിയപ്പോള്‍ മലയാലപ്പുഴ മോഹനനും ജില്ലയിലെ ചില സിപിഎം നേതാക്കളും സ്റ്റേഷനില്‍ ഇരിക്കുന്നത് കണ്ടതായും അജിത്ത് പറയുന്നു. ഭരണത്തിന്റെ ബലത്തില്‍ കേസൊതുക്കിത്തീര്‍ക്കാന്‍ ശ്രമം നടന്നതായും പരാതിയുണ്ട്.
ദുര്‍ബ്ബലമായ വകുപ്പ് ചുമത്തി കേസ് എടുക്കാനായിരുന്നു പോലീസിന്റെ നീക്കം. ഇതേ തുടര്‍ന്ന് അജിത്ത്കുമാറും കുടുംബവും ജില്ലാ പൊലീസ് മേധാവിയെ സമീപിക്കുകയും അക്രമത്തിന്റെ വീഡിയോ അടക്കമുള്ള തെളിവുകള്‍ കൈമാറുകയും ചെയ്തു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് പത്തനംതിട്ട പോലീസ് അറസ്റ്റിന് തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: