സൈന്യം ഭീകരരെ നേരിടുന്നു
ന്യൂദല്‍ഹി/ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യം നടത്തിയ ശക്തമായ തിരിച്ചടിയില്‍ പത്തു ഭീകരര്‍ കൊല്ലപ്പെട്ടു. ഉറി ലച്ച്പുര മേഖലയിലാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ വധിച്ചത്. ആറോളം ഭീകരരുടെ സംഘത്തെ നൗഗാമില്‍ സൈന്യം വളഞ്ഞ് പോരാട്ടം തുടരുന്നു. പോരാട്ടത്തിനിടെ ഒരു സൈനികന് ജീവന്‍ നഷ്ടമായി.
ഞായറാഴ്ച പുലര്‍ച്ചെ ഉറിയിലെ സൈനിക ക്യാമ്പിനു നേരേ നടന്ന ഭീകരാക്രമണത്തില്‍ 18 ജവാന്മാര്‍ വീരമൃത്യു വരിച്ചതിനെ തുടര്‍ന്നാണ് അതിര്‍ത്തിയില്‍ കരസേന ശക്തമായ സൈനിക നടപടി തുടങ്ങിയത്. സൈന്യം നല്‍കിയ തിരിച്ചടിയില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ പത്തുപേര്‍ കൂടി കൊല്ലപ്പെട്ടതോടെ ഇതുവരെ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 14 ആയി.
പതിനഞ്ചോളം ഭീകരരാണ് ഇന്നലെ നിയന്ത്രണരേഖ മറികടന്ന് കശ്മീരിലേക്ക് കടന്നത്. ഇവരെ പിന്തുടര്‍ന്ന സൈന്യത്തിന് നേരേ വെടിവെയ്‌പ്പുണ്ടായി. ഇതിന് നല്‍കിയ തിരിച്ചടിയിലാണ് പത്ത് ഭീകരര്‍ കൊല്ലപ്പെട്ടത്. നൗഗാം മേഖലയില്‍ നുഴഞ്ഞുകയറിയ ആറോളം പേരടങ്ങുന്ന ഭീകരസംഘത്തിന് നേരേ കരസേനയുടെ ഓപ്പറേഷന്‍ രാത്രി വൈകിയും തുടരുന്നു.
അതിര്‍ത്തിയിലെങ്ങും അതിശക്തമായ സൈനിക നടപടി. എല്ലാ സൈനിക പോസ്റ്റുകളിലേക്കും കൂടുതല്‍ ആയുധങ്ങളെത്തിച്ചു തുടങ്ങി. നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്നതിനായി പാക്കിസ്ഥാന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് രൂക്ഷമായ ഭാഷയില്‍ തിരിച്ചടിക്കാന്‍ ദല്‍ഹിയില്‍ ചേര്‍ന്ന ഉന്നത കരസേനാ ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.
കൂടുതല്‍ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ ഭാരത-പാക് അതിര്‍ത്തി പോസ്റ്റുകളിലേക്ക് എത്തിക്കാനും യോഗം തീരുമാനിച്ചു. പൂഞ്ച്, രജൗറി സെക്ടറുകളില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സൈനിക പോസ്റ്റുകളിലേക്ക് പ്രഹരശേഷി കൂടിയ ആയുധങ്ങള്‍ എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: