കാവേരി
ന്യൂദല്‍ഹി: തമിഴ്‌നാടിന് പ്രതിദിനം 3,000 ഘനയടി കാവേരി ജലം നല്‍കണമെന്ന് കര്‍ണാടകത്തോട് മേല്‍നോട്ട സമിതി. ബുധനാഴ്ച മുതല്‍ പത്ത് ദിവസത്തേക്ക് വെള്ളം നല്‍കാനാണ് കേന്ദ്ര ജലവിഭവ വകുപ്പ് സെക്രട്ടറി ശശിശേഖറിന്റെ അധ്യക്ഷതയില്‍ ദല്‍ഹിയില്‍ ചേര്‍ന്ന കാവേരി മേല്‍നോട്ട സമിതിയുടെ നിര്‍ദ്ദേശം.
നിലവില്‍ സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ച് 12,000 ഘന അടി വെള്ളമാണ് കര്‍ണാടകം തമിഴ്‌നാടിന് നല്‍കുന്നത്. ഇന്ന് ഉത്തരവിന്റെ കാലാവധി അവസാനിക്കുമെന്നതിനാല്‍ സമിതിയുടെ തീരുമാനം സുപ്രീംകോടതിയെ അറിയിക്കും.
രണ്ട് സംസ്ഥാനങ്ങളുടെ വാദങ്ങളും സമിതി പരിശോധിച്ചു. തമിഴ്‌നാടിന് നല്‍കേണ്ട ജലത്തിന്റെ അളവ് സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും വിയോജിച്ചു. തമിഴ്‌നാടിന് നല്‍കാന്‍ വെള്ളമില്ലെന്ന് കര്‍ണാടകം വാദിച്ചു. വെള്ളം ലഭിച്ചില്ലെങ്കില്‍ കൃഷിനാശമുണ്ടാകുമെന്ന തമിഴ്‌നാടിന്റെ വാദം കോടതി പരിഗണിച്ചു. തമിഴ്‌നാടിന് വെള്ളം നല്‍കണമെന്ന മുന്‍ സുപ്രീംകോടതി ഉത്തരവിനെതിരെ കര്‍ണാടകം നല്‍കിയ പുനഃപരിശോധനാ ഹര്‍ജി ഇന്ന് പരിഗണിക്കും. സമിതിയുടെ തീരുമാനം സംബന്ധിച്ച് കര്‍ണാടകം എതിര്‍പ്പ് അറിയിക്കുമെന്നാണ് സൂചന. സുപ്രീംകോടതിയാണ് അന്തിമ തീരുമാനമെടുക്കുന്നത്.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് കര്‍ണാടകത്തില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. സമിതിയുടെ തീരുമാനത്തിന്റെയും പുനഃപരിശോധനാ ഹര്‍ജിയുടെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. പ്രധാന നഗരങ്ങളില്‍ ദ്രുതകര്‍മ സേനയെ വിന്യസിച്ചു. കര്‍ണാടക ചീഫ് സെക്രട്ടറി അരവിന്ദ് ജാധവ്, തമിഴ്‌നാട് ചീഫ് സെക്രട്ടറി ഡോ.പി. രാമ മോഹന റാവു, പുതുച്ചേരി ചീഫ് സെക്രട്ടറി മനോജ് പരിദ എന്നിവരും കേരളത്തിന്റെ പ്രതിനിധിയും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: