കല്‍പ്പറ്റ : സിക വൈറസ് ബാധക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു. കൊതുകു നശീകരണമാണ് ഈ പുതിയ രോഗത്തെ ചെറുക്കാനുള്ള ഏക മാര്‍ഗം. ഇതിന്റെ ഭാഗമായി നാളെ മുതല്‍ 24 വരെ ഊര്‍ജിത ഉറവിട നശീകരണ വാരാചരണം നടത്തും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിലും ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റിന്റെ നേതൃത്വത്തിലും ഈ ദിവസങ്ങളില്‍ കൊതുക് നശീകരണ പ്രവര്‍ത്തികള്‍ നടക്കും. ആശുപത്രികള്‍, ബസ് സ്റ്റോപ്പുകള്‍, ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, സ്കൂള്‍, കോളേജ്, ടയര്‍ റിപ്പയര്‍ ഷോപ്പുകള്‍, നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന സ്ഥലങ്ങള്‍ എന്നിവ പ്രത്യേക നിരീക്ഷണ വിധേയമാക്കും.
ഡെങ്കിപനിക്കും ചിക്കുന്‍ഗുനിയയ്ക്കും സമാനമായ രോഗലക്ഷണങ്ങളാണ് സിക വൈറസ് ബാധക്കുമുള്ളത്. ഈഡിസ് കൊതുകുകളാണ് സിക രോഗം പരത്തുന്നത്. പെട്ടെന്നുള്ള പനി, തലവേദന, ശരീരവേദന, സന്ധികളിലെ വേദന, കണ്ണുകള്‍ക്ക് ചുവപ്പോ, പിങ്കു നിറമോ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. സിക വൈറസ് ബാധിച്ച വ്യക്തിയെ കടിക്കുന്ന ഈഡിസ് കൊതുകുകളില്‍ മൂന്ന് മുതല്‍ ഏഴ് ദിവസത്തിനകം വൈറസ് പെരുകുന്നു. ഒരിക്കല്‍ വൈറസ് ബാധിച്ച കൊതുകിന്റെ വംശപരമ്പരകളിലും ഈ വൈറസ് ഉണ്ടാകും.
ലഘുവായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗമായതിനാല്‍ ആശുപത്രിയെ സമീപിപ്പിക്കുന്നവര്‍ വിരളമാണ്. 80 ശതമാനം ആളുകളിലും രോഗലക്ഷണങ്ങള്‍ പ്രകടമാകാറില്ല. എന്നാല്‍ അവര്‍ രോഗവാഹകരായിരിക്കും. കൂടാതെ ലൈംഗികബന്ധത്തിലൂടെയും രക്തദാനത്തിലൂടെയും ഉമിനീരിലൂടെയും രോഗം പകരുമെന്ന് കണ്ടെത്തിയത് കൂടുതല്‍ ഗൗരവകരമാണ്. ഗര്‍ഭിണികളെ രോഗം ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ തലയോട്ടിക്ക് വളര്‍ച്ചകുറവ് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ സംഭവിക്കാമെന്നതിനാല്‍ ഗര്‍ഭിണികള്‍ അതീവ ജാഗ്രത പാലിക്കണം.
വൈറസ് വാഹകരായ ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ മനുഷ്യനിര്‍മിത സ്രോതസുകളിലാണ് മുട്ടയിട്ട് പെരുകുന്നത്. (സിമന്റ് ടാങ്ക്, പ്ലാസ്റ്റിക് പാത്രങ്ങള്‍, ടയറുകള്‍, പൂച്ചട്ടികള്‍). ആല്ബോപിക്സ്റ്റ്സ് കൊതുകുകളും സിക വൈറസ് ബാധ പരത്താന്‍ സാധ്യതയുണ്ട്. റബ്ബര്‍ ചിരട്ടകള്‍, വീണുകിടക്കുന്ന കമുകിന് പാളികള്‍, ചിരട്ടകള്‍ തുടങ്ങിയ ജലം തങ്ങിനിര്‍ത്തുന്ന സ്രോതസുകളിലും ഇവ വളരാം. അതിനാല്‍ മുഴുവന്‍ സ്രോതസുകളും നശിപ്പിക്കുകയും സുരക്ഷിതമായി നീക്കം ചെയ്യുകയും വേണം. ഓരോ വ്യക്തിയും അവനവന്റെ ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുകയും കൊതുകുകള്‍ വളരാന്‍ സാധ്യതയുള്ള സ്രോതസുകള്‍ കണ്ടെത്തി നശിപ്പിക്കാനും തയ്യാറാകണം. പത്രസമ്മേളനത്തില്‍ ഡെ.ഡി.എം.ഒ. ഡോ. കെ.വി.അലി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അഭിലാഷ്, അര്‍ബണ്‍ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. കെ.എസ്.അജയന്, ബേബി നാപ്പിള്ളി, ഹംസ ഇസ്മാലി, സി.സി.ബാലന്, യു.കെ.കൃഷ്ണന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: