അങ്ങനെ ഓണം കഴിഞ്ഞു. ഓര്‍മകളുടെ തിരുമുറ്റത്ത് പൂക്കളമൊരുക്കി ബാല്യകൗമാരങ്ങളുടെ കുതൂഹലങ്ങള്‍ നാം അയവിറക്കി. സമ്മോഹിതമായ ഓണവഴികളിലെ ആഹ്ലാദങ്ങളില്‍ സ്വാസ്ഥ്യം കൊണ്ടു. എന്നാല്‍ ഇത്തവണ ഒരു ഓണ വിവാദം തിരുവോണത്തിന് തൊട്ടുമുമ്പെ ഉയര്‍ന്നുവന്നു. മഹാബലിയെ വാമനന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്നും വര്‍ഷത്തിലൊരിക്കല്‍ ഭൂമിയിലേക്കെത്താന്‍ എന്‍ഓസി നല്‍കിയെന്നും മറ്റുമുള്ള കഥയാണല്ലോ പ്രചുരപ്രചാരം നേടിയത്. ഓണം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഇക്കഥ പൊടിപ്പും തൊങ്ങലും തൂക്കി നമ്മുടെ മനോമുകുരങ്ങളിലേക്ക് അരിച്ചരിച്ചു വരികയായി. ഇത്തവണ ദേശീയ വാരികയുടെ ഓണപ്പതിപ്പില്‍ ഓണത്തിന്റെ പാടിപ്പതിഞ്ഞ കഥയിലെ അയുക്തിയെ മുന്‍നിര്‍ത്തി ഒരു വീണ്ടുവിചാരമുണ്ടായി.
മോങ്ങാനിരുന്ന ചങ്ങാതിയുടെ തലയില്‍ തേങ്ങ വീണാലെന്ന പോലെ അത് വിവാദത്തിന്റെ പത്മവ്യൂഹത്തില്‍ പെടുകയും ചെയ്തു. അതങ്ങനെയാണല്ലോ. തങ്ങള്‍ എല്ലാം തികഞ്ഞവരെന്ന തരത്തില്‍ പരോഗമനത്തിന്റെ കൊടിക്കൂറയുമായി കുറേപ്പേര് ഉറഞ്ഞുതുള്ളി നടക്കുന്നുണ്ടല്ലോ. അവര്‍ക്ക് മപ്പടിച്ച് രംഗത്തുവരാന്‍ പാകത്തില്‍ ഒരു ലേഖനമുണ്ട് ദേശീയ വാരികയുടെ ഓണപ്പതിപ്പില്‍. പൈതൃകരത്നം ഡോ. കെ. ഉണ്ണികൃഷ്ണന് നമ്പൂതിരി എഴുതിയ തിരുവോണം എന്ന വാമനജയന്തി ആഘോഷം. ഇതിന്റെ പശ്ചാത്തലത്തില്‍ ഹിന്ദുഐക്യവേദി നേതാവ് പരാമര്‍ശവും നടത്തി. അതോടെ ചുവപ്പുകണ്ട കാളയായി നടേ സൂചിപ്പിച്ച വിദ്വാന്മാര്.
ഐതിഹ്യമായാലും ചരിത്രമായാലും നാടോടിക്കഥകളിലെ മിത്തായാലും അതിന്റെ ശാസ്ത്രീയവശത്തെ നുള്ളിക്കീറി പരിശോധിച്ചാല്‍ ഒരു പക്ഷേ, ആഘോഷങ്ങളുടെ പൊലിമ തന്നെയാവും നഷ്ടമാവുക. ഏത് കഥയുടെ പിന്നാമ്പുറത്തും യുക്തിയും അസംബന്ധവും വസ്തുതയും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു തലമുണ്ട്. ഓരോ തലത്തിനും അതിന്റേതായ സ്വരഭേദങ്ങളുണ്ട്; മുഖശോഭയുണ്ട്. പറഞ്ഞു മനസ്സിലാക്കാനാവാത്ത, അനുഭവിച്ചറിയാവുന്ന ഒരു വശമുണ്ട്. അത് മാനവികതയുടെ ഭാവതലങ്ങള്‍ക്ക് താങ്ങാവുമോ എന്നാണ് നോക്കേണ്ടത്.
അത് മനുഷ്യന് സ്വാസ്ഥ്യവും ശാന്തിയും പ്രദാനം ചെയ്യുമോ എന്നാണന്വേഷിക്കേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ ആ വഴിക്കുള്ള ഒരു പദം വെപ്പുപോലും നടത്താതെ മൊത്തം ആക്ഷേപം ചൊരിയുകയായിരുന്നു. ഇക്കാര്യത്തില്‍ വേലിയ്ക്കുള്ളിലുള്ളയാളും പുറത്തുള്ളയാളും ഇരുഭാഗത്തിലും പെടാത്ത ധീരന്മാരും ഒറ്റക്കെട്ട്. ചാതുര്‍വര്‍ണ്യത്തിന്റെ ചത്തുചീര്‍ത്ത വാദങ്ങളാണ് തല്‍പ്പരകക്ഷികള്‍ ഉയര്‍ത്തിക്കാട്ടുന്നതെന്ന് അത്തരക്കാര്‍ അലമുറയിട്ടുകൊണ്ടിരുന്നു.
ദളിതനായ ബലിയെ ചവിട്ടിത്താഴ്ത്തിയ വാമനനെ പൂജിക്കുന്ന സവര്‍ണ സംസ്കാരമായി ഓണത്തെ മാറ്റിമറിക്കുന്നു എന്നായിരുന്നു ആക്ഷേപം. എങ്ങനെയും മാനവികത പൊട്ടിമുളക്കുമ്പോള്‍ അതിനു മുകളില്‍ തിളച്ച വെള്ളം കോരിയൊഴിക്കുന്ന പ്രവണതയുണ്ടല്ലോ. അതാണ് ഇവിടെയും ചുരമാന്തിയത്. ഓണത്തെയും അതുണര്‍ത്തുന്ന വികാരത്തെയും മലിനമാക്കാനുള്ള ഛിദ്രശക്തികളുടെ ഉത്സാഹമാണ് അതില്‍ കണ്ടത്. തൃക്കാക്കരയിലെ വാമനമൂര്‍ത്തി എന്തിന്റെ പ്രതീകമാണ് എന്ന് ആരോപണം ഉന്നയിച്ചവര്‍ വിശദീകരിച്ചില്ല. പണ്ട് ഞാന്‍ പഠിച്ച എല്‍പി സ്കൂളില്‍ ഒരു മാസ്റ്ററുണ്ടായിരുന്നു.
അദ്ദേഹം സ്വര്‍ഗസ്ഥനായി. അദ്ദേഹം പറയുന്ന ഒരു കാര്യമുണ്ട്. പശുവിനെക്കുറിച്ച് നാലുവരി എഴുതാന്‍ പറഞ്ഞാല്‍ പശുവിനെ കൊണ്ടുപോയി തെങ്ങില്‍കെട്ടി, തെങ്ങിനെക്കുറിച്ച് എഴുതുന്ന പരിപാടി വേണ്ടെന്ന്. ഇവിടെയും അത് സംഗതമാണ്. ഓണത്തെക്കുറിച്ചുള്ള സുന്ദര സങ്കല്പങ്ങളില് പ്രവമുഖസ്ഥാനമുള്ള വാമനന് ശരിക്കും ആരാണെന്നോ, അതുയര്‍ത്തുന്ന സന്ദേശമെന്തെന്നോ ആരോപണക്കാര്‍ക്ക് മനസ്സിലായിട്ടില്ല. അതുകൊണ്ടാണ് പിണറായിക്കാരനും കോടിയേരിക്കാരനും മണലൂരുകാരനും കട്ടയും കമ്പിപ്പാരയുമായി മപ്പടിച്ച് രംഗത്ത് വന്ന് പേശിവിറപ്പിച്ചത്. അവരോടുകൂടിയാണ് നമ്മുടെ ഉണ്ണികൃഷ്ണന് നമ്പൂതിരി ഇങ്ങനെ പറയുന്നത്:
പുരാണങ്ങില്‍ വിശ്വസിക്കുവാനും വിശ്വസിക്കാതിരിക്കുവാനും ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ നമ്മുടെ വിലപ്പെട്ട നിധികളായ അവയെ വികലവും വികൃതവുമായി ചിത്രീകരിക്കുന്നത് തികച്ചും അപലപനീയമാണ്. അടുത്തകാലത്തായി ഹൈന്ദവ പുരാണങ്ങളിലെ കഥാപാത്രങ്ങളെയും നമ്മുടെ ആദര്‍ശ മൂര്ത്തികളെയുമെല്ലാം വികൃതമായി ചിത്രീകരിക്കുന്ന, പരിഹസിക്കുന്ന പ്രവണത പതിവാക്കിയിരിക്കുന്നു. ഈ ദുഷ്പ്രവണതയെ ശക്തിയായും യുക്തിയുക്തമായും ചെറുത്ത് തോല്‍പ്പിക്കേണ്ടത് ആദര്‍ശധീരരായ ദേശാഭിമാനികളുടെ കര്‍ത്തവ്യമാണ്. അത് നിര്‍വഹിക്കാന്‍ സടകുടഞ്ഞെഴുന്നേല്‍ക്കുമെന്ന് പ്രത്യാശിക്കുക.
*********
സന്തോഷത്തില്‍ നിന്നല്ല കവിത പിറക്കുന്നതെന്നതിന് ആദികവി തന്നെ ഉദാഹരണം. ഇവിടെ ആധുനിക കവിയും അത് ശരിവെക്കുന്നു. കവിതയുടെ അനുതാപമാര്‍ന്ന അമ്മ മനസ്സുള്ള സുഗതകുമാരിയും പറയുന്നു, സന്തോഷത്തില്‍ നിന്ന് കവിതയെഴുതിയതായി ഓര്‍മയില്ലെന്ന്. ഓ.പി. സുരേഷ് സുഗതകുമാരിയുമായി നടത്തുന്ന ദീര്‍ഘഭാഷണം മാതൃഭൂമി ഓണപ്പതിപ്പില്‍. 28 പേജിലെ സുന്ദരമായ ഒരു കവിത തന്നെയാണത്. സുഗതകുമാരി വെറുമൊരു കവിയല്ല. ഒരു സ്പന്ദനമാണ്, നിലയ്ക്കാത്ത സിംഫണിയാണ്.
മാനവികതയും പരിസ്ഥിതിയും കെട്ടുപിണഞ്ഞുകിടക്കുന്ന അവസ്ഥകളിലൂടെ അടിവെച്ചടിവെച്ച് സുഗത നടന്നുപോകുമ്പോള്‍ സമൂഹത്തില്‍ ഒരാശ്വാസത്തിന്റെ മന്ദമാരുതന് തഴുകിപ്പടരുകയാണ്. വിവാദങ്ങള്‍ക്കപ്പുറത്ത്, വിവേകികള്‍ക്ക് പ്രതീക്ഷയും നിസ്സഹായര്‍ക്ക് കൈത്താങ്ങുമായി ആ മാതൃവാത്സല്യം ഭൂമീദേവിയുടെ ക്ഷമാപൂര്‍ണമായ കരുതിവെപ്പായി മാറുകയാണ്. മുറിവേറ്റ മനസ്സില്‍ നിന്ന് ചോരകിനിയുമ്പോഴും അശാന്തിയുടെ ഭൂതാവേശിതരായ നിരാലംബരുടെ കണ്ണീരു തുടയ്ക്കാനാണ് ആ കൈകള്‍ നീളുന്നത്. എന്റെ മനസ്സിന് ഒരുപാട് താപമുണ്ടാക്കിയ വ്യക്തികളുണ്ട്. സംഭവങ്ങളുണ്ട്. സ്ഥാപനങ്ങളുണ്ട്.
കവിത മാത്രമായിരുന്നില്ലല്ലോ ജീവിതം. കവിത മാത്രമായിരുന്നെങ്കില്‍ പണ്ട് നായനാര്‍ ചോദിച്ച പോലെ (ആ സ്ത്രീക്ക് വീട്ടിലിരുന്ന് മര്യാദയ്ക്ക് കവിതയെഴുതിക്കൂടേ?) അങ്ങനെ മതിയായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ സ്വസ്ഥമായിരുന്നേനെ എന്റെ ജീവിതം. അസ്വസ്ഥത നാലുപാടും തിടംവെച്ചു തുള്ളുമ്പോള്‍ ഈ കവിയ്ക്ക് അങ്ങനെ സ്വസ്ഥമായിരിക്കാന്‍ കഴിയില്ല. അങ്ങനെ കഴിഞ്ഞാല്‍ സുഗത, സുഗതകുമാരിയെന്ന കവിയാവുകയുമില്ല. അട്ടപ്പാടിയിലായാലും ആറ്റുവക്കിലായാലും അവരുടെ ചാഞ്ചല്യമില്ലാത്ത നിലപാടുകള്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്ക് എന്നും ഭീഷണി തന്നെയാണ്. ഒരിക്കലും സ്വാസ്ഥ്യം തരാതെ സുഗതകുമാരിയെ പിടികൂടിയത് സൈലന്റ്വാലിയാണ്. അതിനെക്കുറിച്ചു പറയുന്നത് നോക്കൂ: അവിടുന്നു തുടങ്ങി. പിന്നെ എനിക്കൊരിക്കലും ജീവിതത്തില്‍ സ്വാസ്ഥ്യമുണ്ടായിട്ടില്ല. സൈലന്റ്വാലി മുതല്‍ ആറന്മുള വരെ എന്ന് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത് ഇപ്പോള്‍ അതിരപ്പിള്ളി വരെ എന്നായിരിക്കുന്നു. എവിടെ നിസ്സഹായത തന് നിലവിളിയുയരുന്നുവോ, അവിടൊക്കെയെത്തിയൊരിത്തിരി കണ്ണീര് തുടയ്ക്കാന്‍ കഴിവതേ പുണ്യം എന്ന നിലപാടാണ് സുഗതടീച്ചര്ക്കുള്ളത്. മലയാളത്തിന്റെ സുകൃതസാന്നിധ്യമല്ലേ അവര്‍. ടീച്ചറെ അടുത്തറിയാന്‍ കഴിയുന്ന ഒരു വഴിയായി ഓണപ്പതിപ്പിലെ ദീര്‍ഘഭാഷണം അനുഭവപ്പെടും, തീര്‍ച്ച.
*********
അധികാരം കിട്ടുമെങ്കില്‍ ഏത് അപമാനത്തിനും നിന്നുകൊടുക്കാം എന്നൊരു രീതിയിലേക്ക് വേലിക്കിലാന് വേച്ചുവേച്ചെത്തിയെന്നു തോന്നുന്നു. ഇനിയും കസര്‍ത്തുമായി നടന്നാല്‍ സ്ഥിതിഗതികള്‍ പന്തിയല്ലാത്തിടത്തേക്ക് നിലതെറ്റി വീഴാനും സാധ്യതയുണ്ട്. ആരൂഢം ആയ നിലയ്ക്ക് എല്ലാം പൊളിച്ചടുക്കാന്‍ തന്നെ തീരുമാനിച്ചുറപ്പിച്ച മട്ടാണ്. അതിന്റെയൊരു ശരീരഭാഷ അടുത്തിടെ കണ്‍കുളിര്‍ക്കെ കാണാനാവുന്നുണ്ട്. ഭാവിയില്‍ എന്തൊക്കെയാവുമെന്ന് സഗീര്‍ വരച്ചുകാണിക്കുന്നു ചന്ദ്രിക പത്രത്തില്‍. കാണാന്‍ പോണ പൂരം പറഞ്ഞറിയിക്കണ്ട എന്നാണല്ലോ. അത് അങ്ങനെ തന്നെ ആവട്ടെ.
തൊട്ടുകൂട്ടാന്‍
ഇങ്ങനെ
കൊത്തിനുറുക്കപ്പെടുവാന് മാത്രം
പഴഞ്ചനായിപ്പോയ ജീവിതത്തില്‍
ഒന്നു നിവര്ന്നുനില്ക്കുന്നതെങ്ങനെ
ഭാഷയും ക്രിയയും മൂര്ച്ചകൂട്ടുന്നതെങ്ങനെ
-അതായിരുന്നു അവന്റെ പ്രശ്നം
ദേശമംഗലം രാമകൃഷ്ണന്
കവിത: അതായിരുന്നു അവന്റെ പ്രശ്നം
സമകാലികമലയാളം (ഓണപ്പതിപ്പ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: