ബാലന് തുടങ്ങിയത് തിരുവനന്തപുരത്തുകാരനായ എ.സുന്ദരംപിള്ള ആയിരുന്നു. സാമ്പത്തിക കണക്കുകള്‍ പിഴച്ചതുമൂലമുള്ള ഞെരുക്കവും ചലച്ചിത്രേതര വ്യാപനങ്ങളിലേക്കുള്ള വ്യതിഭ്രംശവും മൂലം ചിത്രം മുടങ്ങിപ്പോകുമെന്ന അവസ്ഥ വന്നപ്പോള്‍ ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിച്ച ആലപ്പി വിന്‍സന്റ് (പ്രശസ്ത നടനായിരുന്ന സെബാസ്റ്റിന് കുഞ്ഞുകുഞ്ഞു ഭാഗവതരുടെ അനുജന്) മുന്‍കൈയെടുത്ത് പുനരേകോപിപ്പിച്ചതിന്റെ ഫലമായി സേലത്തെ മോഡേണ്‍ തിയ്യേറ്റേഴ്സിന്റെ ഉടമയായ ടി.ആര്. സുന്ദരം നിര്‍മാണ ചുമതല ഏറ്റെടുത്ത് ചിത്രം പൂര്‍ത്തിയാക്കി. അതുകൊണ്ട് ‘ബാലന്’ അറിയപ്പെട്ടത് ടി.ആര്. സുന്ദരത്തിന്റെ ചിത്രം എന്ന നിലയിലായി.
നിര്‍മാണ കാലഘട്ടങ്ങളിലെ പരീക്ഷണ സന്ധികളെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ ആലപ്പി വിന്‍സന്റ് വാചാലനായിരുന്നു. എന്റെ പിതാവിന്റെ സഹപാഠിയും എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിലെ റൂംമേറ്റുമായിരുന്നു അദ്ദേഹം. സിനിമയോടുള്ള അഭിനിവേശത്തിന്റെ പുറകെ അലഞ്ഞ് ഒരു ജന്മം മുഴുവനും സമര്‍പ്പിച്ചിട്ടും എങ്ങുമെത്താതെ കടന്നുപോയി. കോണ്‍ഗ്രസ് കക്ഷിയിലെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം കുറച്ചുകാലം നിയമസഭാ സാമാജികനായിരുന്നു. കമ്യൂണിസ്റ്റ് ചേരിയിലായിരുന്നുവെങ്കിലും ടി.വി.തോമസ് അടുത്ത സുഹൃത്തായിരുന്നു. ആ സൗഹൃദത്തിന്റെ തണലിലാണ് ആലപ്പി വിന്‍സന്റിന്റെ ചലച്ചിത്ര ജീവിതത്തിന് രണ്ടാമൂഴമുണ്ടാകുന്നത്. അതിലേക്കും അതുകഴിഞ്ഞുണ്ടായ മൂന്നാം ഊഴത്തിലേക്കും പിന്നെയുള്ള അവഗണനയുടെ തുടര്‍ നാളുകളിലേക്കും പിന്നീട് വരാം.
ഇതിപ്പോള്‍ ഒന്നാം ഊഴത്തിന്റെ പര്‍വ്വം. ശബ്ദചിത്രമായതുകൊണ്ട് സംഭാഷണ ഭാഗങ്ങള്‍ ഷൂട്ടിങ്ങിന്റെ കൂടെ തത്സമയം ശബ്ദലേഖനം ചെയ്താണ് നിര്‍മാണം. ആദ്യത്തെ സംഭാഷണ ശകലം ഉരുവിട്ടത് ആലപ്പി വിന്‍സന്റാണ്. മലയാള സിനിമയുടെ ശബ്ദരേഖയില്‍ ആദ്യമുയര്‍ന്ന മനുഷ്യശബ്ദം ആലപ്പി വിന്സന്റിന്റേതായി.
എന്തായിരുന്നു ആ സംഭാഷണ ശകലം എന്നുകൂടി കേള്‍ക്കുക.
”ചിയേഴ്സ്!”
തിരുവനന്തപുരത്തിനും നാഗര്കോവിലിനുമിടക്കുള്ള പ്രാന്തപ്രദേശത്തുനിന്നാണ് എ.സുന്ദരംപിള്ള സിനിമയില്‍ ഭാഗ്യപരീക്ഷണത്തിനായി വന്നത്. ജെ.സി.ദാനിയേലിന്റെ വരവും ആ ദിശയില്‍നിന്നായിരുന്നു. അതുകൂടി മനസ്സില്‍ കണ്ടുകൊണ്ട് ആലപ്പി വിന്‍സന്റ് പറയുമായിരുന്നു:
”നാഗര്‍കോവിലില്‍ നിന്നുവന്ന കാറ്റിന്റെ ഓരം പിടിച്ചാണ് മലയാള സിനിമ ആദ്യം പിച്ചവച്ചത്!”
‘വിധിയും മിസ്സിസ് നായരും’ എന്ന പേരില്‍ താന്‍ തന്നെ എഴുതിയ കഥയുമായിട്ടായിരുന്നു സുന്ദരം പിള്ളയുടെ ചലച്ചിത്ര നിര്‍മിതിക്കുള്ള പുറപ്പാട്.
മദിരാശിയിലെത്തി അദ്ദേഹം കലാഭിരുചിയുള്ള മലയാളികളെ ഏകോപിപ്പിച്ച് മലയാളി അസോസിയേഷന് രൂപം നല്കി. ചിത്ര നിര്‍മാണത്തിനുവേണ്ട ധനസമാഹരണമായിരുന്നു ലക്ഷ്യം.
ഞാന്‍ ആലപ്പി വിന്‍സന്റിനോട് ചോദിച്ചിട്ടുണ്ട് ആരുടേതായിരുന്നു ആ ബുദ്ധി എന്ന്. കണ്ണുകളിറുക്കി ദുഃഖസ്മൃതികളുടെ പുറത്ത് വിടര്‍ത്തിയ ഒരിളകിച്ചിരിയായിരുന്നു മറുപടി.
ബാലനില്‍ പാട്ടുകളുണ്ടായിരുന്നു; ധാരാളം. പക്ഷെ പ്ലേബാക്ക് സംവിധാനം പ്രാബല്യത്തില്‍ വന്നിട്ടില്ല. അതുകൊണ്ട് സംഭാഷണം പോലെ തന്നെ പാട്ടും തത്സമയം പാടി ശബ്ദലേഖനം ചെയ്യണം. പാട്ടുപാടി അഭിനയിക്കേണ്ട വേഷങ്ങളില്‍ ഗായകര്‍ കൂടിയായ നടന്മാര്ക്കായി പരിഗണന. കഥാപ്രസംഗവേദിയിലെ പെരുമയുമായി കെ.കെ.അരൂര്‍ ‘ബാലനി’ല്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഇടവന്നത് അങ്ങനെയാണ് എം.കെ.കമലമായിരുന്നു നായിക. കമലത്തെ വൈക്കത്തെ വീട്ടില്‍ ചെന്ന് അവരുടെ ജീവിതസായാഹ്നത്തില്‍ കണ്ടു സംസാരിക്കാന്‍ എനിക്കവസരമുണ്ടായി. ഗാനരംഗങ്ങള്‍ ചിത്രീകരിക്കുമ്പോഴുള്ള രസകരമായ അനുഭവങ്ങള്‍ അവര്‍ പറഞ്ഞതു ഞാനോര്‍ക്കുന്നു.
ഉപകരണ സംഗീത വിഭാഗത്തിന്റെ വാപനവും ഷൂട്ടിങ് വേളയില്‍ നടീനടന്മാരുടെ ആലാപനത്തോടൊപ്പം തത്സമയം വേണം ശബ്ദലേഖനം. അതേസമയം അവര്‍ ഫ്രെയിമില്‍ ഉള്‍പ്പെടാനും പാടില്ല. ക്യാമറയുടെ ചലനങ്ങള്‍ക്കൊത്ത് ചിത്രീകരണ വ്യാപ്തി(ഫീല്‍ഡ്)യില്‍പ്പെടാതെ ഒഴിഞ്ഞൊഴിഞ്ഞു നീങ്ങിയും മാറിയും വേണം ഉപകരണ സംഗീതകാരന്മാരുടെ വാപനം. ഹാര്മോണിസ്റ്റും വയലിനിസ്റ്റും തബലിസ്റ്റുമെല്ലാം ക്യാമറയില്‍ പെടുന്നില്ലെന്നുറപ്പുവരുത്തി. എന്നാല്‍ അതിനുള്ള ബദ്ധത വാപനത്തില് ഇടര്‍ച്ചവരുത്താതെ ഞെളിഞ്ഞും ഏങ്കോണിച്ചും പുളഞ്ഞും തല്കര്മ്മം നിവര്‍ത്തിക്കുന്നതു കാണുമ്പോള്‍ കൗമാരത്തിനും യൗവ്വനത്തിനുമിടയിലുള്ള ഇടസന്ധിയിലെത്തി നിന്നിരുന്ന കമലത്തിന് ചിരിയടക്കുവാന്‍ കഴിയില്ല. ഗാനാലാപനത്തിനിടയില്‍ ചിരിച്ചാല്‍ അത്രയും ഫിലിം നഷ്ടം.
”കോപാകുലനായ (സംവിധായകന്) എസ്. നൊട്ടാണി സാര്‍ നല്ല നുള്ളും അതു ഫലിക്കാതെ വരുമ്പോള്‍ ചുട്ട പിടയും വച്ചുതരും!”
നൊട്ടാണി സാര്‍ സ്വന്തം കുടുംബത്തിലെ കുട്ടികളെ ശിക്ഷിക്കുന്നതില്‍ കൂടുതല്‍ ശിക്ഷിച്ചിട്ടുണ്ടാവുക എന്നെയാവും!
ഏതാനും വര്‍ഷം മുമ്പാണ് സംസാരിക്കുന്ന മലയാള സിനിമയിലെ ആദ്യനായിക മരിച്ചത്. മരണമന്വേഷിച്ച് ചലച്ചിത്ര അക്കാദമിയുടെ ഒരുദ്യോഗസ്ഥ പ്രതിനിധിയല്ലാതെ സിനിമിയില്നിന്ന് പ്രമുഖരാരും വന്നില്ലെന്നു ശവദാഹ വേളയില്‍ അവിടെയെത്തിയ നിര്‍മാതാവ് ജെ.ജെ. കുറ്റിക്കാടിനോട് നാട്ടുകാര്‍ പരാതിപ്പെട്ടതോര്‍ക്കുന്നു.
സിനിമയുടെ രീതി വഴക്കങ്ങള്‍ അങ്ങനെയായിരുന്നു! ആദ്യ ശബ്ദചിത്രം എന്ന ചരിത്രപ്രാധാന്യം ഒഴിച്ചുനിറുത്തിയാല്‍ ‘ബാലന്’ മറ്റൊരു വിധത്തിലും പരിഗണനാര്ഹമാവുകയോ വിജയിക്കുകയോ ചെയ്തതായറിവില്ല. അതേ കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ട മറ്റു ഭാഷാ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ‘ബാലന്റെ’ നിലവാരം എന്തായിരുന്നു?
1938 ആയിരുന്നു വര്‍ഷം. പരസ്യങ്ങളുടെ ചില ശകല ബാക്കികള്‍ പുരോശേഖരങ്ങളില് കാണാന്‍ കഴിഞ്ഞിട്ടുണ്ട്; ഏതാനും ഫോട്ടോഗ്രാഫറുകളും.
ചിത്രം കണ്ട ചിലര്‍ അതേക്കുറിച്ചെഴുതിയതുവായിച്ചിട്ടുണ്ട്. ‘വിഗതകുമാരന്’ കണ്ടു എന്ന് പന്തളം കെ.പിയും ആലപ്പുഴയില്‍ വച്ചാണ് ചിത്രം കണ്ടതെന്ന് നാഗവള്ളി ആര്.എസ്. കുറുപ്പും എഴുതിയതു വായിക്കുമ്പോള്‍ അതില്‍ പ്രകടമായിരുന്ന സിനിമയെന്ന മായക്കാഴ്ചയുടെ മുമ്പില്‍ ആദ്യമായെത്തിയപ്പോഴുള്ള വിസ്മയപ്രകാശനത്തില്ക്കവിഞ്ഞൊന്ന് ഈ എഴുതിയതിലും കാണാനായില്ല.
സ്വരൂപിക്കാന്‍ കഴിഞ്ഞ ചില പരാമര്‍ശങ്ങളുടെ കേള്‍വി കൈമാറലുകളില്‍ നിന്ന് എഴുതപ്പെട്ട കുറിപ്പുകളിലെ വരികള്‍ക്കിടയിലെ വായനയില്‍ നിന്ന് ഏകോപിപ്പിച്ചെടുക്കാന്‍ കഴിയുന്നത് അഭിമാനകരമോ തൃപ്തികരമോ ആയ നിലവാരം ‘ബാലന്’ പുലര്‍ത്തിയിരുന്നില്ല എന്നാണ്. ടി.ആര്.സുന്ദരത്തിന്റെ അന്നത്തെ ചെറുതായെങ്കിലുമുള്ള അനുഭവപരിചയവും (പിന്നീടദ്ദേഹം പ്രാമാണിക സംവിധായകനായി) മോഡേണ്‍ തിയ്യേറ്ററുകളിലെ സാങ്കേതിക പിന്‍ബലവും സംവിധായകനായ എസ്. നൊട്ടാണിയുടെ വിധാന നിര്‍ദ്ദേശവും മൂലം അന്ന് പ്രാപ്യമായിരുന്ന വ്യാകരണചിട്ടകളുടെ സ്പര്‍ശം ‘ബാലനി’ല്‍ പ്രത്യക്ഷമായിരുന്നിരിക്കാം.
സാമൂഹ്യകഥയായിരുന്ന പ്രമേയം. അന്നാളുകളില്‍ പക്ഷേ വാതില്‍പ്പുറ ചിത്രീകരണത്തിന് പ്രായോഗിക വിഷമങ്ങളുണ്ടായിരുന്നു. നാടകക്കൊട്ടകയിലായിരുന്നില്ല ചിത്രീകരണം. സ്റ്റുഡിയോ ഫ്ളോറുകളിലെ സെറ്റുകളെയാണ് ആശ്രയിച്ചിരുന്നത്. കൊച്ചു കൊച്ചു രംഗങ്ങളായി വിഭജിച്ചെഴുതിയ നാടകത്തെ തുണ്ടുകളായി പകര്‍ത്തി സന്നിവേശിപ്പിച്ചു ചിത്രമാക്കുകയായിരുന്നു. താരതമ്യ തലത്തില്‍ അന്നത്തെ വഴക്കം അതായിരുന്നിരിക്കാം. എങ്കിലും അതിനാടകീയത മുറ്റി നില്ക്കും വിധമായിരുന്നു മുഹൂര്‍ത്ത സൃഷ്ടി. അത്രയും മെലോഡ്രാമയുടെ വഴുകുന്ന തിട്ടയിലൂടെ തന്നെയായിരുന്നു പ്രമേയ ഗാത്രത്തിന്റെ പ്രയാണം. ചിത്രീകരണത്തിലും ആ വഴി പ്രാമുഖ്യം തേടുക, നേടുക സഹജം, സ്വാഭാവികം.
ആലപ്പി വിന്‍സന്റ് ഒരിക്കലും തന്റെ ആദ്യ ചലച്ചിത്ര ബാന്ധവത്തോടുള്ള വൈകാരികമായ ബദ്ധതയുടെ പേരില്‍ ചിത്രത്തെ തള്ളിപ്പറഞ്ഞിട്ടില്ല. മേല്‍ നിരീക്ഷണങ്ങളെ നിരാകരിക്കാതിരിക്കാനുള്ള സത്യസന്ധതയും ആ നല്ല മനസ്സിനു ബാക്കി സ്വന്തമായിരുന്നു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: