വ്യത്യസ്തത പുലര്‍ത്തുന്ന വ്യക്തിയാകുക എന്നത് ശ്രമകരമാണ്. കഠിന പ്രയത്നത്തിന്റെ ഫലമായി അത്തരത്തിലൊരാളായി മാറിയിരിക്കുകയാണ് കരുനാഗപ്പള്ളി സ്വദേശി അനി വര്‍ണ്ണം. കരുനാഗപ്പള്ളി പട നോര്‍ത്ത് വര്‍ണ്ണത്തില്‍ കരുണാകരന്- പൊന്നമ്മ ദമ്പതികളുടെ അഞ്ചു മക്കളില്‍ നാലാമനാണ് അനി വര്‍ണ്ണം. കൂലിപ്പണിക്കാരനായ അച്ഛനെ സഹായിക്കാന്‍, പഠന കാലത്തും കൂലിവേലയ്ക്ക് പോയിട്ടുള്ള അനി വര്ണ്ണന് ചിത്രകലയിലുള്ള വാസന തിരിച്ചറിഞ്ഞ സഹോദരന് ബാബുവാണ് ചിത്രകലാ അദ്ധ്യാപകനായ രാജേന്ദ്രന്റെയടുത്ത് ചിത്രരചന പഠിയ്ക്കാന്‍ വിട്ടത്.
ചിത്രരചനയില്‍ അനി വര്‍ണ്ണന്റെ കഴിവ് മനസ്സിലാക്കിയ രാജേന്ദ്രന്, മറ്റു ജോലികളില്‍ നിന്ന് പിന്തിരിഞ്ഞ് ചിത്രരചനയില്‍ ശ്രദ്ധിയ്ക്കാന്‍ ഉപദേശിച്ചു. പ്രീഡിഗ്രി പഠനശേഷം ആറു വര്‍ഷത്തോളം ചിത്രകലാ പഠനം നടത്തി. തുടര്‍ന്ന് സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളെ ചിത്രകല അഭ്യസിപ്പിച്ചു. ‘വര്‍ണ്ണം ചിത്രരേഖ സ്കൂള്‍ ഓഫ് ആര്‍ട്ട്സ്’ എന്ന പേരില്‍ ചിത്രകലാ സ്ഥാപനം ആരംഭിച്ചു. മുന്നൂറിലധികം കുട്ടികള്‍ ഇവിടെ പഠിക്കുന്നു.
ചിത്രരചനയില്‍ പ്രാവീണ്യം നേടിയെങ്കിലും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്നായിരുന്നു അനി വര്‍ണ്ണന്റെ ആഗ്രഹം. അതുകൊണ്ടാണ് ഓടിക്കൊണ്ടിരുന്ന ബൈക്കിലിരുന്നു പടം വരയ്ക്കുവാനും മൂക്കുകൊണ്ടും പിന്നെ നാക്കുകൊണ്ടും പടം വരക്കുവാനും തുടങ്ങിയത്. വിരലുകള്‍ക്കിടയില്‍ തിരുകിയ ബ്രഷുപയോഗിച്ചുള്ള വരയല്ല അനി വര്‍ണ്ണനെ വേറിട്ടുനിര്‍ത്തുന്നത്, നാക്കുപയോഗിച്ചുള്ള വരയാണ്. നാക്കുപയോഗിച്ച് ചിത്രം വരയ്ക്കുന്നവര്‍ ലോകത്ത് എവിടെയും ഇല്ല. ഇത്തരത്തില്‍ അനിവര്ണ്ണന് 1238 ചിത്രങ്ങളാണ് വരച്ചു തീര്‍ത്തത്. കൂടാതെ കൈകൊണ്ട് 17000 ചിത്രങ്ങളും.
നാക്കുപയോഗിച്ച് ചിത്രം വരക്കുന്നത് ഏറെ ശ്രമകരമാണെന്നു അനിവര്ണ്ണന് പറയുന്നു. ക്യാന്‍വാസും കണ്ണുമായി സെന്റിമീറ്ററിന്റെ വ്യത്യാസമേയുള്ളു. ഒരു കണ്ണ് അടച്ചുപിടിച്ചാണ് വര. ചായം നാക്കുകൊണ്ട് എടുക്കുന്നതിനാല്‍ അതിന്റെ അംശം അറിയാതെയുള്ളില്‍ പോകും. ഇതുമൂലം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതായും ഇദ്ദേഹം പറയുന്നു. വ്യത്യസ്തത ഇഷ്ടപ്പെടുന്ന അനി വര്ണ്ണന് മാസ്റ്റര്‍ പീസായ നാക്കു കൊണ്ടുള്ള വര തുടരും.
കഴിഞ്ഞ 17 വര്‍ഷമായി ചിത്രകലാരംഗത്തുള്ള അനി വര്ണ്ണന് പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2000 ത്തില്‍ യുവ ചിത്രകാരനുള്ള സംസ്ഥാന അവാര്‍ഡാണ് ആദ്യത്തേത്. തുടര്‍ന്ന് 2008, 2009, 2010 വര്‍ഷങ്ങളില്‍ ഓള് ഇന്ത്യാ സിറ്റിസണ്‍സ് ഡവലപ്മെന്റ് സെന്റര്‍ നല്കുന്ന ദേശീയ തലത്തിലുള്ള ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് ലഭിച്ചു. 2016 ല്‍ യുആര്‍എഫ് ഏഷ്യന്‍ റെക്കോഡും നേടി. 2008 ല്‍ കൊറിയന്‍ ചാനലിനുവേണ്ടിയും 2010 ല്‍ ജപ്പാനില്‍ വച്ച് പി.സി.വി ചാനലിനുവേണ്ടിയും ഡോക്യുമെന്ററി ചെയ്തു. അടുത്ത പടിയായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡില്‍ നേട്ടങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള ഒരുക്കത്തിലാണ്. അദ്ധ്യാപികയായ സുമിതയാണ് ഭാര്യ. മകന് മൂന്നു വയസുള്ള അഭിമന്യു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: