ഒരു സ്ഥാനത്തിരുന്നയാളെ മറ്റൊരു സ്ഥാനത്ത് ഇരുത്തുമ്പോള് സാമാന്യമര്യാദയൊക്കെ വേണ്ടേ എന്നാണ് ചോദ്യം. കാരണമില്ലാതെ നമ്മുടെ കണാരേട്ടന് ചോദ്യങ്ങളുന്നയിക്കില്ല. ചിലപ്പോള്‍ ഉത്തരം കിട്ടില്ലെന്ന പൂര്‍ണബോധ്യത്തോടെയും ചോദിച്ചുകളയും. അതാ, അദ്ദേഹത്തിന്റെയൊരു സ്റ്റൈല്‍. കാര്യം വേലിക്കുള്ളിലെന്ന് സകലര്‍ക്കും അറിയാമെങ്കിലും അങ്ങനെ ഭാവിച്ചിരുന്നില്ല. എല്ലാത്തിനും അതിന്റെ സമയമുണ്ടെന്നാണല്ലോ. അങ്ങനെ സമയം വന്നെങ്കിലും സ്ഥിതിഗതികള്‍ പന്തിയല്ലാത്ത പരുവത്തിലാണുള്ളത്. നേരത്തെ രണ്ടക്ഷരം പറഞ്ഞിരുന്നെങ്കില്‍ അത് നാലും നാല്‍പതുമാക്കിക്കൊടുക്കാന്‍ പരിവാരങ്ങള്‍ അനേകമായിരുന്നു. ഇന്നാണെങ്കില്‍ വിളിച്ചിട്ട് മരുന്നിനുപോലും ഒരുത്തന് തിരിഞ്ഞുനോക്കുന്നില്ല. വാര്‍ത്തയ്ക്ക് സ്കോപ്പില്ലെന്നും ടാംറേറ്റ് കുറവാണെന്നുമാണ് പറയുന്നത്. ഇതൊക്കെ നേരത്തെ ചിലര്‍ ഭംഗിയായി കണ്ടെത്തിയതിനാല്‍ ഇനി എന്തു ചെയ്യണമെന്ന് ഒരു നിശ്ചയമില്ല. അങ്ങനെയുള്ള കാലത്താണ് നമ്മുടെ കണാരേട്ടന്റെ ചോദ്യം തീയുണ്ടപോലെ പാഞ്ഞുവരുന്നത്.
ഭരണത്തിലേക്കുള്ള ചവിട്ടുപടിയെന്ന നിലയില്‍ ട്രേഡ്യൂണിയനുകള്‍, സര്‍വീസ് സംഘടനകള്‍ മുതല്‍ സകലമാന തേരാപാരകളെയും പരിഗണിച്ചിട്ടുണ്ട്. ആവുന്നത്ര വാഗ്ദാനപ്പെരുമഴകളും ഉണ്ടായിട്ടുണ്ട്. ഭരണത്തിലേറിക്കഴിഞ്ഞാല്‍ അതൊക്കെ വള്ളിപുള്ളി വിസര്‍ഗം വിടാതെ നടപ്പാക്കണമെന്ന് ഭരണഘടനയില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. എന്നു മാത്രമല്ല, അതൊക്കെ നടപ്പാക്കാതെ എങ്ങനെ ഭരണം മുന്നോട്ടുകൊണ്ടുപോകാമെന്നതിനെക്കുറിച്ച് സുന്ദരമായ കീഴ്വഴക്കങ്ങളുമുണ്ട്. ചുള്ളന്മാര് നാടൊട്ടുക്കും ഓടിപ്പാഞ്ഞു കാര്യങ്ങള്‍ കരുപ്പിടിപ്പിക്കുന്ന വേളയില്‍ കുഴമ്പുമിട്ട് വഴങ്ങാത്ത കാലുകൊണ്ട് നാലുകാതം നടക്കാന്‍ പറ്റാത്തവരെ എല്ലാത്തിന്റെ മുമ്പിലും നിര്‍ത്തുക എന്നു പറഞ്ഞാല്‍ നടപ്പുള്ള കാര്യമല്ല. അതുകൊണ്ടാണ് ഒരു ഒണററിപദവി കല്‍പ്പിച്ചുണ്ടാക്കി വകവെച്ചുകൊടുത്തത്. തറവാട്ടു സ്വത്തില്‍ നിന്ന് വീതിച്ചുകൊടുക്കേണ്ടാത്തതിനാല്‍ കൊടിയും കൊട്ടാരവും ഒക്കെ ഇഷ്ടദാനമായി നല്‍കുകയും ചെയ്തു. എന്നാല്‍ അത് പോരെന്ന് അലമുറയിട്ടാല്‍ ഒപ്പം ചേരാന്‍ പറ്റുമോ?
ഭരണപരിഷ്കാര കമ്മിഷന് എന്നതു തന്നെ ഒരു പരിഷ്കാരമാണ്. പുതിയൊരു രീതിവരുമ്പോള്‍ അതിന്റെ ശരീരവടിവുകള്‍ക്കനുസരിച്ച് മാറുക എന്നതാണ് അഭികാമ്യം. എന്റുപ്പാപ്പയ്ക്ക് ആറാന ഉണ്ടായിരുന്നു എന്ന തരത്തില്‍ ബലംപിടിച്ചാല്‍ ആടുകൈവശമുള്ളവനോടുള്ള ആദരവുപോലും കിട്ടില്ല. സെക്രട്ടറിയേറ്റിനുള്ളില്‍ തന്നെ സകലര്‍ക്കും കുടിപാര്‍ക്കണമെന്നു വന്നാല്‍ അതങ്ങ് അനുവദിച്ചുകൊടുക്കാനാവുമോ? പാര്‍ട്ടി വളര്‍ത്തിയെന്നും അതിനായി ത്യാഗങ്ങള്‍ സഹിച്ചെന്നും മറ്റും ശരിയായിരിക്കാം. എന്നാല്‍ അതിന്റെ പേരില്‍ എല്ലാകാലവും മുന്‍ഗണന നല്‍കാനാവില്ല. പ്രോട്ടോകോള്‍ എന്നൊരു സംഗതിയുണ്ട്. അതനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോവും.
ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ പറയാന്‍ മുമ്പിലെത്തുമ്പോള്‍ താപ്പാനയാണെന്ന് പറഞ്ഞ് പേശിവിറപ്പിച്ചിട്ട് ഒരു ഗുണവുമില്ല. ഒരു കാര്യം മനസ്സിലാക്കേണ്ടത് എന്താണെന്നുവെച്ചാല്‍ ഇതൊക്കെ ഔദാര്യമാണ്. അത് അതിന്റേതായ നിലയ്ക്ക് കണക്കിലെടുത്ത് മുന്നോട്ടുപോയാല്‍ അവസാനകാലത്ത് ചൊങ്കൊടിപ്പുതപ്പ് ഉറപ്പ്. ഇല്ലെങ്കില്‍ എന്താവുമെന്ന് ഇപ്പോള്‍ പറയുന്നില്ല. പണ്ടത്തെ പിടിപാടിന്റെ ബലത്തില്‍ ഇന്ദ്രപ്രസ്ഥത്തിലെ വല്യനേതാക്കളെ കണ്ടിട്ടൊന്നും ഗുണമുണ്ടാവില്ല. കറവയുള്ള പശുവിനേ പിണ്ണാക്കും വെള്ളവും മാന്യമായി കിട്ടൂ. ആയതിനാല്‍ ഇതില്‍ നിന്നൊക്കെ നമ്മുടെ കണാരേട്ടന് സ്ഥിതിഗതികള്‍ മനസ്സിലാക്കിക്കാണുമെന്ന പൂര്‍ണ ബോധ്യത്തോടെ ലാല്‍സലാം.
ഓണത്തിന്റെ ദൃശ്യപ്പെരുമയും ദേശപ്പെരുമയും എന്തായാലും ഓണം നമ്മുടെ ചോരയില്‍ സജീവസാന്നിധ്യമായങ്ങനെ പൂത്തുതളിര്‍ത്തുനില്‍ക്കുകയാണ്. ആഘോഷങ്ങളില്‍ രാഷ്ട്രീയം ആരോപിച്ചാലും രാഷ്ട്രീയത്തിലേക്ക് ആഘോഷത്തെ എഴുന്നെള്ളിച്ചാലും കുഴപ്പമില്ല. ആഘോഷത്തില്‍ മാനവികതയുടെ ചിത്രശലഭങ്ങള്‍ പാറിപ്പറന്നു നടക്കുന്നു. പ്രകൃതിയെ നമ്മുടെ മുറ്റങ്ങളിലേക്ക് ആലങ്കാരികമായി വിരുന്നിനെത്തിക്കുന്ന മനോഹരപ്രക്രിയയായി ഓണം മാറുകയാണ്. അത് മനസ്സിലാകാത്തവര്‍ നിയമവും ചട്ടവും പറഞ്ഞ് അതിനെയൊക്കെ പടിയ്ക്കു പുറത്തുനിര്‍ത്തുന്നു. എന്നാല്‍ അതിലൊന്നും ഒട്ടും പരിഭവപ്പെടാതെ ഓണം ഒരു മാസ്മര സംസ്കാരമായി നമ്മെ പൂണ്ടടക്കം പുണരുകയാണ്.
ആ പുണരലിന്റെ ഭാഷയ്ക്ക് സ്നേഹത്തിന്റെ ചൂടും ചൂരുമുണ്ട്. അത് പല തരത്തില്‍ അറിയിക്കാന്‍ മാധ്യമങ്ങള്‍ പതിപ്പുകളായി നമുക്കരികിലേക്ക് വരുന്നു. അത്തരമൊരു പതിപ്പിന്റെ പൂമുഖത്ത് ജ്ഞാനപീഠതേജസ്സിന്റെ മുഖകാന്തിയുമായി എം.ടി. എഴുത്തുകാരന് എന്നു പറയാനുള്ള ധൈര്യം എനിക്ക് ഇപ്പോഴുമില്ല എന്നാണദ്ദേഹത്തിന്റെ പക്ഷം. ഈ ഓണപ്പൂക്കാലത്തെ സമൃദ്ധമായ ഒരു സദ്യയാണ് മാതൃഭൂമി ഓണപ്പതിപ്പില്‍ 51 പേജിലായി നീണ്ടുനിവര്‍ന്നു കിടക്കുന്ന എം.ടിയുടെ അക്ഷരമൊഴികള്‍. സാഹിത്യരംഗത്ത് തന്റെ ഇടം എന്തെന്ന് തിരിച്ചറിഞ്ഞ എന്‍.ഇ. സുധീര്‍ ആണ് എംടിയുമായി സംവദിക്കുന്നത്. തലക്കെട്ട് ഇങ്ങനെ: കളിയുടെ രസത്തില്‍ തുടങ്ങിയ എഴുത്ത്, എഴുത്ത് എനിയ്ക്ക് ജീവിതം തന്നു.
അടരടരായി എംടിയുടെ മനസ്സ് സുധീര്‍ തുറക്കുമ്പോള്‍ ജീവിതത്തിന്റെ പ്രതീക്ഷാഭരിതമായ മുഖം ഈ വിശ്വസാഹിത്യകാരന് കൈയടക്കത്തോടെയാണ് കരുതിവെക്കുന്നത് എന്ന് അത്ഭുതപ്പെടും. കഥയും കവിതയും രാഷ്ട്രീയവും നാട്ടുപച്ചയും ദൈവവും ഭക്തിയും എഴുത്തും എന്നുവേണ്ട മനുഷ്യന്റെ യാത്രയില്‍ നിസ്സാരമെന്നും തോന്നുന്ന എലിമെന്റ് (ക്ഷമിക്കണം) പോലും എംടി സൂക്ഷ്മമായി കാത്തുസൂക്ഷിക്കുന്നു. അദ്ദേഹം പറയുന്നത് കേള്‍ക്കുക: സാഹിത്യം അത് കവിതയോ കഥയോ ചൊല്ലോ എന്തും ആവട്ടെ. നമ്മുടെ ഏറ്റവും പഴയകഥയും പറയുന്നത് ഇതുതന്നെയാണ്. പാര്‍വതി ശപിച്ചു. ശാപമോചനം നേടണമെങ്കില്‍ മനുഷ്യനായി പിറന്ന് ഇന്ന കഥ ഇന്നയാളോട് പറഞ്ഞ് പിന്നെയും അയാള്‍ മറ്റൊരാളോട് പറഞ്ഞ് തുടരണം എന്നതായിരുന്നു. അപ്പോള്‍ കഥ ശാപമോചനത്തിനുള്ള ഒരു വഴിയാണ്. ആ വഴിയെക്കുറിച്ച് ബോധ്യമുള്ള എംടി മനുഷ്യന്റെ ശാപമോചനം എന്ന മഹത്തായ സംസ്കാരം തുടരുകയാണ്. എത്ര ത്യാഗനിര്‍ഭരമാണത്!
നാലുവരി തട്ടിക്കൂട്ടിയാല്‍ നാട്ടുരാജാവായി എന്നു കരുതുന്ന നമ്മുടെ എഴുത്തുകാരോട് എംടിക്ക് പറയാനുള്ളത് അദ്ദേഹത്തിന്റെ അനുഭവമാണ്, രീതിയാണ്. നോക്കൂ: ഞാനെഴുതുന്നതിന്റെ വിധികര്‍ത്താവ് ആവുക ഞാന്‍ തന്നെയാണ്. എനിക്കു വായിച്ചുനോക്കി ഇഷ്ടമായില്ലെങ്കില്‍ ഞാനതങ്ങ് കളയും. മറ്റാരെയെങ്കിലും കാണിച്ച് അഭിപ്രായം തേടുന്ന പതിവ് ഒരു കാലത്തും ഇല്ലായിരുന്നു. ഞാനിപ്പോഴും എഴുതുന്ന കുട്ടികളോട് പറയാറുണ്ട്, നിങ്ങള്‍ തന്നെ നിങ്ങളെ വിലയിരുത്തണം. മോശമായത് റിജെക്ട് ചെയ്യാന്‍ പഠിക്കണം. അങ്ങനെ റിജെക്ട് ചെയ്യുമ്പോഴാണ് ക്ലാസിക്കുകള്‍ പിറക്കുക. ഏതായാലും ഓണപ്പതിപ്പുകളിലെ ക്ലാസിക് പദവിയില്‍ മാതൃഭൂമി ഓണപ്പതിപ്പിന് സ്ഥാനമുണ്ടാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കഥയുടെ പെരുന്തച്ചനായി എംടിയും കവിതയുടെ ഗംഗാപ്രവാഹമായി പ്രിയപ്പെട്ട സുഗതടീച്ചറും ഇരുവോള്യങ്ങളില്‍ സജീവസാന്നിധ്യമായതിനാല്‍ പ്രത്യേകിച്ചും. എല്ലാ കാലികവട്ടം വായനക്കാര്‍ക്കും ആഹ്ലാദപൂര്‍ണമായ ഓണാശംസകള്‍.
തൊട്ടുകൂട്ടാന്‍
ചന്തയില്‍, ബസ്സില്‍, നടപ്പാതയില്‍, ശാന്തി
ചിന്തുന്ന പൂങ്കാവനത്തില്‍,
കണ്ടുമുട്ടുന്നവര്‍ ചോദിപ്പു: നായ്ക്കളെ
ക്കൊല്ലുന്ന നാട്ടില്‍ നിന്നല്ലേ?
വിജയലക്ഷ്മി
കവിത: രണ്ടുതെരുവുനായ്ക്കള്‍, ബംഗളൂരു
മാതൃഭൂമി ഓണപ്പതിപ്പ് (സപ്തം.17)
പ്രതികരിക്കാൻ ഇവിടെ എഴുതുക: