തൃശൂര്‍: വടക്കേ ബസ് സ്റ്റാന്‍ഡ്, പൂങ്കുന്നം പരിസരങ്ങള്‍ കേന്ദ്രീകരിച്ച് കോര്പറേഷന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ എട്ടു ഹോട്ടലുകളില്‍നിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. അഞ്ചുദിവസത്തോളം പഴക്കമുള്ള അരിയാഹാരങ്ങളാണ് പിടിച്ചെടുത്തവയില്‍ അധികവും. പഴകിയ ചിക്കന്‍കറി, ഗ്രീന്‍പീസ് കറി, പത്തിരി, ചപ്പാത്തി, ഫ്രൂട്ട് സലാഡ്, ഐസ്ക്രീം, എണ്ണ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. വടക്കേ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഇന്ത്യന്‍ കോഫി ഹൗസ്, മംഗള ടവര്‍, മനസ് ഹോട്ടല്‍, ജയ റസ്റ്റോറന്റ്, ചിത്തിര റസ്റ്റോറന്റ്, സൂരജ് ഹോട്ടല്‍, അമ്മ ഹോട്ടല്‍, പൂങ്കുന്നത്തെ ഹോട്ടല്‍ പെപ്പര്‍ എന്നിവിടങ്ങളിലാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. ഓണത്തോടനുബന്ധിച്ച് ഹോട്ടലുകളില്‍ തിരക്ക് വര്‍ധിച്ച സാഹചര്യത്തിലായിരുന്നു പരിശോധന. കൂടുതല്‍ വില്പന കണക്കാക്കി തയാറാക്കിയതാണ് ഭക്ഷണസാമഗ്രികള്‍. അഖിലേന്ത്യ പണിമുടക്കിനെയും അവധി ദിനങ്ങളെയും തുടര്‍ന്ന് ഉദ്ദേശിച്ച വില്പന നടന്നിരുന്നില്ല. ഭക്ഷണസാമഗ്രികള്‍ ചൂടാക്കി ഉപയോഗിക്കുന്നതിനിടെയാണ് ഇവ പിടിച്ചെടുത്തത്. കോര്പറേഷന് ആരോഗ്യവിഭാഗം അഞ്ചാം സര്‍ക്കിള്‍ ഓഫീസിന്റെ പരിധിയില്‍വരുന്ന ഹോട്ടലുകളില്‍ ഹെല്‍ത്ത് ഓഫീസര്‍ ഇന്‍ ചാര്‍ജ് ടി.കെ. ഉപേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: