കോഴഞ്ചേരി: പമ്പാനദിയിലെ ജലം ക്രമാതീതമായി കുറയുന്നത് തിരുവോണത്തോണിയുടെ വരവിനേയും വള്ളംകളിയേയും ബാധിക്കും. ആറന്മുളയുടെ വിവിധ ഭാഗങ്ങളിലെ നെല്‍വയലുകളും നീര്‍ത്തടങ്ങളും മണ്ണിട്ട് നികത്തുന്നതാണ് നദിയിലെ ജലവിതാനം താഴുവാന്‍ പ്രധാനകാരണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ മഴകാര്യമായി ലഭിക്കാതെ വന്നാല്‍ 51 പള്ളിയോടങ്ങള്‍ പങ്കെടുക്കുന്ന ജലമേളയുടെ നടത്തിപ്പിന് പ്രതികൂലമാകും. മുമ്പുണ്ടായിരുന്ന വിശാലമായ മണല്‍പ്പുറങ്ങള്‍ ഇന്ന് ചെളിനിറഞ്ഞ് മണ്പുറ്റുകളായിമാറി. എല്ലാവര്‍ഷവും വള്ളംകളിയുമായി ബന്ധപ്പെട്ട് മണ്‍പുറ്റുകള്‍ നീക്കം ചെയ്യുന്നതിനായി ലക്ഷങ്ങള്‍ ചിലവഴിക്കാറുണ്ട്. പരിജ്ഞാനമില്ലാത്ത തൊഴിലാളികള്‍ മണ്‍പുറ്റ് നീക്കം ചെയ്യുന്നത് അപകടങ്ങള്‍ക്കും ഇടയാക്കുന്നു. ഇന്നത്തെ സ്ഥിതിയില്‍ രണ്ടോമൂന്നോ പള്ളിയോടങ്ങള്ക്കുപോലും ഒരുമിച്ച് തുഴഞ്ഞു നീങ്ങാന്‍ പറ്റാത്ത വിധം ജലവിതാനം കുറഞ്ഞിട്ടുണ്ട്. വള്ളംകളിക്ക് ഏതാനും ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ ഇതേവരേയും മണ്‍പുറ്റുകള്‍ നീക്കം ചെയ്ത് പള്ളിയോടങ്ങളുടെ സുഗമമായ വരവിന് വേണ്ടിയുള്ള പണികള്‍ ആരംഭിച്ചിട്ടില്ല. നദിയുടെ തെക്ക് പരപ്പുഴകടവുമുതല് താഴോട്ട് ആഞ്ഞിലിമൂട്ടില്ക്കടവുവരെയുള്ള ഭാഗം മണ്‍പുറ്റുകളും പുല്ലുംകൊണ്ട് നിറഞ്ഞു നില്‍ക്കുകയാണ്. നദിയിലെ ജലവിതാനം ക്രമപ്പെടുത്തുന്നതിന് റബര്ഡാം പദ്ധതിയും താല്‍ക്കാലിക തടയണ നിര്മ്മിക്കലിന്റേയും പേരില്‍ ഇടതു വലതു മുന്നണികള്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് പഠനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇവയൊന്നും ഫലവത്തായില്ല. വരുംദിവസങ്ങളിലെങ്കിലും വേണ്ടപെട്ടവര് നടപടി സ്വീകരിച്ചില്ലെങ്കില്‍ ആറന്മുള ഉതൃട്ടാതിജലമേളയെ ഇത് ബാധിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: