പത്തനംതിട്ട : പാമ്പിനി കുടിവെള്ള വിതരണ പദ്ധതിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നു.
ക്രഷറില്‍ നിന്നും ഒഴുക്കി കളയുന്ന മലിന ജലവും ചെളിയും നിറഞ്ഞതിനെത്തുടര്‍ന്നാണ് പമ്പിംങ് നടത്താന്‍ കഴിയാത്തത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിലധികമായി ഗ്രാമപ്പഞ്ചായത്തിന്റെ മിക്ക പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വാട്ടര്‍ അതോരിറ്റി. തുടര്‍ച്ചയായി ഒരു മണിക്കൂറില്‍ താഴെ മാത്രമാണ് ഇപ്പോള്‍ ഭാഗീകമായെങ്കിലും പമ്പിങ് നടക്കുന്നത്. ഇതിനാല്‍ തന്നെ ഗ്രാമപ്പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ള വിതരണം മുടങ്ങി. വിതരണം ചെയ്യുന്ന ജലം ശുദ്ധീകരിച്ച് വിതരണം നടത്താത്തതിനെ തുടര്‍ന്ന് ഇപ്പോള്‍ ഭാഗീകമെങ്കിലും വിതരണ പൈപ്പുകളിലൂടെ ഒഴുകിയെത്തുന്നത് മിക്ക ദിവസവും മലിന ജലമാണെന്നുള്ള പരാതിയും ഉയര്‍ന്നിട്ടുണ്ട്. പദ്ധതിയുടെ കിണര്‍ വൃത്തിയാക്കുന്നതിന് മുമ്പ് ആറു മാസ കാലയളവില്‍ 29000 രൂപ ക്രമത്തില്‍ കരാറെടുത്തിരുന്നവര്‍ തുടര്‍ച്ചയായി ചെളി അടിയുന്നതിനെ തുടര്‍ന്ന് പിന്മാറിയതും പമ്പിങ് മുടങ്ങുന്നതിന് ഇടയാക്കി. ഇതിന് പിന്നാലെ ടെണ്ടര്‍ 1.4 ലക്ഷമായി ഉയര്‍ത്തി നല്‍കാമെന്ന് അറിയിച്ചെങ്കിലും കരാറുകാര്‍ തുടരാന്‍ വിസമ്മതിച്ചതായും വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നു. പാമ്പിനി പമ്പു ഹൗസില്‍ മിക്ക ദിവസങ്ങളിലും മോട്ടോര്‍ കേടാവുന്നതിനും പ്രധാന കാരണം പമ്പിങ് കിണറിനുള്ളില്‍ ക്രഷര്‍ മാലിന്യംനിറയുന്നതാണെന്ന് കാണിച്ച് വാട്ടര്‍ അതോറിറ്റി അധികൃതര്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ബന്ധപ്പെട്ട വകുപ്പിന്റെ ഉന്നതരെ അറിയിച്ചിരുന്നതാണ്. എന്നാല്‍ നാളേറെയായിട്ടും പരിഹാരമുണ്ടായില്ല. ഇതിനിടയിലാണ് 15 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള ഇ.ഡി.സി.എല്‍ കാരികയം പദ്ധതിക്കായി തടയണ നിര്‍മിച്ച് ജലം സംഭരിക്കാന്‍ തുടങ്ങിയത്. ഇതോടെ നദിയിലെ നീരൊഴുക്ക് നിലച്ച് കിണറിന് മുകളിലേക്ക് എട്ടടിയോളം മലിന ജലം കെട്ടി നിന്ന് പാമ്പിനി പദ്ധതിയില്‍ നിന്നുള്ള പമ്പിങ് കൂടുതല്‍ പ്രതിസന്ധിയിലാക്കി. ഇതിന് പരിഹാരമായി തടയണയില്‍ നിറയുന്ന വെള്ളം മാസത്തില്‍ ഒരിക്കല്‍ തുറന്ന് ഒഴുക്കി കളയണമെന്നാവശ്യം ഇ.ഡി.സി.എല്‍ അധികൃതരും തള്ളി. ഇതിനോടൊപ്പം പമ്പു ഹൗസില്‍ പമ്പിങ് ഓപ്പറേറ്റര്‍മാരായും വാല്‍വ് ഓപ്പറേറ്റര്‍മാരായും താല്‍ക്കാലിക ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്. ഇവര്‍ വെള്ളം പമ്പ് ചെയ്യുന്നതിലും വിതരണതിലും വീഴ്ച വരുത്തുന്നതും ദിവസങ്ങളോളം ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നതിന് കാരണമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: