നിരണം: പാലത്തിന്റെ അറ്റകുറ്റപണികള്‍ അതിര്‍ത്തി നിര്ണ്ണയിക്കാത്തതുമൂലം വൈകുന്നു. കടപ്ര വീയപുരം ലിങ്ക് റോഡിലെ ഇരതോട് പാലമാണ് അറ്റകുറ്റപണികള്‍ ആരു നടത്തണം എന്ന തര്ക്കത്തില്പെട്ടിരിക്കുന്നത്. കൈവരികള്‍ തകര്‍ന്നും പാലത്തിന്റെ രണ്ട് വശം ഇടിഞ്ഞ് താണും അപകട ഭീഷണി നേരിടുന്ന പാലത്തില്‍ അടിയന്തിരമായി അറ്റകുറ്റപണികള്‍ നടത്തേണ്ടതാണ്.
പത്തനംതിട്ട ജില്ലയിലെ നിരണത്തേയും ആലപ്പുഴജില്ലയിലെ വീയപുരത്തേയും ബന്ധിപ്പിക്കുന്ന പാലമാണിത്.നൂറുക്കണക്കിന് വാഹനങ്ങളാണ് ഒരു ദിവസം ഇതുവഴി കടന്നു പോകുന്നത്.
1986ല്‍ ഈ പാലം പണിതത് ദേശീയപാതാ വിഭാഗമാണ്. അന്ന് ഹരിപ്പാട് കടപ്ര ലിങ്ക് റോഡ് ദേശീയപാതാ വിഭാഗത്തിന്റെ കീഴിലായിരുന്നു.എന്നാല്‍ പിന്നീട് ഈ റോഡും പാലവും കേരള പൊതുമരാമത്തുവകുപ്പ് ഏറ്റെടുത്തു. പാലത്തിന്റെ പത്തനംതിട്ട ജില്ലാഭാഗം തിരുവല്ല പി ഡബ്ളിയു ഡി യുടെ കീഴിലും ആലപ്പുഴ ജില്ലാ ഭാഗം കുട്ടനാട് പിഡബ്ളിയു ഡി യുടെ കീഴിലും ആയി. പാലം ആരുടെ ഭാഗത്താണെന്ന് വ്യക്തതയില്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്നം.
പാലത്തിന്റെ രണ്ടു വശങ്ങളും ഓരോ ദിവസവും കഴിയുമ്പോള്‍ ഇടിഞ്ഞുതാഴുകയാണ്. അപ്രോച്ച് റോഡിന്റെ കിഴക്കുവശം കാടുകയറി. ആലപ്പുഴ കുടിവെള്ള പദ്ധതിക്കു വേണ്ടിയുള്ള പൈപ്പ് സ്ഥാപിച്ചതോടെ അപ്രോച്ച് റോഡിന്റെ വശം തകര്‍ന്നു. പൈപ്പ് സ്ഥാപിച്ച് കഴിഞ്ഞെങ്കിലും കുഴി പൂര്‍ണ്ണമായി അടച്ചിട്ടില്ല. നിരവധി കെ എസ് ആര് ടി സി ബസുകളും സ്വകാര്യ ബസുകളും ഇതുവഴി സര്‍വിസ് നടത്തുന്നു. എടത്വ വീയപുരം റോഡ് തകര്‍ന്നതോടെ വാഹനങ്ങള്‍ മുഴുവനും ഈ റൂട്ടിലൂടെയാണ് കടന്നു പോകുന്നത്. അടുത്ത കാലത്ത് പാലത്തിന്റെ വശത്തെ കുഴിയില്‍ വീണ് യുവാവിന് ഗുരുതര പരുക്കേറ്റിരുന്നു. പാലത്തിന്റെ അറ്റകുറ്റപണികള്‍ അടിയന്തിരമായി ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: