കോഴിക്കോട്ട് 1967 ല്‍ നടന്ന ഭാരതീയ ജനസംഘത്തിന്റെ 14-ാം സമ്പൂര്‍ണ സമ്മേളനം വന്‍വിജയമാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിച്ച ഏതാനുംപേരെക്കൂടി ഇവിടെ ഓര്‍മിക്കുന്നു. അവരെല്ലാം നമ്മെ വിട്ടുപിരിഞ്ഞു. ജനസംഘത്തിന്റെ അധ്യക്ഷനായി പ്രവര്‍ത്തിക്കുകയും 1967 ല്‍ കേന്ദ്രസമിതി അംഗവും രാജ്യസഭാംഗവുമായിരുന്ന നാഗ്പൂരിലെ പണ്ഡിത് ബഛരാജ് വ്യാസ് ആയിരുന്നു ഒരാള്‍. നാഗ്പൂരിലെ പൂജനീയ ഡോക്ടര്‍ജിയുടെ കാലത്ത് സ്വയംസേവകനായി ബഛരാജ്ജി, ആദ്യകാലത്ത് സംഘത്തില്‍ വന്ന ഹിന്ദി മാതൃഭാഷക്കാരനായിരുന്നുവെന്ന് മാ: ഭാവുറാവു ദേവറസ് ഒരിടത്ത് അനുസ്മരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ ബാലന് ശാഖയില്‍ ഏറെ ശ്രദ്ധേയനുമായിരുന്നുവത്രേ. കേന്ദ്രകാര്യാലയത്തില്നിന്ന് വിളിപ്പാടകലെയുള്ള ബഛരാജ്ജിയുടെ വീട്ടില്‍ പോകാന്‍ എനിക്കവസരമുണ്ടായി.
അതദ്ദേഹത്തിന്റെ ദേഹവിയോഗത്തിനുശേഷമായിരുന്നുവെന്നുമാത്രം. ജന്മഭൂമിയുടെ ആരംഭത്തിന് തയ്യാറെടുക്കവേ നാഗ്പൂരിലെ തരുണഭാരത് പത്രത്തിന്റെ പ്രവര്‍ത്തന സമ്പ്രദായം പഠിച്ചറിയാനായി പോയതായിരുന്നു. പൂജനീയ ദേവറസ്ജി ആ അവസരത്തില്‍ കേന്ദ്രകാര്യാലത്തിലുണ്ടായിരുന്നു. ഏതാനും ആഴ്ചകള്‍ക്കുമുമ്പായിരുന്നു ബഛരാജിയുടെ അന്ത്യം. കുടുംബാംഗങ്ങളെക്കണ്ട് ഉപചാരമര്പ്പിക്കാന് ബാളാസാഹിബ് പോയപ്പോള്‍ എന്നെയും വിളിച്ചു. അഖിലഭാരത സമ്മേളനക്കാലത്തും, പിന്നീട് മലപ്പുറം ജില്ലക്കെതിരായ സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ വന്നപ്പോഴും വളരെ അടുത്തു പെരുമാറിയതിനാല്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നത് ഒരു കടമയായിതോന്നി ഞാനും പുറപ്പെട്ടു.
ഭവ്യവും ഹൃദയംഗമവുമായിരുന്നു ആ ഗൃഹത്തില്‍ ചെലവഴിച്ച നിമിഷങ്ങള്‍. ദേവറസ്ജി എന്നെ പരിചയപ്പെടുത്തിയതുതന്നെ കോഴിക്കോട്ട് ബഛരാജ്ജിയുടെ ആതിഥേയന് എന്നായിരുന്നു.
സമ്മേളനത്തിന്റെ സാമ്പത്തിക പ്രശ്നത്തിന് പരിഹാരം കാണാന്‍ ബഛരാജ്ജിയുടെ സഹായം ഉപകരിക്കുമെന്ന് പറഞ്ഞുകൊണ്ട് ദീനദയാല്‍ജി അദ്ദേഹത്തെ അയയ്ക്കുകയായിരുന്നു. പ്രത്യേകിച്ചും കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലെ, എക്കാലത്തും കോണ്‍ഗ്രസിനൊപ്പം നിന്ന ഔത്തരാഹ സമൂഹത്തെ സമീപിക്കാന്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഉപകരിച്ചു. അദ്ദേഹവുമൊരുമിച്ചു പരമേശ്വര്‍ജി ഈ സ്ഥലങ്ങളില്‍ പോയി. ആയിരം രൂപ സംഭാവന വാങ്ങുന്നതുപോലും ആവശ്യമായി കരുതിയ പരമേശ്വര്‍ജിയെ വിസ്മയിപ്പിച്ചുകൊണ്ടായിരുന്നു ബഛരാജ്ജി ഓരോ ആളെയും കൈകാര്യംചെയ്തത്.
കോട്ടയത്തെ നാരായണഭട്ട് എന്ന മുതിര്‍ന്ന സ്വയംസേവകന് (പിന്നീട് സംഘചാലകനായി അടിയന്തരാവസ്ഥയില്‍ മിസാ തടവുകാരനായി) സമ്മേളനത്തിന് നല്ലൊരു തുക വാഗ്ദാനംചെയ്തു. സംഭാഷണമധ്യേ താന്‍ പങ്കെടുത്ത സംഘശിക്ഷാവര്‍ഗില്‍ മുഖ്യശിക്ഷക് ബഛരാജ്ജിയായിരുന്നുവെന്ന് നാരായണഭട്ട് അറിയിച്ചപ്പോള്‍, എന്നാല്‍ തുക ഇരട്ടിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അദ്ദേഹം ഏറ്റവും ചുരുങ്ങിയ സൗകര്യം ഉള്ളതുകൊണ്ട് ഓണമായിക്കരുതി. സ്വാഗതസംഘകാര്യാലയത്തിലെ ഒരു മുറിയില്‍ ഹോള്‍ഡ് ആള് വിരിച്ചായിരുന്നു ഉറക്കം. പ്രഭാതത്തിലെ ശിവപൂജക്കു കൂവളത്തിലയും മൃണ്മയ ശിവലിംഗമുണ്ടാക്കാന്‍ ശുദ്ധമായ മണ്ണും പ്രസാദത്തിന് തേങ്ങ, മുന്തിരി, ശര്‍ക്കര എന്നിവയും ഒരുക്കിക്കൊടുക്കുകയേ ഞങ്ങള്ക്കുവേണ്ടിയിരുന്നുള്ളൂ. ഭസ്മം അദ്ദേഹം കരുതിയിരുന്നു. ഏതു പരിതസ്ഥിതിയിലും നിശ്ചിന്തനായിരുന്നു അദ്ദേഹം. കണ്ണൂരില്‍നിന്ന് മടങ്ങുംവഴിയില്‍ രാത്രി 11 മണിക്ക് എലന്തൂരിനടുത്ത് വെങ്ങളം ഗേറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിരുന്നു. രാവിലെ 5.30 നേ അതു തുറക്കൂ എന്നു കണ്ടപ്പോള്‍ അദ്ദേഹം കാറില്‍നിന്ന് ഹോള്‍ഡ് ആള് പുറത്തെടുത്ത് റോഡിരികില്‍ കിടന്ന് സുഖമായി ഉറങ്ങി. കൊതുകുശല്യമുണ്ടായിരുന്നതിനാല് ഒരു പുതപ്പു സഹായമായി. ഇത്ര അനാസക്തനും നിശ്ചിന്തനുമായിരുന്നു ബഛ്രാജ്ജി. സമ്മേളനം കഴിയുന്നതുവരെ രണ്ടുമൂന്നു ഗഡുക്കളായി ഇരുപതിലധികം ദിവസം അദ്ദേഹം കോഴിക്കോട്ടുണ്ടായിരുന്നു. സമ്മേളനം നടക്കുന്നതിനിടയിലും അദ്ദേഹം ധനശേഖരണത്തിന് സഞ്ചരിച്ചു.
സ്വാഗതസംഘ കാര്യാലയത്തിന്റെ ചുമതലയില്‍ മണ്ടിലേടത്ത് ശ്രീധരനു പുറമെ എറണാകുളത്തെ കെ.ജി. വാധ്യാര് എന്ന ഗുണഭട്ട് പരമേശ്വര്‍ജിയുടെ ആഗ്രഹപ്രകാരം വന്നുതാമസിച്ചിരുന്നു. സമ്മേളനത്തിനുശേഷവും ഏതാണ്ട് എട്ടുമാസക്കാലം അദ്ദേഹം കോഴിക്കോട്ടു തുടര്‍ന്നു. എറണാകുളത്തെ പ്രമുഖ അരിവ്യാപാരസ്ഥാപനമായിരുന്ന ശ്രീ വെങ്കിടേശ്വരാ സ്റ്റോര്‍സിന്റെ ചുമതലക്കാരനായിരുന്ന വാധ്യാര്‍ജി അവിടുത്തെ മുതിര്‍ന്ന സ്വയംസേവകന്കൂടിയായിരുന്നു. സ്വാഗതസംഘ കാര്യാലയത്തിന്റെ പ്രവര്‍ത്തനം ശ്രീധരനും വാധ്യാര്‍ജിയും ചേര്‍ന്ന് കുറ്റമറ്റതാക്കി. അത്രയും തിരക്കേറിയ ഒരു കാര്യാലയ നടത്തിപ്പ് എത്രയും ഭംഗിയായി, സ്വരച്ചേര്‍ച്ചയോടെ അവര്‍ കൊണ്ടുപോയി.
പലപല ആവശ്യങ്ങളുമായി വരുന്ന വിവിധതരം ആളുകളുടെ സ്വഭാവവും ഉദ്ദേശങ്ങളും മനസിലാക്കുന്നതില്‍ വാധ്യാര്ജിക്ക് ജന്മസിദ്ധമായ കഴിവുണ്ടായിരുന്നെന്നു തോന്നും. അക്കാലത്ത് ദേശീയതലത്തില്‍ നേടിയ വളര്‍ച്ചയും നാലു സംസ്ഥാനങ്ങളില്‍ ഭരണകക്ഷിയായതും, കേരളത്തില്‍ മുസ്ലിംലീഗും കേരള കോണ്‍ഗ്രസുമായി മാര്‍ക്സിസ്റ്റ് പാര്‍ട്ടി മുന്നണിയുണ്ടാക്കിയതും നിയമസഭയിലെ കോണ്‍ഗ്രസ് പ്രാതിനിധ്യം ഒറ്റ അക്കത്തില്‍ ഒതുങ്ങിയതുമൊക്കെ ജനസംഘത്തിലേക്ക് ധാരാളം ആളുകള്‍ ആകര്‍ഷിക്കപ്പെടാന്‍ ഇടയായി. പലരും പാളയംറോഡിലെ കാര്യാലയത്തില്‍ വന്ന് സംസാരിക്കുന്നത് വാധ്യാര്‍ജിയും ശ്രദ്ധിക്കുമായിരുന്നു. മാര്‍ക്സിസ്റ്റുകാരോട് അവരുടെ പാര്‍ട്ടി അംഗത്വകാര്‍ഡ് വാങ്ങിവെക്കണമെന്നഭിപ്രായപ്പെട്ടത് വാധ്യാര്‍ജി ആയിരുന്നു. അങ്ങനെത്തെ ഒരു ഡസനിലേറെ കാര്‍ഡുകള്‍ എന്റെ കൈവശം ലഭിച്ചിരുന്നു.
ഒരു പ്രമുഖ കോണ്‍ഗ്രസ് കുടുംബാംഗം, ഇന്ന് പത്രങ്ങളിള്‍ നല്ല സാന്നിധ്യമുള്ള ഒരാള്‍, അന്ന് യൂത്തുനേതാവായിരുന്നു. ജനസംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള താല്പര്യവുമായി എത്തി. തന്റെ ജനപ്രീതിയും സ്വാധീനവുമൊക്കെ വാധ്യാര്ജിക്കു മുമ്പില്‍ വിളമ്പി. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ രസീതുബുക്കുമായി സമ്മേളനനിധി പിരിച്ചുനടന്ന അയാളെ ജനസംഘ പ്രവര്‍ത്തകര്‍ പിടികൂടി കാര്യാലയത്തിലെത്തിച്ചു. പൂച്ച് പുറത്തായതോടെ വാധ്യാര്ജിതന്നെ അയാളുടെ കരണത്ത് ഒന്നുപൊട്ടിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷമേ ആ നേതാവിനെ രംഗത്തു കണ്ടുള്ളൂ. സ്വതേ സൗമ്യനും ഏതു പരിതസ്ഥിതിയിലും അക്ഷോഭ്യനുമായിരുന്ന വാധ്യാര്ജിയില്നിന്ന് അത് ഞങ്ങള്‍ പ്രതീക്ഷിച്ചില്ല. സമ്മേളന വിജയത്തില്‍ കാര്യാലയത്തിന്റെ പങ്ക് അതിപ്രധാനമായിരുന്നെങ്കില് കാര്യാലയത്തില്‍ വാധ്യാര്‍ജി വഹിച്ച പങ്ക് സര്‍വപ്രധാനമായിരുന്നു.
പൊതുരംഗത്ത് വാധ്യാര്‍ജി ചെയ്ത സേവനങ്ങള്‍ അത്ഭുതാവഹമാണ്. ഇന്ന് സര്‍വശക്തമായ വ്യാപാരിവ്യവസായി സംഘത്തിന്റെ ആദിമരൂപമായിരുന്ന എറണാകുളം മര്‍ച്ചന്റ് യൂണിയന് വാധ്യാര്ജിയുടെ മനോധര്മത്തില്നിന്നുണ്ടായതായിരുന്നു. വര്‍ഷങ്ങളോളം അതിന്റെ ജീവാത്മാവും പരമാത്മാവും മറ്റാരുമായിരുന്നില്ല. 1957 ലെ ഇഎംഎസ് മന്ത്രിസഭയുടെ പതനത്തിന് വഴിവെച്ച ആന്ധ്ര അരി ഇടപാടുകേസിനാസ്പദമായ കച്ചവടത്തിന്റെ വിശദവിവരങ്ങള്‍, തന്റെ വാണിജ്യസഞ്ചാരത്തിനിടെ കണ്ടെത്തി, മറ്റൊരു അരിവ്യാപാരിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ടി.ഒ. ബാവക്കു നല്കിയതും മറ്റാരുമായിരുന്നില്ല. ബാവയാണ് കോടതിയില്‍ കേസ് കൊടുത്തത്.
കൂട്ടത്തില്‍ പറയട്ടെ ജന്മഭൂമിയുടെയും രാഷ്ട്രവാര്‍ത്തയുടെയും ആരംഭത്തിന് കാരണക്കാരില്‍ ഒരാളായി മാത്രമല്ല, തന്റെ നര്‍മസുരഭിലമായ ലേഖനങ്ങള്‍കൊണ്ട് കോളങ്ങളെ സമ്പന്നമാക്കിയ ആള് എന്ന നിലയിലും വാധ്യാര്‍ജി അവിസ്മരണീയനായിരുന്നു.
സമ്മേളനത്തിന്റെ പ്രചാരണച്ചുമതല വഹിച്ചിരുന്ന സി. പ്രഭാകരനും സി.എസ്. നമ്പൂതിരിപ്പാടും അവിസ്മരണീയര്തന്നെ. കോഴിക്കോട്ടെ പഴയ സ്വയംസേവകനായിരുന്ന സി. പ്രഭാകരന് സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരത്തില്‍ ഏര്‍പ്പെട്ടുവന്നു. അദ്ദേഹത്തെ രാംഭാവുജി ചുമതലപ്പെടുത്തിയത് ഉച്ചഭാഷിണി ഉപയോഗിച്ച് കോഴിക്കോട് ജില്ലയിലാകെ സമ്മേളനത്തിന്റെ പ്രചാരണം നടത്താനായിരുന്നു.
പാളയം റോഡിലെ ശ്രീ വെങ്കിടേശ് ബില്‍ഡിങ് അന്ന് നഗരത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്നു. അതിന്റെ മട്ടുപ്പാവിനു മുകളില്‍ നാല് കോളാമ്പികള്‍ സ്ഥാപിച്ച് ഉച്ചഭാഷിണിയിലൂടെ സമ്മേളന വിളംബരം നടത്തുകയായിരുന്നു ഒരു പരിപാടി. കാറില്‍ ഉച്ചഭാഷിണി ഘടിപ്പിച്ച് അന്നത്തെ കോഴിക്കോട് ജില്ലയുടെ തെക്കെ അറ്റമായ ചമ്പ്രവട്ടം മുതല്‍ വടക്ക് അഴിയൂര്വരെയും, കടപ്പുറം മുതല്‍ മലയോരം വരെയുള്ള നഗര ഗ്രാമകേന്ദ്രങ്ങളില്‍ ജനസംഘത്തിന്റെയും സമ്മേളനത്തിന്റെയും പ്രചാരണ പ്രഭാഷണങ്ങളും നടത്തുകയായിരുന്നു മറ്റൊരു പരിപാടി. മലബാറിന്റെ ചരിത്രത്തില്‍ത്തന്നെ പുതുമ സൃഷ്ടിച്ച ഈ പരിപാടി ജനശ്രദ്ധ ആകര്‍ഷിച്ചു. പല കേന്ദ്രങ്ങളിലും അതു രോഷവും സൃഷ്ടിച്ചു.
വളാഞ്ചേരി, വെട്ടത്തു പുതിയങ്ങാടി, തിരൂരങ്ങാടി കിഴക്കേ ബസാര്‍ എന്നിവിടങ്ങളില്‍ പ്രഭാഷണം വിങ്ങിപ്പൊട്ടുന്ന അന്തരീക്ഷത്തിലാണ് നടന്നതെന്ന് അവര്‍ മടങ്ങിയെത്തിയപ്പോള്‍ അറിഞ്ഞു. പ്രസംഗത്തില്‍ പരാമര്‍ശിക്കേണ്ട ബിന്ദുക്കള്‍ രാംഭാവുവും മറ്റും നല്‍കിയിരുന്നു. പ്രകോപനപരമാകാതെ ഭാവാത്മകമായി വേണം സംസാരിക്കാന്‍ എന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പ്രഭാകരന് പിന്നീട് തന്റെ വ്യവസായം അഭിവൃദ്ധിപ്പെടുത്തിയും ജനസംഘം, ബിജെപി പ്രവര്‍ത്തനത്തിലൂടെയും നല്ല ആദരവുനേടി. ജന്മഭൂമിയുടെ കോഴിക്കോട് പതിപ്പ് തുടങ്ങുന്നതില്‍ മുഖ്യപങ്ക് പ്രഭാകരന്റേതായിരുന്നു.സി.എസ്. നമ്പൂതിരിപ്പാട് ജനസംഘം ജില്ലാ കാര്യദര്‍ശിയായും മാതൃകാപ്രചരണാലയത്തിനുവേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ തന്റെ പൈതൃകവൃത്തിയായ മന്ത്രതന്ത്രാദികളുമായി കഴിയുകയാണെന്നു മനസിലാക്കുന്നു. കക്കോടിക്കടുത്ത് ചാത്തനാത്ത് എന്ന പ്രസിദ്ധമായ ഗൃഹത്തിലെ അംഗമാണദ്ദേഹം.ഓര്‍മയില്‍ ചികയുമ്പോള്‍ ഇനിയും ഏതാനുംപേര്‍കൂടി പരാമര്ശിക്കേണ്ടവരായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: