കല്‍പ്പറ്റ : നാളികേര വികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 18ാമത് ലോക നാളികേര ദിനാഘോഷവും നാളികേര മേഖലയിലെ മികച്ച പ്രതിഭകളെ പുരസ്കാരങ്ങള്‍ നല്കി ആദരിക്കലും സെപ്റ്റംബര്‍ രണ്ടിന് ഭുവനേശ്വറില്‍ നടക്കും. ഇതോടനുബന്ധിച്ച് ഭുവനേശ്വറിലെ കലിംഗ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്നോളജി ഹാളില്‍ ചേരുന്ന സമ്മേളനം കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രി രാധാ മോഹന്‍ സിംങ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ദേശീയ അവര്‍ഡുകളുടെ വിതരണവും പ്രസിദ്ധീകരണങ്ങളുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിക്കും. ”തെങ്ങ്: ജീവന്റെ വൃക്ഷം കുടുംബത്തിന്റെ സുസ്ഥിര ക്ഷേമത്തിന്’ എന്നതാണ് ഈ വര്‍ഷത്തെ നാളികേരദിനത്തിന്റെ പ്രമേയം. ഏഷ്യന്‍ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയുടെ സ്ഥാപകദിനമായ സെപ്റ്റംബര്‍ രണ്ടിനെ അനുസ്മരിച്ചാണ് എപിസിസിയിലെ അംഗരാജ്യങ്ങള്‍ ഈ ദിനം ലോകനാളികേരദിനമായി ആചരിക്കുന്നത്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത ആസ്ഥാനമായി 1969 ല്‍ സ്ഥാപിതമായ എപിസിസി, നാളികേര വികസനപ്രവര്‍ത്തനങ്ങളിലൂടെ അംഗരാജ്യങ്ങളുടെ സാമ്പത്തിക സുസ്ഥിരതയാണ് ലക്ഷ്യം വെക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന 400 കേരകര്‍ഷകര്‍ ഈ വര്‍ഷത്തെ നാളികേര ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കും. കേരളത്തിലെ കമ്പനികളില്‍ നിന്നായി കേരാധിഷ്ഠിത മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളേയും കേര കരകൗശല നിര്‍മ്മാതാക്കളേയും പങ്കെടുപ്പിച്ചുകൊണ്ടുളള പ്രദര്‍ശന വിപണനമേളയും നാളികേര ദിനത്തോടനു ബന്ധിച്ച് നടത്തും. ഉദ്ഘാടനത്തിനുശേഷം ഉച്ചതിരിഞ്ഞ് പ്രമേയാധിഷ്ഠിത വിഷയങ്ങളെ സംബന്ധിച്ച് വിദഗ്ദര്‍ ക്ലാസ്സുകളെടുക്കും.
ഇന്ത്യയിലെ പ്രമുഖ നാളികേര ഉല്പാദക സംസ്ഥാനങ്ങളില്‍ ഒഡീഷയ്ക്ക് അഞ്ചാം സ്ഥാനമാണുള്ളത്. 50679 ഹെക്ടര്‍ വിസ്തൃതിയില്‍ 324.5 മില്ല്യണ്‍ നാളികേരമാണ് തെങ്ങു കൃഷിയുള്ള ഒഡീഷയില്‍ ഉത്പ്പാദിപ്പിക്കുന്നത്. നാളികേരത്തിന്റെ ഉല്പാദനവും ഉല്പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനും കൃഷി വികസിപ്പിക്കുന്നതിനും മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങള് പ്രചരിപ്പിക്കുന്നതിനും വിപണനം മെച്ചപ്പെടുത്തുന്നതിനുമായി നാളികേര വികസന ബോര്‍ഡ് നിരവധി പദ്ധതികള്‍ നടപ്പിലാക്കിവരുന്നു. ഇതുവരെയുള്ള കണക്കനുസരിച്ച് 13 നാളികേര ഉല്പാദക സംഘങ്ങളാണ് ഒഡീഷയില്‍ രൂപീകരിച്ചിട്ടുള്ളത്.
പെട്രോളിയം, പ്രകൃതിവാതക വകുപ്പ് സഹമന്ത്രി ധര്മേന്ദ്രപ്രധാന്, ഒഡീഷ കൃഷി മന്ത്രി പ്രദീപ് മഹാരതി, കേന്ദ്ര കൃഷി, സഹകരണ, കര്‍ഷകക്ഷേമ വകുപ്പ് സെക്രട്ടറി എസ്.കെ.പട്നായിക്, ഐസിഎആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ത്രിലോചന്‍ മൊഹാപത്ര, ഒഡീഷ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് അഹൂജ, നാളികേര വികസന ബോര്‍ഡ് ചെയര്മാന് ഡോ. എ.കെ.സിംങ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും. മികച്ച നാളികേര കര്ഷകന്, സംസ്കരണ യൂണിറ്റ്, ഗവേഷകന്, യന്ത്ര നിര്‍മാതാവ്, കരകൗശല വിദഗ്ധന്‍, ഉത്പ്പന്നകയറ്റുമതി സ്ഥാപനം, വിജ്ഞാന വ്യാപനം, തെങ്ങുകയറ്റം, ഫെഡറേഷന് എന്നിങ്ങനെ എട്ടു വിഭാഗങ്ങളിലായി പതിനാല് അവാര്‍ഡുകളാണ് സെപ്റ്റംബര്‍ രണ്ടിന് വിതരണം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: