നിലമ്പൂര്‍: നിലമ്പൂര്‍ ബിവറേജ്സ് ചില്ലറ വില്‍പ്പന കേന്ദ്രത്തിന് സമീപം യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ സിഐ കെ.എം.ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ പ്ലാക്കോട് എരണിയില്‍ രാജ്കുമാര് എന്ന കണ്ണന്(കോമള കണ്ണന്-33), കോയമ്പത്തൂര്‍ ജില്ലയിലെ കലൈഞ്ചര്‍ നഗര്‍ പോത്തന്നൂര്‍ ചെട്ടിപ്പാളയം സുരേന്ദ്രന്(25) എന്നിവരെയാണ് പോലീസ് ഇന്നലെ രാവിലെ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. പൂക്കേട്ടുംപാടം അഞ്ചാം മൈല്‍ സ്വദേശി നസ്രത്തുള്ളയെ ചൊവ്വാഴ്ച രാവിലെ നിലമ്പൂര്‍ ബിവ്റേജ്സ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലക്ക് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതികള്‍ ഇരുവരും ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ പ്രതികളായ രണ്ടു പേരും കൊല്ലപ്പെട്ട നസ്രത്തുള്ളയും സുഹൃത്തുക്കളായിരുന്നു. ഇവര്‍ ഒരുമിച്ച് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന ജോലി ചെയ്തിരുന്നു. മൂന്നുപേരും സ്ഥിരമായി മദ്യപിക്കുന്നവരാണ്. മദ്യപിക്കുമ്പോഴെല്ലാം ഒന്നാം പ്രതി കണ്ണനും നസ്രത്തുള്ളയും തമ്മില്‍ വഴക്കിടാറുണ്ട്. ഒരു മാസം മുന്‍പ് നിലമ്പൂര്‍ പാറക്കടവില്‍ വെച്ച് ഇരുവരും തമ്മിലുണ്ടായ വഴക്ക് അടിപിടിയില്‍ എത്തിയിരുന്നു. ഈ വിഷയത്തില്‍ കണ്ണന് നസ്രത്തുള്ളയോട് കടുത്ത വിരോധമുണ്ടായിരുന്നു. രണ്ടാം പ്രതി സുരേന്ദ്രന് ചില്ലറ കഞ്ചാവ് വില്‍പ്പന നടത്തിവരുന്നയാളാണ്. സുരേന്ദ്രന്റെ കഞ്ചാവ് വില്‍പ്പന സംബന്ധിച്ചുള്ള വിവരം നസ്രത്തുള്ള എക്സൈസുകാരോട് പറഞ്ഞു. ഇക്കാര്യത്തില്‍ സുരേന്ദ്രനും നസ്രത്തുള്ളയോട് വിരോധമുണ്ടായിരുന്നു. സംഭവദിവസം രാത്രി ഒമ്പതിനാണ് സുരേന്ദ്രനെ എക്സൈസ് കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചത്.
സംഭവം നടന്ന തിങ്കളാഴ്ച ഇരുവരും നസ്രത്തുള്ളയെ കൊല്ലണമെന്ന ലക്ഷ്യത്തോടെ രാത്രി 11 മണിയോടെ ബിവ്റേജ്സിന്റെ ചില്ലറ വില്‍പ്പനശാലക്ക് സമീപം പുതുതായി തുടങ്ങുന്ന ടൈല്‍സ് ഷോറൂമിനായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ഷെഡ്ഡിലെത്തി. ഇവിടെയാണ് നസ്രത്തുള്ള കിടന്നുറങ്ങിയിരുന്നത്. രണ്ടു പ്രതികളും ഷെഡ്ഡിലുണ്ടായിരുന്ന സിമെന്റ് കട്ടയെടുത്ത് ശക്തിയായി എറിഞ്ഞ് നസ്രത്തുള്ളയുടെ തലക്ക് ഗുരുതരമായ പരിക്കേല്‍പ്പിച്ചു. തലയോട്ടി പൊട്ടിയുണ്ടായ രക്തസ്രാവമാണ് മരണകാരണമായി പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. സംഭവം നടക്കുന്നതിന് സമീപം മദ്യപിച്ച് കിടന്നിരുന്ന ലോറന്‍സ് എന്നയാളെ ശബ്ദം കേള്‍ക്കാതിരിക്കാന്‍ രാത്രിയില്‍ പ്രതികള്‍ എഴുന്നേല്‍പ്പിച്ച് മറ്റൊരിടത്തേക്ക് മാറ്റിക്കിടത്തുകയും ചെയ്തിരുന്നു.
ഭാര്യ കോമളത്തെ കൊന്ന കേസിലെ പ്രതിയാണ് കണ്ണന്. തമിഴ്നാട് രാമനാഥപുരം, കുനിയമ്പത്തൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ വാഹനമോഷണ കേസിലെ പ്രതിയാണ് സുരേന്ദ്രന്. കേസിലകപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ആറര വര്‍ഷമായി നിലമ്പൂരില്‍ ഒളിവില്‍ കഴിയുകയാണ് ഇയാള്‍. പ്രതികളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സിഐയെ കൂടാതെ നിലമ്പൂര്‍ എസ്ഐ മനോജ് പറയട്ട, എടക്കര എസ്ഐ. സുനില്‍ പുളിക്കല്‍, എസ്ഐ പ്രദീപ്, സിപിഒ പത്മനാഭന് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: