മലപ്പുറം: കര്‍ഷക ദിനാഘോഷത്തില്‍ വകുപ്പ് ഭരിക്കുന്ന കക്ഷിയുടെ പ്രതിനിധിയെ വേദിയിലേക്ക് ക്ഷണിക്കാത്തതില്‍ പാര്‍ട്ടിയുടെ പകപോക്കല്‍. വെളിയങ്കോട് കൃഷി ഭവനിലെ അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ കെ.വി.ശശികുമാറിനെ 43 കിലോമീറ്റര്‍ ദൂരത്തേക്ക് സ്ഥലം മാറ്റിയാണ് പാര്‍ട്ടി പകരം വീട്ടിയത്. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് സ്ഥലമാറ്റമെന്ന് അഗ്രിക്കള്‍ച്ചറല്‍ അസ്സിസ്റ്റന്റ്സ് അസ്സോസിയേഷന് ജില്ലാ കമ്മിറ്റി ആരോപിച്ചു.
കര്‍ഷക ദിനാഘോഷത്തിന്റെ ആദ്യം മുതലുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത് കൃഷി ഓഫീസറാണ്. അദ്ദേഹമാണ് ചടങ്ങില്‍ സ്വാഗതം പറയേണ്ടതും. യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുന്നതാകട്ടെ സ്ഥലം പഞ്ചായത്ത് പ്രസിഡന്റും.
എന്നാല്‍ ഭരണമുന്നണിയിലെ വകുപ്പ് ഭരിക്കുന്ന കക്ഷിയുടെ പ്രതിനിധിയെ പ്രസംഗത്തിന് ക്ഷണിക്കാത്തതിനാണ്, കര്‍ഷക ദിനാഘോഷത്തില്‍ യാതൊരു ചുമതലയുമില്ലാത്ത കൃഷി അസിസ്റ്റന്റിനെ സ്ഥലം മാറ്റിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം വകുപ്പിലെ അഴിമതിക്കെതിരെ പ്രതികരിച്ച ജീവനക്കാരെ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റിയത് ജീവനക്കാരുടെ ഇടയില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. രാഷ്ട്രീയപ്രേരിതമായ സ്ഥലംമാറ്റത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയും പ്രതികാര നടപടി തുടരുകയാണ്. ജീവനക്കാരെ ദ്രോഹിക്കുക എന്ന ഉദ്ദ്യേശത്തോടെയുള്ള രാഷ്ട്രീയ പ്രേരിതമായ ഇത്തരം സ്ഥലം മാറ്റങ്ങള്‍ ജീവനക്കാരുടെ ആത്മാര്‍ഥതയെയും, അത്മഭിമാനത്തെയും ചൊദ്യം ചെയ്യുന്നതാണെന്നും ഈ വിഷയത്തില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകാത്ത പക്ഷം സമര പരിപാടികളുമായി മുന്‍പോട്ടു പോകുവാന്‍ തീരുമാനിച്ചതായി അഗ്രിക്കള്‍ച്ചറല്‍ അസ്സിസ്റ്റന്റ്സ് അസ്സോസിയേഷന് ഭാരവാഗികള്‍ അറിയിച്ചു.
യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പി.എം.നിഷാദ്, ജില്ലാ പ്രസിഡന്റ് ടി.ആര്.അനൂപ്, ജില്ലാ സെക്രട്ടറി മണികണ്ഠന്, ഫിറോസ് ബാബു, വി.എം.സിദ്ധീക്ക് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: