കോഴഞ്ചേരി: ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള കല്‍പ്പടവ് വീണ്ടെടുക്കുന്നതിനുള്ള പണികള്‍ ആരംഭിച്ചു. ശില്പഭംഗികൊണ്ട് മനോഹരമായ ക്ഷേത്ര ഗോപുരത്തിലേക്ക് കയറുന്നതിനായി കരിങ്കല്‍ പാളികളാല്‍ നിര്‍മ്മിച്ചതാണ് 18 കല്‍പ്പടവുകള്‍. അശാസ്ത്രീയമായ റോഡ് നിര്‍മ്മാണംമൂലം ആറന്മുള ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ കല്പ്പടവുകളില് ഒരെണ്ണം കാണാന്‍ പറ്റാത്ത വിധം മൂടപ്പെട്ടിരുന്നു. കിഴക്കേനട മുതല്‍ തറയില്‍മുക്ക് വരെയുള്ള റോഡിന്റെ കാലാകാലങ്ങളിലുണ്ടായ ടാറിംങ് മൂലമാണ് ഒരു പടി മുമ്പ് മൂടപ്പെട്ടിരുന്നത്. ഈവര്‍ഷത്തെ ടാറിംങ് പൂര്‍ത്തിയാകുമ്പോള്‍ വീണ്ടും ഒരു പടികൂടി മൂടപ്പെട്ട് 16 പടികളായി മാറുന്ന അവസ്ഥയില്‍ എത്തിച്ചേരുമായിരുന്നു. ഇതിനെതിരേ ഉണ്ടായ ശക്തമായ പ്രതിഷേധവും പരാതികളുടേയും ഫലമായി 18 പടികളും കാണുംവിധം ആ ഭാഗത്തെ റോഡിന്റെ ആഴംകൂട്ടി ഗ്രില്ലുകള്‍ പിടിപ്പിച്ച് ക്ഷേത്രത്തിലേക്ക് കയറുവാനുള്ള ക്രമീകരണത്തിനായി മണ്ണ് നീക്കം ആരംഭിച്ചു. മുമ്പ് എല്‍ഡിഎഫ് ഭരണകാലത്ത് ദേവസ്വം മന്ത്രിയായിരുന്ന ജി.സുധാകരന് ആറന്മുളയിലെ ഒരു യോഗത്തില്‍ പങ്കെടുത്തപ്പോള്‍ ഭക്തജനങ്ങളും നാട്ടുകാരും ഈ വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. അന്ന് പരിഹാരമുണ്ടാക്കാമെന്ന മന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല.ഭക്തജനങ്ങളുടെ ദീര്‍ഘനാളായുള്ള ആവശ്യം നിറവേറുന്നു എന്നുള്ള സന്തോഷത്തിലാണ് ഭക്തജനങ്ങളും നാട്ടുകാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: