കല്‍പ്പറ്റ : നിരോധിക്കപ്പെട്ടതോ ഉപയോഗം നിയന്ത്രിക്കപ്പെട്ടതോ ആയ കീടനാശിനികള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കടത്തി കൊണ്ടുവരുന്നത് തടയുന്നതിനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ കൃഷിവകുപ്പ് സംസ്ഥാനതല കാമ്പയിന് നടത്തുന്നു. ഇതിന്റെ ഭാഗമായി എല്ലാ കീടനാശിനി വിതരണ/വിപണന കേന്ദ്രങ്ങളിലും കീടനാശിനി പരിശോധനാ ഇന്‍സ്പെക്ടര്‍മാര്‍ കര്‍ശനപരിശോധന നടത്തും. നിരോധിക്കപ്പെട്ട കീടനാശിനികളോ ലൈസന്‍സ് നല്കിയിട്ടില്ലാത്ത കീടനാശിനികളോ സൂക്ഷിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍സെക്ടിസൈഡ്സ് ആക്ട് പ്രകാരം കര്‍ശന ശിക്ഷണ നടപടികള്‍ കൈക്കൊളളുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ നിയമ പ്രകാരം അംഗീകാരമില്ലാത്ത കീടനാശിനികള്‍ വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും വില്പനക്കായി പ്രദര്‍ശിപ്പിക്കുന്നതും രണ്ടു വര്‍ഷം വരെ തടവും പിഴയും കിട്ടത്തക്കവിധത്തില്‍ ശിക്ഷാര്‍ഹമാണ്. നിയന്ത്രിത ഉപയോഗത്തിന് മാത്രമായി നിഷ്കര്‍ഷിച്ചിട്ടുളള കീടനാശിനികള്‍, മേലില്‍ കൃഷി ഓഫീസറുടെ ശുപാര്‍ശ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കീടനാശിനി ഡിപ്പോകളില്‍ നിന്നും കര്‍ഷകര്‍ക്ക് വില്പന നടത്തുവാന്‍ പാടുളളു. ഇത് ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം ഡിപ്പോകളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് ഇന്‍സെക്ടിസൈഡ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് കൃഷി ഡയറക്ടര്‍ നിര്‍ദ്ദേശം നല്കി.
അതിര്‍ത്തി ജില്ലകളിലേക്ക് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുളള കീടനാശിനികളുടെ വരവ് നിരീക്ഷിക്കുവാന്‍ പ്രത്യേക സംവിധാനം ഒരുക്കും. ഇതിനായി ജില്ലാ തലത്തില്‍ രൂപീകരിച്ചിട്ടുളള വിജിലന്‍സ് കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതാണ്. ഇതിനുപുറമെ, സംസ്ഥാനതല വിജിലന്‍സ് സ്ക്വാഡും ജില്ലകള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തും. മലയോര ജില്ലകളിലെ തോട്ടങ്ങളിലും മറ്റും കീടനാശിനി വിതരണക്കാര്‍ മാരക കീടനാശിനികള്‍ നേരിട്ട് എത്തിച്ചുകൊടുക്കുന്നതായും അത്തരം കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായുംപരാതികള് ഉയര്‍ന്നിട്ടുണ്ട്. ഇത്തരം പരാതികളില്‍, ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍മാര്‍ ശക്തമായി നടപടികൈക്കൊളളും.
കീടനാശിനി നിര്‍മ്മാതാക്കളും വിതരണക്കാരും കര്‍ഷകര്‍ക്കോ കര്‍ഷക സമിതികള്‍ക്കോ നേരിട്ട് കീടനാശിനികള്‍ വിതരണം ചെയ്യുവാന്‍ പാടുളളതല്ല. കീടനാശിനി കമ്പനികളും വിതരണക്കാരും കൃഷി വകുപ്പിന്റെ അംഗീകാരമില്ലാതെ കൃഷിയിടങ്ങളില്‍ നേരിട്ട് വിളപരീക്ഷണങ്ങളും ഡമോ ണ്സ്ട്രേഷനുകളും നടത്തുന്നതും അനുവദനീയമല്ല.
കീടനാശിനികളുടെ ഉപയോഗം ക്രമമായി കുറയ്ക്കുവാനും കീടനാശിനികള്‍ക്കു പകരമായി അനുവര്‍ത്തിക്കാവുന്ന നൂതന കൃഷി മുറകളെ സംബന്ധിച്ച് കര്‍ഷകരെ ബോധവല്‍ക്കരിക്കാനും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുവാനും ലക്ഷ്യമിട്ട് കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന കാമ്പയിന് കര്‍ഷകരുടെയും പൊതുജനങ്ങളുടെയും മറ്റു സാമൂഹ്യസംഘടനകളുടെയും പൂര്‍ണ്ണമായ സഹകരണം ഉണ്ടാകണമെന്ന് കൃഷിഡയറക്ടര് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: