കല്‍പ്പറ്റ:പ്രതിരോധ മരുന്നുപുയോഗിച്ച് തടയാനാകുന്ന ഏഴ് ശൈശവകാല രോഗങ്ങള്‍ക്കെതിരായ സമ്പൂര്‍ണ്ണ രോഗപ്രതിരോധം എല്ലാ കുട്ടികള്‍ക്കും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഇന്ദ്രധനുഷ് ദൗത്യം 2014 ഡിസംബര്‍ 25 ന് ആരംഭിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ്ണ രോഗപ്രതിരോധ ശതമാനം 65 ല്‍ നിന്നും 90 ആയി ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഡിഫ്ത്തീരിയ, വില്ലന്‍ ചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, ആഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് ബി എന്നീ രോഗങ്ങളുടെ പ്രതിരോധമാണ് പദ്ധതിയിലൂടെ ഉറപ്പാക്കുന്നത്. തെരഞ്ഞെടുത്ത ജില്ലകളില്‍ ജപ്പാന് എന്‍സഫലൈറ്റിസ്, ഹീമോഫീലിസ് ഇന്‍ഫഌവന്‍സ ടെപ്പ് ബി എന്നിവയുടെ പ്രതിരോധ മരുന്നും ലഭ്യമാക്കിയിട്ടുണ്ട്. രാജ്യത്തെ 201 ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ കാസര്‍ഗോഡ്, മലപ്പുറം എന്നീ ജില്ലകള്‍ ഇക്കൂട്ടത്തില്‍ പെടുന്നു. 1985 മുതല്‍ ഇന്ത്യയില്‍ സാര്‍വത്രിക രോഗപ്രതിരോധ പദ്ധതി നിലവിലുണ്ട്. എന്നാല്‍ രാജ്യത്തെ 89 ലക്ഷത്തോളം കുട്ടികള്‍ പദ്ധതി പ്രകാരം ലഭ്യമാക്കിയിട്ടുള്ള പ്രതിരോധ മരുന്നുകള്‍ പൂര്‍ണ്ണമായും ലഭിക്കാത്തവരാണ്. ഇവരില്‍ 17 ലക്ഷം കുട്ടികളാകട്ടെ ഒരു പ്രതിരോധ മരുന്നു പോലും ലഭിക്കാത്തവരാണ്. പ്രതിരോധ മരുന്നുകളെക്കുറിച്ചുള്ള രക്ഷകര്‍ത്താക്കളുടെ അറിവില്ലായ്മയാണ് ഇതിന്റെ പ്രധാന കാരണം. പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള ഭയവും, മരുന്നിന്റെ ലഭ്യതയില്ലായ്മയും മറ്റു കാരണങ്ങളാണ്. നഗര പ്രദേശങ്ങളിലെ അഞ്ച് ശതമാനം കുട്ടികളും, ഗ്രാമപ്രദേശങ്ങളിലെ എട്ട് ശതമാനം കുട്ടികളും പ്രതിരോധ മരുന്നുകള്‍ ലഭിക്കാത്തവരാണ്. രാജ്യത്തെ മൂന്നു കുട്ടികളില്‍ ഒരാള്‍ക്കു വീതം എല്ലാ മരുന്നുകളും ലഭിച്ചിട്ടില്ലാത്ത അവസ്ഥയാണുള്ളത്. ഇന്ത്യയില്‍ പ്രതിവര്‍ഷം ജനിക്കുന്ന 2.7 കോടി കുട്ടികളില്‍ 18.3 ലക്ഷം കുട്ടികള്‍ അഞ്ച് വയസ്സിനു മുന്‍പ് മരണപ്പെടുന്നു. താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികളാണ് കൂടുതലായും മരണപ്പെടുന്നത്. ശിശു മരണങ്ങള് തടയാനുള്ള ചെലവു കുറഞ്ഞ മാര്‍ഗ്ഗമായാണ് കേന്ദ്ര ഗവണ്മെന്റ് പ്രതിരോധ പദ്ധതികളെ കാണുന്നത്. ഇന്ദ്രധനുഷ് ദൗത്യത്തിന്റെ 2015 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള ആദ്യഘട്ടത്തില്‍ നാല് പ്രത്യേക പ്രതിരോധ മരുന്ന് വിതരണ കാമ്പയിനുകള്‍ നടന്നു. രണ്ട് വയസ്സിനു താഴെയുള്ള എല്ലാ കുട്ടികളെയും, ഗര്‍ഭിണികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഈ ഘട്ടത്തില്‍, 4-5 ആഴ്ചയില്‍ കൂടാത്ത ഇടവേളകളില്‍, ഏഴ് ദിവസത്തെ പ്രത്യേക പ്രതിരോധമരുന്ന് വിതരണം മാസം തോറും നടക്കുന്നു. പ്രതിരോധ പരിപാടികള്‍ക്കായി കൃത്യമായ ആസൂത്രണം നടത്തുക, പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുക, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ട പരിശീലനം നടത്തുക എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ദേശീയ, സംസ്ഥാന, ജില്ലാ തല കര്‍മ്മസേന രൂപീകരിക്കുന്നതും പദ്ധതില്‍ ഉള്‍പ്പെടുന്നു.ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സംസ്ഥാന തലത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിക്കേണ്ടത് സംസ്ഥാന ഗവണ്മെന്റിന്റെ ചുമതലയാണ്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും, ദേശീയ ആരോഗ്യ പദ്ധതിയുടെ മിഷന് ഡയറക്ടറും, എല്ലാ ജില്ലകളിലെയും ജില്ലാ മജിസ്ട്രേട്ടിനെ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ ധരിപ്പിക്കുന്നതിനായി വീഡിയോ കോണ്‍ഫറസുകള്‍ നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. പദ്ധതിയുടെ പ്രചാരണത്തിനായുള്ള ബാനറുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ അച്ചടിച്ച് വിതരണം ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഫണ്ട് വിനിയോഗം, മരുന്ന് വിതരണം എന്നിവയും സംസ്ഥാന സര്‍ക്കാരിന്റെ ചുമതലകളാണ്. ജില്ലാതലത്തില്‍ പദ്ധതിയുടെ നടപ്പാക്കല്‍ ചുമതല ജില്ലാ മജിസ്ട്രേട്ടിനാണ്. ബ്ലോക്ക് തലത്തില്‍ പദ്ധതി നടപ്പാക്കുന്നത് ബ്ലോക്ക് വികസന ഓഫീസര്‍ ആണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ആശാ, അംഗന്‍വാടി പ്രവര്‍ത്തകര്‍ക്കും ബ്ലോക്ക്/ നഗര മേഖലാ തലത്തിലാണ് പരിശീലനം നല്‍കുന്നത്. പ്രതിരോധ മരുന്ന് ഉപകേന്ദ്രങ്ങള്‍ ഇല്ലാത്തതും, പതിവ് രോഗപ്രതിരോധ പരിപാടികള്‍ നടക്കാത്തതും, പോളിയോ രോഗത്തിന് ഉയര്‍ന്ന സാധ്യതയുള്ളതായി കണ്ടെത്തിയവയുമായ പ്രദേശങ്ങള്‍ക്ക് പദ്ധതിയില്‍ പ്രത്യേക പ്രാധാന്യം നല്കുന്നു. നഗരങ്ങളിലെ ചേരി പ്രദേശങ്ങള്‍, നാടോടികളുടെ വാസസ്ഥലങ്ങള്‍, കെട്ടിട നിര്‍മ്മാണ മേഖലകള്‍, വനം, ആദിവാസി മേഖലകള്‍, ആഞ്ചാംപനി, ഡിഫ്ത്തീരിയ എന്നിവ പടര്‍ന്നു പിടിച്ച മേഖലകള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്കും പദ്ധതിയില്‍ പ്രത്യേക പ്രാധാന്യം നല്കിയിരിക്കുന്നു. ഉത്തര്‍ പ്രദേശ്, ബീഹാര്‍, മധ്യ പ്രദേശ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങള്‍ക്ക്, പദ്ധതിയില്‍ പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കാനായി തെരഞ്ഞെടുക്കപ്പെട്ട 201 ജില്ലകളിലെ പ്രതിരോധ മരുന്ന്ലഭിക്കാത്ത കുട്ടികളുടെ എണ്ണം, രാജ്യത്തെ പ്രതിരോധ മരുന്ന് ലഭിക്കാത്ത കുട്ടികളുടെ ആകെ എണ്ണത്തിന്റെ 50 ശതമാനം വരും.
കേരളത്തില്‍ പ്രതിവര്‍ഷം ജനിക്കുന്ന കുട്ടികളുടെ എണ്ണം 5,03,000 ആണ്. ശിശുമരണ നിരക്ക് ആയിരത്തില്‍ 12 ഉം, അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് ആയിരത്തില്‍ 13 ഉം ആണ്. കേരളത്തില്‍ സമ്പൂര്‍ണ്ണ രോഗപ്രതിരോധം നേടിയ കുട്ടികള്‍ 82.50 ശതമാനവും, ഭാഗിക രോഗപ്രതിരോധം നേടിയ കുട്ടികള്‍ 17.30 ശതമാനവും, പ്രതിരോധ മരുന്നുകള്‍ ലഭിക്കാത്ത കുട്ടികളുടെ എണ്ണം 0.20 ശതമാനവുമാണ്. ഭാഗിക രോഗപ്രതിരോധത്തിന്റെയും പ്രതിരോധ മരുന്നുകള്‍ നല്‍കാത്തതിന്റെയും കാരണം 84 ശതമാനം പേരില്‍ ആവശ്യമെന്നു തോന്നാത്തതും, 11.8 ശതമാനം പേരില്‍ മരുന്നിനെക്കുറിച്ചുള്ള അറിവില്ലായ്മയും, 2.9 ശതമാനം പേരില്‍ എവിടെ നിന്ന് മരുന്ന് ലഭിക്കുമെന്നറിയാത്തതും, 1.3 ശതമാനം പേരില്‍ പാര്‍ശ്വ ഫലങ്ങളെക്കുറിച്ചുള്ള പേടിയും, 0.4 ശതമാനം പേരില്‍ സമയക്കുറവും, 1.3 ശതമാനം പേരില്‍ ചെലവ് താങ്ങാനാകാത്തതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: