പണ്ട്, എന്നുവെച്ചാല്‍ വളരെ പണ്ടൊന്നുമല്ല. 1978-79 ലെ ഏതോ നാളില്‍ വൈകിട്ട് എറണാകുളത്തെ കലൂരില്‍ സിപിഐയുടെ യോഗത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സഖാവ് അച്യുതമേനോന് ചിലതു പറഞ്ഞു. അത് അണികളില്‍ ഒരുതരത്തില്‍ പരിഭ്രാന്തിയൊക്കെയുണ്ടാക്കിയെങ്കിലും കൂടുതല്‍ ചോദിക്കാനും വിശകലിക്കാനും ഒന്നും പോയില്ല. അത് കേട്ടവാറെ മാര്‍ക്സിസ്റ്റുകള്‍ക്ക് വല്ലാത്ത കലിപ്പ് വന്നുവെന്നത് നേരാണ്. അദ്ദേഹം പറഞ്ഞതിന്റെ നേര്‍വാക്കുകള്‍ അതേപടി ഓര്‍മയില്‍ നില്‍ക്കുന്നില്ലെങ്കിലും സ്വാരസ്യം ഇന്നും പച്ച പിടിച്ചു കിടപ്പുണ്ട്. രാമനെയും കൃഷ്ണനെയും ആര്‍ക്കും വിട്ടുകൊടുക്കുകയൊന്നും വേണ്ട. അതൊക്കെ ഭാരതത്തിന്റെ സംസ്കാരവും തുടിപ്പുമാണ്. അതൊന്നും ആര്‍എസ്എസുകാര്‍ക്ക് വിട്ടുകൊടുക്കേണ്ട കാര്യമില്ല. എന്നിങ്ങനെയായിരുന്നു അത്.
മാര്‍ക്സിന്റെ മായാവാദത്തില്‍ നിന്ന് ആവേശം പൂണ്ടവര്‍ക്ക് രാമനും കൃഷ്ണനും വിവേകാനന്ദനുമുള്പ്പെടെയുള്ള സകല മാതൃകാപുരുഷോത്തമന്മാരും വര്ജ്യരായിരുന്നു. അവരെ ആരാധിക്കുന്നവരോടും ആ സംസ്കാരത്തെ അനുഗമിക്കുന്നവരോടും ശരിക്കും കലിപ്പായിരുന്നു.(അതെ, കബാലിക്കലിപ്പ്). എന്നാല്‍ മുപ്പത്തേഴ് വര്‍ഷത്തിനിപ്പുറത്തെ കഥയെന്താ ?
ബാലഗോകുലത്തിന്റെ അന്യാദൃശമായ ശോഭായാത്ര സംസ്കാരം ഈച്ചക്കോപ്പിയാക്കി മാര്‍ക്സിസ്റ്റുകള്‍ അര്മാദിക്കുന്നു. അത്യാവശ്യം പണ്ടത്തെ കലിപ്പ് ശേഷിക്കുന്നതിനാല്‍ ചില അപഭ്രംശങ്ങളൊക്കെ അവരുടെ യാത്രയില്‍ കാണാം എന്നേയുള്ളു. അച്യുതമേനോന് ഒരുപക്ഷേ, മറ്റേതോ ലോകത്തിരുന്ന് അതു കണ്ട് നിര്വൃതിയടയുന്നുണ്ടാവാം. അതിനെക്കാള്‍ വാത്സല്യ മനസ്സോടെ മറ്റൊരാള്‍ ഇവിടെയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനമായി ബാലഗോകുലം പടര്‍ന്നുപന്തലിക്കുമ്പോള്‍ അതിന് ബീജാവാപം നടത്തിയ എംഎ സാര്‍ എന്ന് സ്നേഹപൂര്‍വം വിളിക്കുന്ന എം.എ കൃഷ്ണന്. കൃതാര്ത്ഥാഭരിതമായ മനസ്സോടെ എറണാകുളത്തെ മാധവനിവാസില്‍ ഇരുന്ന് സ്ഥിതിഗതികള്‍ അദ്ദേഹം സാകൂതം വീക്ഷിക്കുകയാണ്.
മാര്‍ക്സില്‍ നിന്ന് വിവേകാനന്ദനില്‍ എത്തിയ മാര്‍ക്സിസ്റ്റുകള്‍ ഒടുവില്‍ മഹര്‍ഷിയില്‍ എത്തിനില്‍ക്കുന്ന ആ കാഴ്ച നയനാനന്ദകരമല്ലേ? ക്രൗര്യം തിളയ്ക്കുന്ന അവരുടെ കണ്ണില്‍ കണ്ണന്റെ കനിവൂറുന്ന ഭാവം വന്നെങ്കില്‍ ഇനിയെന്തെന്തൊക്കെ മാറ്റങ്ങളാവും ഉണ്ടാവുകയെന്ന് പറയേണ്ടതുണ്ടോ! തൊണ്ട പൊട്ടിച്ച് മുദ്രാവാക്യം മുഴക്കാനും അന്യന്റെ ചങ്കില് കത്തികയറ്റാനും ശീലിച്ചുപോയവര്‍ മാനവികതയിലേക്കു തിരിച്ചു നടക്കുമ്പോള്‍ അതൊരു സുഖമുള്ള അനുഭവമാവുകയാണ്. വരും വര്‍ഷങ്ങളില്‍ ഇത് കൂടുതല്‍ വര്ണ്ണാഭമായിത്തീരട്ടെ എന്ന് ആശംസിക്കുക. അതിനൊപ്പം കണ്ണീരിന്റെ കണ്ണൂര്‍ കനിവിന്റെ കണ്ണൂരാവുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുക. ആന്‍ ഐഡിയ കാന്‍ ചെയ്ഞ്ച് യുവര്‍ ലൈഫ് എന്നല്ലേ. മഹര്‍ഷിയിലേക്കു മടങ്ങാന്‍ അടുത്തെങ്ങാന്‍ മാര്‍ക്സിസ്റ്റുകള്‍ക്ക് ഉപദേശം കിട്ടിയോ ആവോ.
കഠിനാദ്ധ്വാനത്തിലൂടെ വലിയ ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്താല്, പൊതുവെ അവരുടെ സ്വഭാവം മാറാറുണ്ട്. ഉദാഹരണങ്ങള്‍ അനവധി. എന്നാല്‍ വന്നവഴി മറക്കാതെ, ആ വഴിയെക്കുറിച്ച് അടുത്ത തലമുറ കണിശമായി മനസ്സിലാക്കണമെന്ന് കരുതുന്നവരും ഉണ്ട്. അവര്‍ അനവധി ഉണ്ടാവില്ലായിരിക്കാം. എന്നാല്‍ സൂര്യന് എന്തിനധികം, ഒന്നുപോരെ. അതുപോലെയുള്ള രണ്ടു പേരെക്കുറിച്ച് രണ്ടുവരി. അത് നമുക്ക് തരുന്ന ഊര്‍ജം വളരെ വലുതാണ്. മലയാള മനോരമയുടെ ഞായറാഴ്ച (ആഗസ്റ്റ് 21) യില്‍ വന്ന വാര്ത്താകഥയിലെ വ്യക്തിയാണ് ദ്രവ്യ ധൊലാക്കിയ.
അദ്ദേഹത്തിന്റെ പിതാവ് ഗുജറാത്തിലെ കോടികളുടെ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായ സാവ്ജി ധൊലാക്കിയ ആണ്. വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ച ദ്രവ്യന് ഈ ഭൂമിയില്‍ കിട്ടാവുന്ന ഏതു സൗഭാഗ്യവും നിഷ്പ്രയാസം അനുഭവിക്കാന്‍ യോഗമുണ്ട്. എന്നാല്‍ ആ പിതാവ് ചെയ്തതെന്താണ്? വിദേശത്ത് ഉന്നത പഠനത്തിനു പോവും മുമ്പ് ജീവിതപരീക്ഷ പാസ്സാകാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. കൈയില്‍ 7000 രൂപയും കൊടുത്ത് സ്വയം തൊഴില്‍ തേടാന്‍ ദ്രവ്യനെ കൊച്ചിയിലയച്ചു. അടിയന്തര ഘട്ടത്തില്‍ മാത്രമേ ആ പണം ഉപയോഗിക്കാവൂ എന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഭാഷയറിയാതെ, സംസ്ഥാനത്തെക്കുറിച്ച് ഒരു ധാരണയുമില്ലാതെ ആ ചെറുപ്പക്കാരന് കൊച്ചിയില്‍ അക്ഷരാര്‍ത്ഥത്തില്‍ അലഞ്ഞു. ജോലി തേടി പലയിടത്തും ചെന്നു.
ആക്ഷേപം കേട്ടു, ആട്ടിയിറക്കി. അതിനിടെ നല്ലവരായ ചില മനുഷ്യരുടെ കരുതിവെപ്പില്‍ മനം കുളിര്‍ത്തു. ഒടുവില്‍ ജോലി കിട്ടി, ശമ്പളവുമായി. ജോലി തേടിപ്പോകുന്ന അഭ്യസ്ഥവിദ്യന്റെ വേദനകള്‍, കഷ്ടപ്പാട്, അവഗണന, അപമാനം അങ്ങനെയങ്ങനെ സര്‍വകലാശാലകളില്‍ നിന്ന് ഫീസ് കൊടുത്താലും പഠിക്കാനാകാത്ത പാഠങ്ങള്‍ ഒട്ടേറെ പഠിച്ചു. എന്തിനാണ് കോടീശ്വരനായ പിതാവ് മകനെ മനുഷ്യന്റെ വേദനകള്‍ അറിയാന്‍ വിട്ടത്.
സുഖസമൃദ്ധമായ സംവിധാനത്തിന്റെ കുളിര്‍മയില്‍ അഭിരമിച്ചുപോയാല് മനുഷ്യത്വം എന്തെന്നറിയാനാവില്ല. മനുഷ്യത്വം ഇല്ലെങ്കില്‍ എന്തുണ്ടായിട്ടും കാര്യവുമില്ല. ഈ പാഠം മകനെ പഠിപ്പിക്കാന്‍ അച്ഛന് കണ്ടെത്തിയത് വിചിത്രമായ മാര്‍ഗമായി തോന്നാം. ആ പിതാവ് എന്തിലും വ്യത്യസ്തനാണ്. ആറായിരം കോടിയിലേറെ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് ദീപാവലി സമ്മാനമായി ഫ്ളാറ്റും കാറും വജ്രാഭരണങ്ങളും നല്കിയ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ദൈവം കൈയൊപ്പിട്ടില്ലെങ്കിലല്ലേ അത്ഭുതമുള്ളു. ഹൃദയസ്പര്‍ശിയായ സംഭവകഥ നമുക്കുമുമ്പില്‍ അവതരിപ്പിച്ചിരിക്കുന്നത് പ്രകാശ് മാത്യുവാണ്. തലക്കെട്ട് ഇങ്ങനെ: വിശപ്പറിഞ്ഞ് രാജാവിന്റെ മകന്.
2014 ഡിസംബറിലും ഇതിനു സമാന വികാരമുള്ള ഒരു സംഭവം കേരളത്തിലുണ്ടായിട്ടുണ്ട്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കാണാനും അവര്‍ക്ക് ആവുന്നത്ര സഹായങ്ങള്‍ നല്‍കാനും സ്നേഹദീപം ഹൃദയത്തില്‍ തെളിഞ്ഞുകത്തുന്ന ഒരു വ്യവസായി എത്തി. വ്യത്യസ്തമായ രീതിയിലാണ് അദ്ദേഹം 25 ലക്ഷത്തോളം രൂപ അവരുടെ കൂട്ടായ്മക്ക് നല്‍കിയത്. ഒപ്പം അവിടത്തെ കുട്ടികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
എന്താവശ്യമുണ്ടെങ്കിലും താന്‍ ഉണ്ടാവുമെന്ന ഉറപ്പും നല്കി. ആ വ്യവസായി കല്യാണ്‍ ജ്വല്ലേഴ്സ് ഗ്രൂപ്പിന്റെ ഉടമ കല്യാണരാമനായിരുന്നു. എന്തായിരുന്നു അതിലെ പ്രത്യേകത? തന്റെ കൊച്ചുമക്കളെയും കൂട്ടിയായിരുന്നു ദുരിതബാധിതരുടെ കണ്ണീരൊപ്പാനെത്തിയത്. അവരുടെ കുഞ്ഞിക്കൈകള്‍ കൊണ്ടാണ് അവിടെയുള്ള കുട്ടികള്‍ക്ക് സമ്മാനപ്പൊതികള്‍ നല്‍കിയത്. അന്ന് അദ്ദേഹം പറഞ്ഞു.: എന്റെ കൊച്ചുമക്കള്‍ക്ക് ഇന്ന് ഏതു സൗഭാഗ്യവും അനുഭവിക്കാന്‍ യോഗമുണ്ട്. അവര്‍ ജീവിതത്തിന്റെ ഒരു മുഖം മാത്രം കണ്ടാണ് വളരുന്നത്. എന്നാല്‍ ഇങ്ങനെയും ഒരു മുഖമുണ്ടെന്ന് അറിയണം. എങ്കിലേ സഹായമനസ്കതയുണ്ടാവൂ. അടുത്ത തലമുറയില്‍ കൂടി നന്മയുടെ പ്രകാശം കൂടുതല്‍ ദീപ്തമാവണമെന്ന് ആഗ്രഹിക്കുന്ന കല്യാണരാമനും ഗുജറാത്തിലെ വ്യാപാരി സാവ്ജി ധൊലാക്കിയയും നമ്മുടെ മുമ്പിലെ പ്രകാശ ഗോപുരങ്ങളല്ലേ? അവരെ വിശേഷിപ്പിക്കാന്‍ വാസ്തവത്തില്‍ വാക്കുകളുണ്ടോ? പരിമിതമായ വാക്കുകളില്‍ പരിമിതിയില്ലാത്ത അവരുടെ സ്നേഹത്തെ എങ്ങനെ നാം തളച്ചിടും? ആ മാനവികതയ്ക്കുമുമ്പില് കാലികവട്ടം നമ്രശിരസ്കനാവുന്നു.
നേര്‍മുറി
കോണ്‍ഗ്രസ് നേതാക്കള്‍
ബാലവേദിയുടെ
ഭാരവാഹികളാവുന്നു : വാര്‍ത്ത
രാഹുല്‍ജീ ആപ്കാ സമയ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: