അരനൂറ്റാണ്ടോളം അപ്പുറത്ത് കോഴിക്കോട്ട് നടന്ന ഭാരതീയ ജനസംഘത്തിന്റെ 14-ാം അഖിലഭാരതീയ സംപൂര്‍ണ സമ്മേളന തയ്യാറെടുപ്പുകളില്‍ കൈയും മെയ്യും മറന്നു പ്രവര്‍ത്തിച്ച ചിലരെക്കുറിച്ച് ഈ പംക്തിയില്‍ മുമ്പ് പരാമര്‍ശിച്ചിരുന്നു. കുറേ ആളുകളെയും ഓര്‍മകളെയുംകൂടി ഇവിടെ കുറിക്കുകയാണ്.
സമ്മേളനം കോഴിക്കോട്ടാവുമെന്ന് തീരുമാനിക്കപ്പെട്ടുകഴിഞ്ഞപ്പോള്‍ അതെവിടെ നടത്തണമെന്ന പ്രശ്നം വന്നു. അക്കാലത്ത് കോഴിക്കോട്ടെ പ്രധാന പരിപാടികളൊക്കെ നടന്നുവന്നത് തളിയിലെ സാമൂതിരി ഹൈസ്കൂള്‍ വളപ്പിലെ ഗുരുവായൂരപ്പന് ഹാളിലായിരുന്നു. 1966 ല്‍ സംഘത്തിന്റെ മൂന്നുദിവസത്തെ സംസ്ഥാന ശിബിരം നടന്നതവിടെയായിരുന്നു. മൂന്നു ദിവസവും പൂജനീയ ഗുരുജി പങ്കെടുത്ത ആ ശിബിരത്തില്‍ ഏതാണ്ട് രണ്ടായിരത്തിനടുത്തു സ്വയംസേവകര്‍ പൂര്‍ണഗണവേഷധാരികളായി പങ്കെടുത്തു. പൊതുപരിപാടി മാനാഞ്ചിറ മൈതാനത്തും നടന്നു. സാധാരണ ദിവസങ്ങളിലെ സംഘസ്ഥന്‍, ശാരീരിക കാര്യക്രമങ്ങള്‍ സ്കൂളിന് പിന്നിലെ മൈതാനത്തായിരുന്നു.
ഈ ആവശ്യങ്ങള്‍ക്കായി മേല്‍പ്പറഞ്ഞ സ്ഥലങ്ങളുടെയെല്ലാം കൃത്യമായ അളവുകളും ഉപയോഗക്ഷമമായ ക്ലാസ്മുറികളുടെ വിവരങ്ങളും സംഘാധികാരിമാരുടെ കൈവശമുണ്ടായിരുന്നു. കോഴിക്കോട് വിഭാഗ് പ്രചാരകനായിരുന്ന ഹരിയേട്ടനും പ്രാന്തപ്രചാരക് ഭാസ്കര്‍ റാവുവും ഒരുമിച്ചിരുന്ന്, പ്രമുഖ ജനസംഘ പ്രവര്‍ത്തകര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍, സാമൂതിരി ഹൈസ്കൂള്‍ വളപ്പുതന്നെയാവണം സമ്മേളനത്തിന്റെ വേദിയും ഭോജനവ്യവസ്ഥയും ഒരുക്കാനുള്ള ഇടമെന്നുറപ്പായി. അതിനായി ആരുടെയൊക്കെ ഒത്താശയും അനുമതിയും നേടണമെന്ന അനുഭവവും ഹരിയേട്ടനുണ്ടായിരുന്നതു പ്രയോജനപ്പെട്ടു. പരമേശ്വര്‍ജി സ്കൂള്‍ മാനേജിങ് കമ്മറ്റിയിലെ പ്രമുഖനായിരുന്ന പി.ബി. കുറുപ്പിനെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ആരാഞ്ഞപ്പോള്‍ അദ്ദേഹമൊരു കോണ്‍ഗ്രസുകാരനാണെങ്കിലും രാജ്യമാസകലമുള്ള നേതാക്കള്‍ എത്തുന്ന ഈ മഹോത്സവത്തിന് സര്‍വസഹകരണവും വാഗ്ദാനംചെയ്തു. പരമേശ്വര്‍ജി സാമൂതിരി രാജാവിനെയും കണ്ട് അനുഗ്രഹം തേടി.
1966 ലെ പ്രാന്തീയ ശിബിരം കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചക്ക് ചാട്ടുപടിയായിത്തീര്‍ന്നിരുന്നു. അതുപോലെ ജനസംഘം സമ്മേളനവും നൂതനമായൊരു വഴിത്തിരിവും മുന്നേറ്റവും സൃഷ്ടിക്കുമെന്ന ആകാംക്ഷയും പ്രതീക്ഷയും സര്‍വത്രയുണ്ടായി. സമ്മേളന നടത്തിപ്പിന്റെ ആസൂത്രണത്തിനും നിര്‍വഹണത്തിനും നേതൃത്വം വഹിക്കാന്‍, ഒരു സര്‍വ സൈന്യാധിപന്റെ സ്ഥാനത്തേക്ക് ദീനദയാല്‍ജി, മഹാരാഷ്ട്ര സംഘടനാ കാര്യദര്‍ശി ശ്രീരാം ഭാവു ഗോഡ്ബോലേയെ ആണ് നിയോഗിച്ചതെന്ന് അറിവായി. അദ്ദേഹം എത്തുന്നതിനുമുമ്പുതന്നെ നമ്മളാല്‍ കഴിയുന്ന കാര്യങ്ങള്‍ ഒരുക്കാനുള്ള വ്യഗ്രതയിലായിരുന്നു, പരമേശ്വര്‍ജിയും രാജേട്ടനും മറ്റും.
മൈതാനത്തുതനെ സമ്മേളനവേദിയായ വലിയ വിരിപന്തലും അല്പം അരികിലായി ശൗചാലയങ്ങളും കുളിക്കാനുള്ള സൗകര്യങ്ങളും ഒരുക്കാനാണുദ്ദേശിച്ചത്. സമ്മേളനപ്പന്തലിന്റെ നിര്‍മ്മാണം പ്രശ്നമായി. കോഴിക്കോട്ടെ രണ്ട് സിവില്‍ എഞ്ചിനീയര്‍മാരായ സി.വേലായുധനും പി.കെ. ഭാസ്കരനുമായിട്ടാണ് പരമേശ്വര്‍ജി ഇക്കാര്യം ചര്‍ച്ചചെയ്തത്. ഇരുവരും കോഴിക്കോട്ടെ ആദ്യകാല ഊര്‍ജസ്വല സ്വയംസേവകരും സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളവരുമായിരുന്നു. അവര്‍ മൈതാനത്തിന്റെ അളവെടുത്ത് മൈതാനമധ്യത്തില്‍ തെക്കുകിഴക്ക് ചേര്‍ന്ന് 300-200 അടി വലിപ്പത്തിലുള്ള പന്തലിനും തെക്ക് ഭാഗത്ത് 100 ശൗചാലയങ്ങള്‍ക്കും കുളിസ്ഥലത്തിനും ഇടംകണ്ടെത്തി. പ്രധാന പന്തലില്‍നിന്ന് അവയെ വേര്‍തിരിക്കുന്നതിനായി 150 അടി അകലത്തില്‍ ഓലകൊണ്ടു മറച്ചു തിരിക്കാനും നിര്‍ദ്ദേശിച്ചു.
പന്തല്‍ പണിയാനുള്ള ചുമതല പ്രമുഖ കരാറുകാരന് മൂര്യാട്ട് എ.പി. ചാത്തുക്കുട്ടിയേയും പുതിയറ പറയഞ്ചേരി ടാള്‍ ഗോപാലന് എന്നയാളെയുമാണ് ഏല്പിക്കാന് ഉദ്ദേശിച്ചത്. അതിനാവശ്യമായ മുള എങ്ങനെ സംഘടിപ്പിക്കുമെന്ന പ്രശ്നം വന്നു. മാവൂരിലെ ഗ്വാളിയോര്‍ റയോണ്‍സ് കമ്പനിയിലേക്ക് വയനാട്ടിലും കര്‍ണാടകത്തിലും നിന്നുവരുന്ന മുളലോറികളില്‍ കുറെ ലഭ്യമാക്കിയാല്‍, എന്ന ചിന്തയുണ്ടായി. പരമേശ്വര്‍ജി ഈ ആവശ്യവുമായി കമ്പനിത്തലവന് ആര്.എന്‍. സാബുവിനെ കണ്ടു. കമ്പനിയുടെ ആസ്ഥാനമായ ഗ്വാളിയോര്‍ മധ്യപ്രദേശിലായിരുന്നതും, അവിടെ ജനസംഘം മുഖ്യകക്ഷിയായി സംയുക്ത വിധായക് ദള്‍ മന്ത്രിസഭ നിലവിലുണ്ടായിരുന്നതും മൂലം അനുമതി എളുപ്പംകിട്ടി. മുളയില്‍ ഇരുമ്പാണി അടിക്കരുതെന്ന ഒറ്റ നിബന്ധനയേ സാബുവിനുണ്ടായിരുന്നുള്ളൂ.
അത്രയും വിശാലമായ പന്തല്‍ നിര്‍മിക്കാനുള്ള ആത്മവിശ്വാസക്കുറവ് ടാള്‍ ഗോപാലനും എപിസിയും പ്രകടിപ്പിച്ചപ്പോള്‍ കോട്ടയത്തെ എം.എസ്. ശിവരാമന്‍നായരെ സമീപിച്ചാലോ എന്ന അഭിപ്രായം ഈ ലേഖകന്‍ മുന്നില്‍വച്ചു. എന്‍എസ്എസ്, എന്‍എല്‍ഡിപി, ഹിന്ദുമഹാമണ്ഡലം മുതലായവയുടെ വന്‍ പരിപാടികള്‍ക്ക് വേണ്ടി അതിഗംഭീരമായ പണികള്‍ നടത്തിയ പാരമ്പര്യം ശിവരാമന്‍ചേട്ടനുണ്ടായിരുന്നതിനുപുറമെ കോഴിക്കോട്ടെ ഒരു പ്രദര്‍ശനത്തിലും അദ്ദേഹവും സഹോദരനും ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. പരമേശ്വര്‍ജിയുടെ നിര്‍ദ്ദേശപ്രകാരം കോട്ടയത്ത് ചെന്നപ്പോള്‍ ശിവരാമന്‍ചേട്ടന്‍ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ പന്തല്‍പണിക്കായി വര്‍ക്കലയിലാണെന്ന് മക്കളും സ്വയംസേവകരുമായ ശിവകുമാറും വിശ്വപ്പനും പറഞ്ഞറിഞ്ഞു.
ശിവഗിരിയില്‍ ചെന്ന് അദ്ദേഹവുമായി ചര്‍ച്ചചെയ്തു. കോഴിക്കോട് പണി ഏറ്റെടുക്കാന്‍ അസാധ്യമായ സ്ഥിതിയിലാണെന്നും പന്തല്‍പണിയുടെ വിവരങ്ങള്‍ കുറിച്ചുതരാമെന്നും പറഞ്ഞു. കാറ്റിന്റെ ഗതി പന്തലിനെ തടസ്സപ്പെടുത്താതിരിക്കാന്‍ വിടവുകള്‍ ഇടേണ്ട വിധവും മുളകള്‍ കെട്ടിമുറുക്കേണ്ട കുരുക്കുകളും വേദിയില്‍ മറവുവരാതെ തൂണുകള്‍ കുഴിച്ചിടേണ്ട ചായ്വുകളും കൃത്യമായി അളവുസഹിതം വരച്ചുതന്നു. 12, 14, 16 അടി വീതം ഉയരമുള്ള മൂന്ന് തട്ട് മേല്‍പുരകളാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. അവയുമായി തിരിച്ചെത്തി എപിസിയെയും ടാള്‍ ഗോപാലനെയും വിവരങ്ങള്‍ ധരിപ്പിച്ചു. ശിവരാമന്‍ചേട്ടന്‍ വരച്ചതും കാട്ടിക്കൊടുത്തതോടെ അവര്‍ക്ക് ബാക്കി കാര്യങ്ങള്‍ എളുപ്പമായി. മുളകള്‍ കൂടാതെ 45 അടി നീളമുള്ള ഉരുളന്‍തടികൊണ്ടുള്ള ബന്ധങ്ങള്‍ പുറമേനിന്ന് സംഘടിപ്പിക്കേണ്ടിവന്നു. സമ്മേളനം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് പ്രതിനിധികള്‍ പ്രതീക്ഷിച്ചതിലും അപ്പുറമാകുമെന്നുറപ്പായതോടെ പന്തലിന്റെ വീതി നൂറടി കൂടുതലാക്കി വികസിപ്പിക്കേണ്ടിയും വന്നു.
സമ്മേളനവേദി തയ്യാറാക്കിയത് കൊച്ചിയിലെ ഒരു ചിത്രകാരനായിരുന്നു. ഹിമാലയത്തിന് മുകളിലൂടെ തീതുപ്പിക്കൊണ്ടു കടന്നുവരുന്ന വ്യാളിയെ നേരിടുന്ന ദുര്‍ഗാസ്വരൂപിണിയായ ഭാരതമാതാവിന്റെ വിശാലമായ ചിത്രമായിരുന്നു പശ്ചാത്തലം. ശ്രീനാരായണനഗര്‍ എന്ന് പേര് വിളിക്കപ്പെട്ടു. പന്തലിന് മുന്നില്‍ സ്ഥാപിക്കാന്‍ എറണാകുളത്തെ പ്രസിദ്ധ ശില്പി എം.ആര്.ഡി. ദത്തന് നിര്‍മ്മിച്ച ഗുരുദേവന്റെ അര്ദ്ധകായപ്രതിമ സ്ഥാപിച്ചത്, കോഴിക്കോട്ടെ പ്രസിദ്ധ സര്‍വകലാവല്ലഭനായിരുന്ന വാസുപ്രദീപ് തയ്യാറാക്കിയ പീഠത്തിലായിരുന്നു. ആ പീഠത്തിലെ കലാകൃതികള്‍, അതിന് വെണ്ണക്കല്‍ പ്രതീതി നല്‍കുന്നതായിരുന്നു.
കൃത്രിമനിര്‍മിതിയാണെന്ന് ആരും സംശയിച്ചുമില്ല. വാസുപ്രദീപ് ദിവസങ്ങളോളം അഹോരാത്രം മറ്റ് ജനസംഘ സന്നദ്ധഭടന്മാരോടൊപ്പം പ്രവര്‍ത്തിച്ച് പന്തലിനെയും അകത്തളങ്ങളെയും കലാസുഭഗമാക്കിത്തീര്‍ത്തു. രാംഭാവു ഗോഡ്ബോലേജിയുടെ മനസ്സില്‍ മിന്നായംപോലെ വിടര്‍ന്നുവന്ന ആശയങ്ങള്‍ വാസുവിനെ അറിയിച്ചാല്‍ അദ്ദേഹം അതിന്മേല് പണി ആരംഭിക്കുകയായി. പന്തലിന്റെ അലങ്കാരങ്ങള്‍ മുഴുവനും കുരുത്തോല, കവുങ്ങിന്പൂക്കുല, ഈന്തിന് പട്ട മുതലായ പരമ്പരാഗത പ്രാകൃതികവസ്തുക്കളെക്കൊണ്ടായിരുന്നു. ഇന്നാണെങ്കില്‍ അതിനു പാരിസ്ഥിതിക സംരക്ഷണ മൂല്യത്തിന്റെ വാചകമടികള്‍ക്കവസരമുണ്ടല്ലൊ. പുല്പായയില് പ്രകൃതിദൃശ്യങ്ങളും കലാശില്പങ്ങളും വരച്ചാല്‍ എങ്ങനെയായിരിക്കുമെന്ന രാംഭാവുവിന്റെ ആശയം വാസുപ്രദീപ് സാക്ഷാല്‍ക്കരിച്ചു. ഭാരതത്തിലെ വൈവിധ്യമാര്‍ന്ന പ്രകൃതിഭംഗിയും കൊണാര്‍ക്, മഹാബലീശ്വരം, സാഞ്ചി, അജന്ത പോലുള്ള ചരിത്രാവശിഷ്ടങ്ങളുമൊക്കെ പുല്പായയില് പ്രത്യക്ഷമായത് പന്തലിനകത്തെ തെങ്ങോല മതിലിന്മേല് തൂക്കിയിട്ടപ്പോള്‍ അതിന്റെ ദൃശ്യഭംഗി പുതിയ ചരിത്രമായി.
പന്തലിന് സമീപത്ത് 150 അടി മാത്രം അകലെയുള്ള നൂറ് ശൗചാലയങ്ങളുടെ ദുര്‍ഗന്ധം വന്‍ ആശങ്ക സൃഷ്ടിക്കുമെന്ന ആക്ഷേപം വന്നു. അവ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ദല്‍ഹിയില്‍നിന്നു വന്ന കേന്ദ്രനേതാക്കളില്‍ ചിലര്‍ ഉന്നയിച്ചു. അതിന് സമാധാനം കണ്ടെത്തിയത് എറണാകുളത്തെ സുഗന്ധവസ്തു വ്യാപാരിയായിരുന്ന ടി.എം.വി. ഷേണായിയെന്ന മിന്റോയിയുടെ പ്രത്യുത്പന്നമതിത്വമാണ്. കോഴിക്കോട്ടെ സ്റ്റേഷനറി വ്യാപാരികളുടെ പക്കല്‍ ഉണ്ടായിരുന്ന ബ്ലോട്ടിങ് പേപ്പറുകള്‍ മുഴുവനും വാങ്ങിച്ച്, പന്തലിനകത്തെ നൂറുകണക്കിന് തൂണുകളില്‍ ചുറ്റിത്തറയ്ക്കുകയും അവയ്ക്കുമേല്‍ എന്നും രാവിലെയും രാത്രിയിലും പനിനീര് തൈലം സ്പ്രേചെയ്തുമാണ് ദുര്‍ഗന്ധമില്ലാതാക്കിയത്. ശൗചാലയങ്ങളിലെ ചാക്കിന്‍മറകളെയും പനിനീര് അഭിഷേകംചെയ്തു. ടി.എം.വി. ഷേണായി ജന്മഭൂമിക്കു മുമ്പുണ്ടായിരുന്ന രാഷ്ട്രവാര്‍ത്തയുടെയും മരണംവരെ ജന്മഭൂമിയുടെയും എംഡിയായിരുന്നു.
ടാള്‍ ഗോപാലനും എ. പി. ചാത്തുക്കുട്ടിയും എം.എസ്. ശിവരാമന്നായരും വാസുപ്രദീപും ടി.എം.വി. ഷേണായിയും രാംഭാവു ഗോഡ്ബോലേയും ഇന്ന് നമ്മുടെകൂടെയില്ല. അവരെയും അതുപോലെ അനേകരെയും ഓര്‍ക്കാതെ നമുക്ക് ആ മഹാസമ്മേളന സ്മരണ പൂര്‍ത്തിയാക്കാനാവുകയുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: