അക്ഷയ് കുമാറിന്റെ രുസ്തം ബോളിവുഡില്‍ പണം വാരി പടര്ന്നാളുകയാണ്.വര്‍ഷങ്ങള്‍ക്കുമുമ്പ് മുംബൈ പകച്ചു നിന്ന ഒരു ദുരഭിമാനക്കൊലയുടെ കഥ പറഞ്ഞുകൊണ്ട്. കഥയിലേക്ക് അക്ഷയ് ആവാഹിച്ച നായകന് കവാസ് മനേക് ഷാ നാനാവതി. പാര്‍സി യുവാവ്. മുപ്പത്തേഴ് വയസ്സ്. സുമുഖനായ ഇന്ത്യന്‍ നേവല്‍ ഓഫീസര്‍. യുദ്ധക്കപ്പലായ ഐഎന്‍എസ് മൈസൂരിന്റെ ഉപമേധാവി. രണ്ടാം ലോകയുദ്ധമുള്പ്പെടെയുള്ള പോരാട്ടങ്ങളുടെ നേര്‍സാക്ഷി. പടിയിറങ്ങിപ്പോകും മുമ്പ് ഭാരതീയ ഗവര്‍ണര്‍ ജനറല്‍ മൗണ്ട്ബാറ്റണ് പോലും സല്യൂട്ട് ചെയ്ത സാഹസികന്.
പെരുമയുടെ പരകോടിയില്‍ നിന്ന് നാനാവതി പടിയിറങ്ങിയത് കൊലപാതകിയുടെ റോളിലേക്ക്. ആത്മാഭിമാനത്തിന് മുറിവേറ്റപ്പോള്‍ ചെയ്തുപോയൊരു കൊല. ഹൃദയം തലച്ചോറിനെ ഭരിച്ച നിമിഷത്തിലെ കൈപ്പിഴ. 1959ഏപ്രില്‍ 27 ന് കൊളാബയിലെ കഫെ പരേഡിലെ വീട്ടില്‍ നിന്ന് നാനാവതി സവാരിക്കിറങ്ങിയതാണ്. ബ്രിട്ടീഷുകാരിയായ ഭാര്യ സില്‍വിയയും രണ്ടു കുട്ടികളുമൊത്ത്. കുടുംബത്തിനൊപ്പം ഉച്ച ഭക്ഷണം. യാത്രയുടെ പാതിയില്‍ സില്‍വിയ ഒരു കുറ്റസമ്മതം നടത്തി. തനിക്കൊരു പ്രണയമുണ്ട്. അവിഹിതമായൊരു ബന്ധമുണ്ട്. ഏറെനാള്‍ അത് രഹസ്യമാക്കിവെയ്ക്കാനാവില്ലെന്ന് സില്വിയക്കറിയാം. ഏറ്റുപറച്ചിലിന് പ്രേരണയായത് അതാവാം. ഊരുചുറ്റല്‍ നേവല്‍ ഉദ്യോഗസ്ഥന് മാറ്റിവെക്കാനാവില്ലല്ലോ. ഭര്‍ത്താവിന്റെ അസാന്നിധ്യം അപഥ സഞ്ചാരത്തിന് ആക്കംകൂട്ടി.
കുടുംബ സുഹൃത്ത് പ്രേം ഭഗ്വാന് ദാസ് അഹൂജയാണ് അപരന്. വന്‍ വ്യവസായി. നല്ലൊരു ഡാന്‍സറായിരുന്നു അഹൂജ. സ്ത്രീകളെ വീഴ്ത്തുന്ന രൂപസൗകുമാര്യം. പാര്‍ട്ടികളിലും ക്ലബ്ബുകളിലും സജീവ സാന്നിധ്യം. പെണ്‍സുഹൃത്തുക്കള്‍ ഏറെയും നാവിക ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍. പ്രായവും പ്രണയവും ആസക്തികളുമെല്ലാം കടിഞ്ഞാണില്ലാതെ ആഘോഷിച്ച താന്തോന്നി. അഹൂജയില്ലാത്ത കോക്ടെയ്ല്‍ ഗോസിപ്പുകളില്ല. സില്‍വിയക്ക് അയാളോട് തോന്നിയത് പേരിനൊരു പ്രേമമായിരുന്നില്ല. നാനാവതിയെ വിട്ട്് അഹൂജയ്ക്കൊപ്പം നല്ലപാതിയായി കൂടാനുള്ള തയ്യാറെടുപ്പിലായിരുന്നു സില്‍വിയ. അഹൂജയ്ക്ക് തന്നിലുള്ള ആസക്തി കുറയുന്നുവോ എന്ന തോന്നലും സില്വിയക്കുണ്ടായിരുന്നു. അത് അവരെ അസ്വസ്ഥയാക്കി. നാനാവതിയെ അറിയിക്കാന്‍ ഇനിയും വൈകേണ്ടതില്ല. ഡാന്സറോടുള്ള ബന്ധമറിയിച്ചത് തെറ്റിന്റെ സ്വരത്തില്‍ .
സൈനികന്റെ ആത്മസംയമനം നാനാവതിയുടെ മുഖത്തുമാത്രമൊതുങ്ങി. പ്രതികരിച്ചതേയില്ല. ഭാര്യയെയും കുട്ടികളെയും മെട്രൊ സിനിമയില്‍ മാറ്റിനി ഷോ കാണാനിറക്കി. പിന്നീട് കാറോടിച്ച് പോയത് മുംബൈ ഹാര്‍ബറിലേക്ക്. അത്യാവശ്യമായി അഹമ്മദ് നഗറില്‍ പോകുന്നുവെന്ന് ജോലി ചെയ്യുന്ന കപ്പലിന്റെ ക്യാപ്റ്റനെ അറിയിച്ചു. അദ്ദേഹത്തില്‍ നിന്ന് റിവോള്‍വറും വാങ്ങി. യാത്ര അഹമ്മദാബാദിലേക്കായിരുന്നില്ല, മുംബൈയില്‍ യൂണിവേഴ്സല്‍ മോട്ടോഴ്സിനടുത്തുള്ള വില്ലീസ് ജീപ്പിന്റെ ഷോറൂമിലേക്കായിരുന്നു. പ്രേം അഹൂജയുടെ സ്വന്തം സ്ഥാപനം. പക്ഷേ അഹൂജയെ അവിടെ കണ്ടില്ല. മലബാര്‍ ഹില്ലിനടുത്ത് സെതല്‍വാദ് ലെയ്നിലെ അഹൂജയുടെ ഫ്ളാറ്റായിരുന്നു നാനാവതിയുടെ അടുത്ത ലക്ഷ്യം. വിഭജന കാലത്ത് കറാച്ചിയില്‍ നിന്ന് മുംബൈയിലെത്തിയതാണ് അഹൂജയും സഹോദരി മാമിയയും. സിന്ധി വംശജര്‍.
മൂന്നാം നിലയിലെ ഫ്ളാറ്റില്‍ നാനാവതിയെത്തുമ്പോള് കുളി കഴിഞ്ഞ് കിടപ്പുമുറിയില്‍ കയറിയതേയുള്ളൂ അഹൂജ. നാനാവതി അകത്തു കയറി കിടപ്പുമുറിയുടെ കതക് കുറ്റിയിട്ടു. മൂന്നുതവണ വെടിയുതിര്‍ത്തു. അഹൂജ കഥാവശേഷന്. മാമിയ രക്തത്തില്‍ കുളിച്ചു കിടക്കുന്ന സഹോദരനെകണ്ട് അലമുറയിട്ടു. ആത്മരോഷമകന്ന്, ശാന്തനായി നാനാവതി കാറോടിച്ച് പോയത് മലബാര്‍ ഹില്ലിനടുത്ത ഗാംദേവി പോലീസ് സ്റ്റേഷനിലേക്ക്. ഗാംദേവിയും പരിസരവും നാനാവതിക്ക് പരിചിതമായിരുന്നില്ല. വീണ്ടും യാത്രതുടര്‍ന്നു. നേവിയുടെ ന്യായാധിപന് മാര്‍ഷല്‍ കമാന്‍ഡര്‍ സാമുവലിനെ കാണാനായിരുന്നു. പോലീസ് കമ്മീഷണറുടെ അടുത്തേക്കാണ് സാമുവല്‍ നാനാവതിയെ പറഞ്ഞു വിട്ടത്. കമ്മീഷണര്‍ ലോബോയ്ക്ക് മുമ്പില്‍ നാനാവതി അചഞ്ചലനായി നിന്നു.’ ഞാനൊരാളെ വെടിവെച്ചുകൊന്നു’. സാധാരണ കുറ്റവാളികള്‍ക്കൊപ്പം നാനാവതിയെ ലോക്കപ്പിലിട്ടില്ല. ഓഫീസ് മുറികളിലൊന്ന് അദ്ദേഹത്തിന് തടവറയായി.
ഏറെ വിവാദമായ, ശ്രദ്ധേയമായ വിചാരണ നടന്ന കുറ്റകൃത്യമായിരുന്നു നാനാവതി കേസ്. 1961 ല്‍ നാനാവതിയെ സുപ്രീം കോടതി ജീവപര്യന്തം ശിക്ഷിച്ചു. സര്‍ക്കാര്‍ ഇടപെട്ട് നാനാവതിയെ കുറ്റവിമുക്തനാക്കിയ വാര്‍ത്തയും പിറകെ വന്നു. മുംബൈക്കാര്‍ക്ക് ഇപ്പോഴും തലമുറകളായി സൂക്ഷിക്കുന്ന കഥപോലെയാണീ കേസ്. വിചാരണയ്ക്കെടുക്കുമ്പോഴൊക്കെ വന്‍ജനാവലിയായിരുന്നു കോടതിക്ക് അകത്തും പുറത്തും. നീതികിട്ടണമെന്ന് അവര്‍ വിളിച്ചു കൂവി. അത് പക്ഷെ ‘ഇര’ക്ക് വേണ്ടിയായിരുന്നില്ല. കൊലപാതകി മനേക് ഷാ നാനാവതിക്ക് വേണ്ടി. മുംബൈയിലെ പാര്‍സി സമൂഹമത്രയും നാനാവതിക്കായി തെരുവിലിറങ്ങി. റാലികള്‍ നടത്തി. അപഥ സഞ്ചാരകഥയില് വഞ്ചിക്കപ്പെട്ടവനാണ് നീതിക്കര്ഹന് എന്ന വാദത്തോടെ. ദുരിതസന്ധിയില്‍ സഹപ്രവര്ത്തകന് നേവിയുടെ പിന്തുണയുമുണ്ടായിരുന്നു.
കാള്‍ ഖാണ്ഡാവാലയായിരുന്നു നാനാവതിയുടെ അഭിഭാഷകന്. പ്രോസിക്യൂഷനുവേണ്ടി വാദിച്ചത് അന്നത്തെ തുടക്കക്കാരനും ഇന്നത്തെ എണ്ണപ്പെട്ട അഭിഭാഷകരില്‍ ഒരാളുമായ രാംജത്മലാനി. അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയത് നാനാവതിക്കേസെന്നത് നിസ്സംശയം.
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മാത്രമായിരുന്നു കൊലയ്ക്ക് പിന്നിലെന്ന് പ്രതിഭാഗം തര്ക്കത്തിനിടവരാതെ വാദം നിരത്തി. അഹൂജയെ കൊല്ലുകയായിരുന്നില്ല ലക്ഷ്യം. കൊല്ലും മുമ്പ് ഇതൊന്നു മാത്രമേ നാനാവതി ചോദിച്ചുള്ളൂ. ‘നിങ്ങള്‍ക്ക് എന്റെ ഭാര്യയെ വിവാഹം ചെയ്യാമോ? എന്റെ കുട്ടികളുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കാമോ?’ ”കൂടെയുറങ്ങിയ എല്ലാ സ്ത്രീകളെയും ഏറ്റെടുക്കാന്‍ എനിക്കാവുമോ?” എന്ന മറുചോദ്യം നാനവതിയെ നയിച്ചത് സഹനത്തിന്റെ പരിധിക്കും അപ്പുറത്തേക്ക്. അപമാനവും രോഷവും വെടിയുണ്ടയില്‍ തീര്ക്കാതിരിക്കുന്നതെങ്ങനെ. ഖാണ്ഡാവാല വാദിച്ചത് അതായിരുന്നു. മല്‍പ്പിടുത്തത്തില്‍ അബദ്ധത്തില്‍ വെടിപൊട്ടി.
അഹൂജയുടെ ‘പ്ലേ ബോയ്’ ഇമേജായിരുന്നില്ല നാനാവതിക്ക്. അച്ചടക്കമുള്ള, രാജ്യസ്നേഹിയായ, സദാചാര മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന സൈനികോദ്യോഗസ്ഥന്. കൊല നടത്തിയിട്ടും ഒളിവില്‍ പോയില്ല.
പക്ഷേ പ്രോസിക്യൂഷന് വാദം കേസിന്റെ ഗതിമാറ്റി. വളരെ ഭംഗിയായി ആസൂത്രണം ചെയ്ത കൊലയെന്ന് പ്രോസിക്യൂഷന്. തീരുമാനിച്ചുറപ്പിച്ചാണ് നാനാവതി കൊലക്കിറങ്ങിയത്. കിടപ്പുമുറിയിലെങ്ങും മല്‍പ്പിടുത്തത്തിന്റെ സൂചനകളില്ല. നാനാവതിയുടെ മേല്‍വിലാസമുള്ള കവര്‍ അഹൂജയുടെ മുറിയില്‍ നിന്ന് കണ്ടെടുത്തത് തെളിവായി. പ്രോസിക്യൂഷന് വാദം മുംബൈ ഹൈക്കോടതി ശരിവെച്ചു. 1961 ലാണ് ശിക്ഷ വിധിച്ചത്. പത്തു വര്‍ഷത്തെ കഠിന തടവ്.
വിചാരണ നടക്കുമ്പോള്‍ മുംബൈ അതുവരെ കണ്ടിട്ടില്ലാത്ത ജനക്കൂട്ടം കോടതിയിലും പരിസത്തും നിറഞ്ഞു. എണ്ണായിരത്തിലേറെപ്പേര്‍.
മാധ്യമങ്ങളുമുണ്ടായിരുന്നു നാനാവതിക്കൊപ്പം. അയാളിലെ നന്മകള്‍ക്ക് ഊര്‍ജ്ജം പകരാന്‍. സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും ശ്രദ്ധേയമായ മാധ്യമവിചാരണയെന്നും നാനാവതിക്കേസിന് പേരിടാം. പാര്‍സിയായ റസ്സി കരഞ്ചിയയുടെ ‘ബ്ളിറ്റ്സ്’ ടാബ്ളോയ്ഡ് നാനാവതിക്ക് നല്കിയ പിന്തുണ കുറച്ചൊന്നുമായിരുന്നില്ല. ബ്ളിറ്റ്സിന് വായനക്കാര്‍ പതിന്മടങ്ങായി. വരിക്കാര്‍ക്ക് മാത്രം ലഭ്യമായിരുന്ന ബ്ളിറ്റ്സ് കരിഞ്ചന്തയില്‍ പറയുന്ന വിലയ്ക്ക് വിറ്റഴിഞ്ഞു. നാനാവതിയുടെ മോചനത്തിനുള്ള പ്രക്ഷോഭങ്ങള്‍ സര്‍ക്കാരിന് തലവേദനയായി. നാനാവതിയുടെ മാപ്പപേക്ഷ പരിഗണിക്കപ്പെട്ടു. അഹൂജയുടെ സഹോദരി മാമിയ മാപ്പപേക്ഷയില്‍ സമ്മതത്തിന്റെ കൈയൊപ്പു വെച്ചു. വൈകാതെ ജയില്‍ മോചിതനായി.
നാനാവതിയുടെ മോചനത്തിനു പിന്നില്‍ ഉന്നതബന്ധങ്ങളും പ്രേരകശക്തിയായിരുന്നു. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നാനാവതിയുടെ ഉറ്റ സുഹൃത്തായിരുന്നു. വി.കെ കൃഷ്ണമേനോനുമായും അദ്ദേഹത്തിന് അഭേദ്യമായ സൗഹൃദമുണ്ടായിരുന്നു. കൃഷ്ണമേനോന് ബ്രിട്ടനില്‍ സ്ഥാനപതിയായിരുന്നപ്പോള്‍ അവിടെ പ്രതിരോധ അറ്റാഷെ ആയിരുന്നു നാനാവതി. നാനാവതിയെ മോചിപ്പിച്ച് ഉത്തരവിട്ടത് അന്ന് മഹാരാഷ്ട്ര ഗവര്‍ണറായിരുന്ന, നെഹ്റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ്.
ജയില്‍ മോചിതനായ നാനാവതി വൈകാതെ ഭാര്യക്കും മക്കള്‍ക്കുമൊപ്പം ഭാരതം വിട്ടു. കാനഡയിലെ ടൊറോന്റോയില്‍ താമസമാക്കി. 2003 ല്‍ നാനാവതി മരിച്ചു.
ഇതാദ്യമായല്ല നാനാവതിയുടെ കഥ ബിഗ് സ്ക്രീനിലെത്തുന്നത്. ആര്.കെ. നയ്യാരുടെ ‘യെ റിഷ്തെ ഹെ പ്യാര് കാ’, ഗുല്‍സാറിന്റെ ‘അചാനക്’ എന്നിവയുടെ കഥാവലംബങ്ങള് ഉദാഹരണം. പക്ഷേ അവ പരാജയപ്പെട്ടു. രുസ്തം ചരിത്രം തിരുത്തി ചരിത്രമാവുകയാണ്. അക്ഷയ് കുമാര്‍ രുസ്തത്തെ ഹിറ്റാക്കികഴിഞ്ഞു. നാനാവതിക്ക് സിനിമയിലെ പേര് രുസ്തം പവ്രി. ഇല്യാന ഡിസൂസ അവതരിപ്പിച്ച നായിക സിന്തിയ പവ്രി. സിന്തിയക്ക് സില്‍വിയയുമായുള്ള രൂപസാദൃശ്യം അപാരം. അഹൂജയായി യുവ നടന് അര്ജുന് ബാവ്ജ. മാമിയയുടെ വേഷത്തില്‍ ഈഷ ഗുപ്ത. സംവിധായകന് ടിനു സൂരജ് ദേസായ്. നീരജ് പാണ്ഡെ നിര്‍മ്മാണം. നാടകീയ മുഹൂര്‍ത്തങ്ങള്‍ പലതും യാഥാര്‍ത്ഥ്യത്തോട് നീതി കാണിക്കുന്നില്ലെങ്കിലും വിചാരണയും ശിക്ഷയും നാനാവതിയുടെ അസാധാരണ വ്യക്തിത്വവും ബോളിവുഡിന് പണക്കൊയ്ത്താവുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: