കല്‍പ്പറ്റ : മീനങ്ങാടി രാഗദീപം ക്രിയേഷന്‍സ് ‘കാട്ടുതേന്‍’ എന്ന വീഡിയോ ആല്‍ബം പുറത്തിറക്കി . വയനാട്ടിലെ ആദിമ ഗോത്രമായ പണിയ സമുദായത്തിന്റെ ഭാഷയും സംസ്കാരവും മുറുകെ പിടിച്ചുകൊണ്ട് തയാറാക്കിയ ആല്‍ബത്തില്‍ ഫോട്ടോഗ്രാഫര്‍ എന്ന മലയാള സിനിമയില്‍ അഭിനയിച്ച ബാലതാരം മണിയാണ് നായകവേഷത്തിലെത്തുന്നത്. നായികയായി ആദിവാസി സമൂഹത്തില്‍ നിന്നുതന്നെയുള്ള നഴ്സിംഗ് വിദ്യാര്‍ഥിനിയായ നീതു നാരായണനും, അമല്‍, അശ്വതി എന്നീ ബാലതാരങ്ങളും ആല്‍ബത്തില്‍ വേഷമിടുന്നു.
പ്രണയബദ്ധിതനായ ആദിവാസിയുവാവ് അയല്‍സംസ്ഥാനമായ കര്‍ണാടകയിലെ കുടകില്‍ ഇഞ്ചിപ്പണിക്കായി പോകുന്നതും കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി മദ്യപാനത്തിനടിപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷത്തില്‍ മരണപ്പെടുകയും ചെയ്യുന്നതാണ് പ്രമേയം. പ്രണയത്തില്‍ തുടങ്ങുന്ന ആല്‍ബത്തിന്റെ അവസാനഭാഗം നൊമ്പരപ്പെടുത്തുന്ന വിരഹമായി മാറുന്നു. മീനങ്ങാടി – അത്തിനിലം, കര്‍ണാടകയിലെ മടിക്കേരി, സിദ്ധാപുരം തുടങ്ങിയ പ്രദേശങ്ങളിലാണ് ആല്‍ബം ചിത്രീകരിച്ചത്.
അഞ്ചര മിനിറ്റ് ദൈര്‍ഘ്യമുള്ള ആല്‍ബത്തിന്റെ സംഗീതവും സംവിധാനവും ചെയ്തത് ജോര്‍ജ് കോരയാണ്. സാക്ഷരതാ ക്ലാസുകളിലൂടെ അക്ഷരം പഠിച്ച ബിന്ദു ദാമോദരനാണ് ഗാനരചന നിര്‍വഹിച്ചത്. സിബി ദേവസ്യ, സ്വാതി രാജേഷ് എന്നിവരാണ് ഗാനം ആലപിച്ചത്. ആശയവും നിര്‍മാണവും ജോയി പാലക്കമൂലയും ക്യാമറ, എഡിറ്റിംഗ് എന്നിവ മനു ബെന്നിയും നിര്‍വഹിച്ചു. കാട്ടുതേന്‍ എന്ന വീഡിയോ ആല്‍ബം യുട്യൂബിലും ലഭ്യമാണ്. പ്രസ് ക്ലബില്‍ നടന്ന ആല്‍ബം റീലീസിംഗ് ചടങ്ങില്‍ ജോര്‍ജ് കോര, ജോയി പാലക്കമൂല, മനു ബെന്നി, ബിന്ദു ദാമോദരന്‍, നീതു നാരായണന്, അമല്‍, അശ്വതി, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: