കാസര്‍കോട്: മതേതര ശ്രീകൃഷ്ണജയന്തിയും മതേതര അയ്യങ്കാളി ജയന്തിയും ആഘോഷിക്കുന്ന സിപിഎം ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും പൂര്‍ണ്ണമായും അവഹേളിക്കുകയാണ്. ക്ഷേത്ര ആചാരങ്ങളുടെ ഭാഗമായി നടത്തുന്ന തിടമ്പ്നൃത്തം തെരുവില്‍ നടത്തി ഹൈന്ദവ സമൂഹത്തേയും ഈശ്വരവിശ്വാസികളെയും കടന്നാക്രമിക്കുകയാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍. മതേതരത്വത്തിന്റെ പേരാണ് പറയുന്നതെങ്കിലും മതേതര കുരുത്തോല പ്രദക്ഷിണവും, മതേതര നബിദിന ഘോഷയാത്രകളും നടത്താന്‍ എന്തുകൊണ്ട് സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തയ്യാറാകുന്നില്ല. വെറും ഹൈന്ദവ വിശ്വാസത്തെ മാത്രം കടന്നാക്രമിക്കുകയും, ഹൈന്ദവ പരമായ എല്ലാ ആചാരങ്ങളെയും അവഹേളിക്കുകയെന്നതും മാത്രമാണ് സിപിഎമ്മിന്റെ ലക്ഷ്യം. അന്ധമായ ഹൈന്ദവ ആചാര അനുഷ്ഠാനങ്ങളോടുള്ള വിരോധത്തിന്റെ പേരില്‍ ഈശ്വര വിശ്വാസികളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പേക്കൂത്തുകളാണ് തെരുവില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വ്യക്തി ആരാധനകള്‍ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ക്ക് എതിരാണെന്ന് പറയുന്ന സിപിഎം അയ്യങ്കാളി ദിനവും, ശ്രീനാരായണഗുരു ജയന്തിയും, ചട്ടമ്പിസ്വാമി ജയന്തിയും ആഘോഷിക്കുന്നതിലൂടെ സ്വന്തം പ്രവര്‍ത്തകരെ തന്നെ അപഹാസ്യരാക്കുകയാണ്. ഈശ്വര വിശ്വാസങ്ങള്‍ക്കെതിരെ സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം നീക്കങ്ങള്‍ ഹൈന്ദവ വിശ്വാസി സമൂഹം തിരിച്ചറിയണമെന്നും, കൂട്ടമായി ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ മുന്നോട്ടു വരണമെന്നും ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ഷിബിന്‍ തൃക്കരിപ്പൂര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: