നിലമ്പൂര്‍: നഗരസഭയിലെ തിയറ്റര്‍ വിനോദ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ സമരതന്ത്രവുമായി ജീവനക്കാരുടെ സംയുക്തസമര സമിതി നഗരസഭ ഓഫീസിന് മുന്നില്‍ കൂട്ടധര്‍ണ സംഘടിപ്പിച്ചു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നികുതി വെട്ടിപ്പ് നടക്കുന്ന തിയറ്ററുകളില്‍ കാര്യക്ഷമമായ ഒരു പരിശോധനയും നടത്താതിരുന്ന ഉദ്യോഗസ്ഥര്‍ വിജിലന്‍സ് അന്വേഷണത്തില്‍ കുടുങ്ങുമെന്ന് ബോധ്യപ്പെട്ടതോടെയാണ് മുഖംരക്ഷിക്കാന്‍ സമരവുമായി രംഗത്ത് വന്നത്. ആവശ്യത്തിന് ജീവനക്കാരില്ലായെന്ന ആക്ഷേപമുയര്‍ത്തുന്ന ജീവനക്കാര്‍ തിയറ്ററുകളിലെ പരിശോധനകളില്‍ നിന്നും തങ്ങളെ ഒഴിവാക്കണമെന്ന് ഒരിക്കല്‍ പോലും ഭരണസമിതിയോട് ആവശ്യപ്പെട്ടിരുന്നില്ല. സെക്രട്ടറി ഉള്‍പ്പെടെ വിജിലന്‍സ് കേസില്‍പ്പെട്ടതോടെ ജീവനക്കാര്‍ ഏറെ പ്രതിരോധത്തിലായി. പാടം നികത്തല്‍, പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടും ഉദ്യോഗസ്ഥര്‍ക്കെതിരെ വിവിധ സംഘടനകള്‍ വിജിലന്‍സിലേക്ക് പരാതികള്‍ അയച്ച് തുടങ്ങിയതോടെയാണ് സമരത്തിലൂടെ ഇതിനെ പ്രതിരോധിക്കാനുള്ള നീക്കം തുടങ്ങിയത്.
വിജിലന്‍സ് അന്വേഷണത്തില്‍ നിന്നും ഒഴിവാക്കിയില്ലെങ്കില്‍ പണിമുടക്ക് അടക്കമുള്ള സമരത്തിലേക്ക് നീങ്ങുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. ജീവനക്കാരുടെ ജോലി ഭാരം കുറക്കുന്നതിന് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ ഫ്രണ്ട് ഓഫീസുകള്‍ തുറന്നത്. നഗരസഭയില്‍ അര ഡസനോളം പേര് ഫ്രണ്ട് ഓഫീസില്‍ ജോലി ചെയ്യുന്നുണ്ട്. ചെറിയ കാര്യങ്ങള്‍ക്ക് പോലും നിരവധി തവണ നഗരസഭ കയറിയിറങ്ങേണ്ട അവസ്ഥയയിലാണ് സാധാരണ ജനങ്ങള്‍. സെക്രട്ടറിയേറ്റിലെ അവസ്ഥയേക്കാള്‍ കഷ്ടമാണ് നഗരസഭയിലേതെന്ന് ജനങ്ങള്‍ ആരോപിക്കുന്നു. സെക്രട്ടറി സ്ഥലത്തുണ്ടായിരുന്നിട്ടും ധര്‍ണയില്‍ പങ്കെടുക്കാത്തതും ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: