ചൂലിശ്ശേരി അമ്പാടി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഗോപൂജ
മുളങ്കുന്നത്തുകാവ്: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ചൂലിശ്ശേരി അമ്പാടി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഗോപൂജയും കുട്ടികള്‍ക്കായി വിവിധ കലാമത്സരങ്ങളും സംഘടിപ്പിച്ചു. ജന്മഭൂമി ബ്യൂറോ ചീഫ് ടി.എസ്.നീലാംബരന്‍ ഉദ്ഘാടനം ചെയ്തു. എ.ബി.സദാനന്ദന്, കെ.ജി.സജീവ്, കണ്ണന് പണ്ട്യാട്ട്, ബിജു വടേരിയാട്ടില്‍, സി.കൃഷ്ണപ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്കി. പ്രസാദവിതരണം, മത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണം എന്നിവയും നടന്നു. 24ന് നടക്കുന്ന ശോഭായാത്രയില്‍ നൂറിലേറെ കുട്ടികള്‍ ശ്രീകൃഷ്ണവേഷമണിയും.
അന്തിക്കാട്: പുത്തന്‍പീടിക ശ്രീറാം ബാലഗോകുലത്തിന്റെ ശോഭായാത്ര ചിറമുഖത്ത് ശ്രീ അയ്യപ്പക്ഷേത്രത്തില്‍ നിന്നും വൈകീട്ട് നാലിന് പുറപ്പെട്ട് തോന്നിയകാവ് ഭഗവതി ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് ഉറിയടിയും പ്രസാദവിതരണവും ഉണ്ടാകും. കാര്‍ത്യായനി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശോഭായാത്ര അന്തിക്കാട് കാര്‍ത്യായനി ദേവീക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് ഉറിയടി മത്സരം. പാന്തോട് സുഭാഷ് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഗംഗാശോഭായാത്ര ഭാരതീയ വിദ്യാഭവന് പരിസരത്തുനിന്നും, യമുനാശോഭായാത്ര കുരുട്ടിപ്പറമ്പ് ചിറ്റോളി ക്ഷേത്രത്തില്‍ നിന്നും സരസ്വതി ശോഭായാത്ര കൊല്ലാറ ശ്രീഭഗവതി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് പാന്തോട് സെന്ററില്‍ സംഗമിക്കും. തുടര്‍ന്ന് മഹാശോഭായാത്ര പഴങ്ങാപറമ്പ് ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ സമാപിക്കും.
വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കാരമുക്ക് പൂവ്വശ്ശേരിപറമ്പ് മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും ശോഭായാത്ര ആരംഭിച്ച് തൃക്കുന്നത്ത് ക്ഷേത്രത്തിലും ശ്രീശങ്കര ബാലഗോകുലം ശോഭായാത്ര മണലൂര്‍ ഉറുമ്പിന്തേവര് സത്രം ശിവക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് മണലൂര്‍ അയ്യപ്പന്‍കാവിലും മാമ്പുള്ളി വ്യാസ ബാലഗോകുലം ശോഭായാത്ര വന്നേരി ഭഗവതിക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് മാമ്പുള്ളി ശിവനങ്ങാടി മഹാവിഷ്ണുക്ഷേത്രത്തിലും പാലാഴി ശ്രീനാരായണ ബാലഗോകുലം ശോഭായാത്ര തൈവളപ്പില്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് കാരമുക്ക് നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ സമാപിക്കും.
കാരമുക്ക് ശ്രീകൃഷ്ണക്ഷേത്രത്തില്‍ അഷ്ടമിരോഹിണി, വാകച്ചാര്‍ത്ത്, അഭിഷേകം, വിശേഷാല്‍ പൂജകള്‍, കലശം, ഉച്ചക്ക് ശേഷം രണ്ടിന് എഴുന്നള്ളിപ്പ്, ശോഭായാത്ര, നിറമാല, ചുറ്റുവിളക്ക്, നൃത്തനൃത്യങ്ങള്‍, ഭക്തിഗാനസുധ, രാത്രി 10ന് എഴുന്നള്ളിപ്പ് എന്നിവയോടെ ആഘോഷിക്കും. പഴുവില്‍ രഘുമാരാരുടെ മേളം, പെരുവനം കൃഷ്ണകുമാര്‍ പിഷാരടിയുടെ പഞ്ചവാദ്യം, പഴങ്ങാപറമ്പ് കുട്ടന് നമ്പൂതിരിയുടെ തായമ്പക എന്നിവയും ഉണ്ടായിരിക്കും. ക്ഷേത്രംതന്ത്രി വടക്കേടത്ത് താമരപ്പിള്ളി കൃഷ്ണന് നമ്പൂതിരിയും മേല്‍ശാന്തി കുന്നത്തുമന സതീശന് നമ്പൂതിരിയും കാര്‍മികത്വം വഹിക്കും.
വാടാനപ്പിള്ളി: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ചിത്രരചനാമത്സരം സംഘടിപ്പിച്ചു. വാടാനപ്പിള്ളി, ഏങ്ങണ്ടിയൂര്‍, തളിക്കുളം പഞ്ചായത്തുകളിലെ 350ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. എല്‍പി വിഭാഗത്തില്‍ കളറിങ്ങില്‍ സി.എസ്.അഷിത്, നാദിയ പി.ബാബു, ചാരുശ്രീ സി.എസ്., യുപിവിഭാഗത്തില്‍ പെന്‍സില്‍ ഡ്രോയിങ്ങില്‍ അഭിനവ് ശ്രേയസ്സ്, ഷംന സലിം, ജസിത ജയകുമാര്‍, ഹൈസ്കൂള്‍ വിഭാഗം ജലഛായത്തില്‍ കെ.എം.യദുകൃഷ്ണന്, എം.എന്‍.അശുതോഷ്, പെന്‍സില്‍ ഡ്രോയിങ്ങില്‍ ടി.കെ.അനഘ, കെ.ജെ.ഭാഗ്യലക്ഷ്മി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. ഐ.എ.മോഹനന് അദ്ധ്യക്ഷത വഹിച്ചു. സതീഷ് ചന്ദ്രബോസ്, പി.എം.ഉണ്ണികൃഷ്ണന്, കെ.കെ.ശ്രീധരന്, ദിജോയ് ബി.പി, അഭിലാഷ് മാസ്റ്റര്‍, കെ.പ്രസാദ് എന്നിവര്‍ സംസാരിച്ചു.
കൊടകര : തേശ്ശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ അഷ്ടമിരോഹിണി മഹോത്സവം ഉദയാസ്തമന പൂജ, ലക്ഷാര്‍ച്ചന, സാധുവൃദ്ധജന സഹായനിധി വിതരണം, ഉന്നതമാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന അനുമോദന സഭ, 200 കുടുംബങ്ങള്‍ക്ക് സൗജന്യ പച്ചക്കറി വിത്ത് വിതരണം തുടങ്ങി നിരവധി പരിപാടികളോടെ ആഘോഷിക്കുന്നു. ക്ഷേത്രം തന്ത്രി ഡോ. വിജയന് ടി.എസ് ന്റെ കാര്‍മ്മികത്വത്തില്‍ ഉത്സവപരിപാടികള്‍ നടക്കും. രാവിലെ 10 ന് തുടങ്ങുന്ന അനുമോദനസഭ അപ്പോളോ ടയേഴ്സ് എച്ച്.ആര്. ഹെഡ് ജി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡന്റ് എന്‍.പി. ശിവന് അദ്ധ്യക്ഷത വഹിക്കും. ക്ഷേത്രം തന്ത്രി ഡോ. വിജയന് ടി.എസ്. അനുഗ്രഹപ്രഭാഷണം നടത്തും. എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന് സെക്രട്ടറി കെ.ആര്. ദിനേശന്, ലെനിന് നാനാട്ടി എന്നിവര്‍ ചേര്‍ന്ന് സാധുവൃദ്ധജന സഹായനിധി വിതരണം നിര്‍വ്വഹിക്കും. അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എ.കെ. അനിലന്‍ പച്ചക്കറി വിത്ത് വിതരണം നിര്‍വ്വഹിക്കും. യോഗത്തിന് സെക്രട്ടറി സി.കെ. സുകുമാരന്‍ നന്ദി രേഖപ്പെടുത്തും.
ഈശ്വരമംഗലം ശിവക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി ഗോപൂജ നടത്തി. ക്ഷേത്രം മേല്‍ശാന്തി മോഹനന് എമ്പ്രാന്തിരി, അര്ജ്ജുന് എമ്പ്രാന്തിരി തുടങ്ങിയവര്‍ നേതൃത്വം നല്കി. ഗോപൂജയ്ക്കുശേഷം ഗോരക്ഷാ പ്രതിജ്ഞയും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: