പത്തനംതിട്ട: മത്സ്യസ്റ്റാളുകളില്‍ വില പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ കോഴഞ്ചേരി ഭക്ഷ്യോപദേശക സമിതി യോഗത്തില്‍ അറിയിച്ചു. വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന മത്സ്യത്തിന്റെ സാമ്പിള്‍ പരിശോധിച്ചതില്‍ രാസവസ്തുക്കളുടെ ഉപയോഗം കണ്ടെത്തിയില്ല. മത്സ്യം വില്‍ക്കുന്ന സ്റ്റാളുകളില്‍ വില പ്രദര്‍ശിപ്പിക്കണമെന്ന് വ്യാപാരികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനയില്‍ പൂഴ്ത്തിവയ്പ് കണ്ടെത്തിയിട്ടില്ലെന്നും അമിത വില ഈടാക്കുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു. പലചരക്ക്, പച്ചക്കറി വില്‍പ്പനശാലകളിലും, ഹോട്ടല്‍, ബേക്കറി എന്നിവിടങ്ങളിലും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഓണക്കാലത്ത് വിലവര്‍ധന ഉണ്ടാവാതെ നോക്കണമെന്നും റേഷന്‍ ഡിപ്പോകള്‍, മാവേലി സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും എംഎല്‍എ നിര്‍ദേശിച്ചു. ഭക്ഷ്യസുരക്ഷ, ലീഗല്‍ മെട്രോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥരെ യോഗത്തിലേക്ക് ക്ഷണിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. കോഴഞ്ചേരി തഹസില്‍ദാര്‍ ബി.സതീഷ്കുമാര്‍, വിവിധ സംഘടനാ പ്രതിനിധികളായ കെ.എം ഗോപി, ജയപ്രകാശ്, പി.കെ അബ്ദുള്‍ റഹിം മാക്കാര്‍, സജീവ് മാത്യു, ബി.ഷാഹുല്‍ ഹമീദ്, പി.എന്‍ സത്യപാലന്, അഡ്വ. ജോണ്സണ് വിളവിനാല്‍, അഡ്വ. രാജു ഉളനാട്, കെ.എം. മോഹന്‍കുമാര്‍, അബ്ദുള്‍ മനാഫ്, താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്.പത്മകുമാര്‍, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ കോശി ജി.തോപ്പില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: