ചേലക്കര: ആറ്റൂര്‍ പാറപ്പുറം ഭാഗത്ത് ബസ്സും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ വൃദ്ധ ദമ്പതികള്‍ മരിച്ചു. പൂങ്കുന്നം പുഷ്പഗിരി അഗ്രഹാരത്തില്‍ കൃഷ്ണന് മകന്‍പി.കെ.വൈദ്യനാഥന് (71),ഭാര്യ എസ്.ഗീത (61) എന്നിവരാണ് മരിച്ചത്. വാഴക്കോട് പ്ലാഴി സംസ്ഥാന പാതയില്‍ ആറ്റൂര്‍ മണലാടിക്ക് സമീപമാണ് അപകടമുണ്ടായത്. ഇന്നലെ മൂന്നരയോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ രണ്ടുപേര്‍ ചികിത്സയിലാണ്.
തൃശ്ശൂരില്‍ നിന്നും ചേലക്കരയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സും, തീര്‍ത്ഥാടനം കഴിഞ്ഞ് തൃശ്ശൂര്‍ ഭാഗത്തേക്ക് മടങ്ങുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. ബസ്സിന്റെ പെട്ടെന്നുള്ള ബ്രേക്കിടല്‍ മൂലം പുറകില്‍ വരികയായിരുന്ന ബൈക്ക് യാത്രികനും ബസ്സിലിടിച്ച് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന ഓട്ടോറിക്ഷ അകമല ഭാഗത്ത് അപകടത്തില്‍ പെട്ടു. തുടര്‍ന്ന് ആക്ട്സിന്റെ ആംബുലന്‍സ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ വെട്ടി പൊളിച്ചാണ് കാറിലുള്ളവരെ പുറത്തെടുത്തത്. ചെറുതുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: