കോഴിക്കോട്ട് 1967 ഡിസംബറില്‍ നടന്ന ഐതിഹാസികമായ ജനസംഘത്തിന്റെ 15-ാം സമ്പൂര്‍ണ സമ്മേളനത്തിന്റെ അരനൂറ്റാണ്ടും അന്നദ്ധ്യക്ഷത വഹിച്ച സ്വര്‍ഗീയ ദീനദയാല്‍ജിയുടെ ജന്മശതാബ്ദിയും അനുസ്മരിച്ച് സപ്തംബറില്‍ ബിജെപിയുടെ ദേശീയ സമിതി കോഴിക്കോട്ട് ചേരുന്നതിനെ പരാമര്‍ശിച്ച് ഈ പംക്തികളില്‍ ഏതാനും ആഴ്ചകള്ക്കുമുന്പ് എഴുതിയിരുന്നു.
അത് വായിച്ച് ”എന്തെന്നില്ലാത്ത ആനന്ദവും ആവേശവും കോരിത്തരിപ്പും പ്രായം കുറഞ്ഞ മാതിരി”യും അനുഭവിച്ച മഞ്ചേരിയിലെ പഴയ പ്രവര്ത്തകന് കീഴ്വീട്ടില്‍ ഗോപാലകൃഷ്ണന് (വാസു എന്ന് ഭരതേട്ടനും ഏറെ അടുപ്പമുള്ള ചിലരും വിളിക്കും) ഒരു കത്തയയ്ക്കുകയുണ്ടായി. ഗോപാലകൃഷ്ണന്റെ മകന്റെ വിവാഹത്തിന് ക്ഷണിച്ചുകൊണ്ട് കത്തയച്ചിരുന്നു.
സമ്മേളനത്തിന്റെ വിജയത്തിന് കൈയും മെയ്യും മറന്ന് പ്രവര്‍ത്തിച്ച അദ്ദേഹത്തെപ്പോലെ ഉള്‍ക്കുളിരനുഭവിച്ച അനവധി പേര് ഇന്ന് പലയിടങ്ങളിലുമുണ്ട്. ആ കത്തിന്റെ ചില ഭാഗങ്ങള്‍ ഇവിടെ നല്‍കുന്നത് ഉചിതമാവുമെന്നു കരുതുന്നു. ”അന്നത്തെ ചിലര്‍ ഇന്നില്ലെങ്കിലും അവര്‍ കാട്ടിത്തന്ന പാതയും കഷ്ടപ്പാടുകളും കുറച്ചു നേരം മനസ്സില്‍ മായാതെ നിന്നു. സമ്മേളനം തുടങ്ങിയതുമുതല്‍ ഞാന്‍, നമ്പ്യാത്തന്, വണ്ടൂര്‍ ഗോപാലന് (പിന്നീട് ജനസംഘ, ബിജെപി സംസ്ഥാന നേതൃത്വത്തിലേക്കുയര്‍ന്നു) വി.എം.സി.നമ്പൂതിരി (ഹിന്ദി അറിയും) മാനാഞ്ചിറയില്‍ ഒരുക്കിയ ശ്രീനാരായണ നഗറിന്റെ കവാടം ഉണ്ടാക്കിയവര്‍ക്ക് പാരിതോഷികം കൊടുത്തു.
അത്രയ്ക്കും മനോഹരമായിരുന്നു. കോഴിക്കോട്ടെ പ്രകടനം ആവേശകരമായിരുന്നു. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ളവര്‍ അണിനിരന്നു. പട്ടാമ്പിയിലെ വി.രാമന്‍കുട്ടിയുടെ പ്രോത്സാഹനം ഉഷാറായിരുന്നു. അന്നത്തെ ഒരു മുദ്രാവാക്യം ഓര്‍മയില്‍ നില്ക്കുന്നു. ഊപര്‍ ദേഖോ ദീപക് ദീപക്, പീച്ഛേ ദേഖോ ദീപക് ദീപക്, അന്തര്‍ദേഖോ ദീപക് ദീപക് (ദീപം ജനസംഘത്തിന്റെ കൊടിയടയാളവും തെരഞ്ഞെടുപ്പ് ചിഹ്നവുമായിരുന്നു.) ഹുക്കും ചന്ദ് കഛ്വായി ആയിരുന്നു അതു വിളിച്ചുകൊടുത്തതെന്നു ഓര്‍ക്കുന്നു (കഛ്വായി അനേകം തവണ മധ്യപ്രദേശില്‍ നിന്ന് ലോക്സഭയിലെത്തിയ പട്ടികജാതിയില്‍പ്പെട്ട നേതാവായിരുന്നു.
ലോക്സഭയിലെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ അതീവ ശ്രദ്ധേയങ്ങളുമായി).
സംഘത്തിന്റെ പഴയ സ്വയംസേവകനാണ് ഗോപാലകൃഷ്ണന്. സ്വാതന്ത്ര്യസമര ഭടനും സ്വാതന്ത്ര്യത്തിന്റെ രജത ജയന്തിവേളയില്‍ താമ്രപത്രം നല്കി ആദരിക്കപ്പെട്ടയാളുമായ കീഴ്വീട്ടില്‍ ശങ്കരന് നായരുടെ അനന്തരവനുമാണദ്ദേഹം. അദ്ദേഹവും, എന്‍.സി.വി.നമ്പൂതിരി തുടങ്ങിയ ഏതാനും പേരുമാണ് മഞ്ചേരിയില്‍ ജനസംഘ പ്രവര്‍ത്തനം തുടങ്ങാന്‍ ഉത്സാഹിച്ചവര്‍.
ആദ്യമായി ബസ്സ്റ്റാന്റ് പരിസരത്ത് ജനസംഘ യോഗം സംഘടിപ്പിച്ചപ്പോള്‍ പരമേശ്വര്‍ജി, ഭരതേട്ടന്, രാജേട്ടന് എന്നിവരുടെ പ്രസംഗമുണ്ടായി. കേള്‍ക്കാന്‍ കൂടിയവരില്‍ വേദിക്കുമുന്നില്‍ തുറിച്ചുനോക്കിനിന്നത് മുസ്ലിങ്ങള്‍ മാത്രം. ഹിന്ദുക്കള്‍ ഭയന്ന് അകലെനിന്നു. സ്റ്റേജില്‍ ഗോപാലകൃഷ്ണനും മറ്റു രണ്ടുപേരും പരമേശ്വര്‍ജിയുടെ പ്രഭാഷണം സകലരും ആസ്വദിച്ചു.
ചില പ്രമുഖ മുസ്ലിങ്ങള്‍ അദ്ദേഹത്തെ നേരിട്ടഭിനന്ദിച്ചു. ”മഞ്ചേരിയിലും ജനസംഘം” എന്ന തലക്കെട്ടോടെ നല്ല പ്രാധാന്യം നല്കി മാതൃഭൂമി വാര്‍ത്ത നല്‍കിയത് ഓര്‍ക്കുന്നു.
പഴയകാല പ്രവര്‍ത്തകരായ നിലമ്പൂര്‍ കെ.എം. ഗോപാലകൃഷ്ണന്, വണ്ടൂര്‍ കെ.കെ.ഡി. നമ്പൂതിരി, കൊണ്ടോട്ടി കുന്നത്തു ബാലകൃഷ്ണന്, തിരൂര്‍ അഡ്വ.കെ.കെ.രാധാകൃഷ്ണന് എന്നിവര്‍ക്കു നല്ല ആരോഗ്യമില്ല എന്നും, തനിക്ക് എഴുതുമ്പോള്‍ കൈവിറയ്ക്കുമെന്നും ഗോപാലകൃഷ്ണന് എഴുതുന്നു.
കോഴിക്കോട്ട് സമ്മേളനം ഒരു സാമാന്യ പ്രവര്‍ത്തകനില്‍ ഉണര്‍ത്തിവിട്ട ചൈതന്യവും ആവേശവും സൂചിപ്പിക്കാനാണിത്രയും എഴുതിയത്.
കോഴിക്കോട്ട് വെസ്റ്റ് ഹില്ലിലുള്ള ടി.കെ. സുധാകരനും ആ ലേഖനം വായിച്ചു ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അദ്ദേഹം സമ്മേളനം നടക്കുന്ന കാലത്ത് അതിന് ദൃക്സാക്ഷിയായുണ്ടായിരുന്നു. എനിക്ക് ആ മുഖം ഓര്‍മ്മയില്‍ വരുന്നില്ല. സമ്മേളന വിജയത്തിനായി കഠിനാദ്ധ്വാനം ചെയ്ത ആ പ്രവര്‍ത്തകരെ നേരില്‍ കണ്ട് അനുഭവങ്ങള്‍ രേഖപ്പെടുത്താന്‍ താല്‍പ്പര്യപ്പെട്ടാണ് സുധാകരന് ബന്ധപ്പെട്ടത്.
എന്റെ ഓര്‍മയില്‍ വന്നവര്‍ പലരുടെയും വിവരങ്ങള്‍ നല്‍കിയതിനെത്തുടര്‍ന്ന് അവരുമായി സംസാരിക്കാന്‍ അദ്ദേഹം ഉദ്യമിച്ചു. കണ്ണൂരിലും തളിപ്പറമ്പിലും തലശ്ശേരിയിലും പയ്യന്നൂരും കാഞ്ഞങ്ങാടും കാസര്‍കോട്ടുമൊക്കെ പോയശേഷം സ്വന്തം അനുഭവങ്ങള്‍ അദ്ദേഹം ഫോണിലൂടെ അറിയിച്ചുകൊണ്ടിരുന്നു. അദ്ദേഹം കോഴിക്കോട്ടെ പഴയ പ്രവര്‍ത്തകരുടെ വിവരങ്ങളും മനസ്സിലാക്കി.
പലരേയും ചെന്നു കണ്ടു. അവരുടെ താമസസ്ഥലങ്ങള്‍ പലതും മാറിയതിനാല്‍ ഞാന്‍ പറഞ്ഞുകൊടുത്തത് പ്രയോജനപ്പെട്ടില്ലെന്ന് മനസ്സിലായി. പ്രായാധിക്യം മൂലമുള്ള ഓര്‍മത്തകരാറുമൂലം ചിലര്‍ക്ക് വിവേചനത്തോടെ കാര്യങ്ങള്‍ വിവരിക്കാന്‍ കഴിഞ്ഞില്ല.
സമ്മേളനത്തിന്റെ ശോഭായാത്രയ്ക്ക് വയനാട്ടിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട ധാരാളം പേര് പരമ്പരാഗത ഗോത്രവേഷ വിധാനങ്ങളും വാദ്യഘോഷങ്ങളുമായി പങ്കെടുത്തിരുന്നതിനാല്‍ അവരെ നേരില്‍ കാണാനും സുധാകരന് ഉത്സാഹിച്ചു.
അവരില്‍ എനിക്ക് ഓര്‍മയുള്ളവരെപ്പറ്റി അറിയിച്ചിരുന്നു. അക്കാലത്ത് വടക്കേ വയനാട് കണ്ണൂര്‍ ജില്ലയിലും തെക്കെ വയനാട് കോഴിക്കോട്ടു ജില്ലയിലുമായിരുന്നതിനാല്‍ ഞാനും, കെ.ജി. മാരാരുമായിരുന്നു അവിടത്തെ സംഘടനാകാര്യങ്ങള്‍ ശ്രദ്ധിച്ചത്. ആദിവാസി സംഘപ്രവര്‍ത്തനം വടക്കെ വയനാട്ടിലാണ് തുടങ്ങിയത്. സി.എ. കുഞ്ഞിരാമന് നായര്‍, കെ.കെ. കുഞ്ഞികൃഷ്ണന് നായര്‍, സി.എം. കോപ്പി തുടങ്ങി വിളമ്പുകണ്ടം, മാനന്തവാടി, തരുവണ, മടക്കിമല മുതലായ സ്ഥലങ്ങളിലെയും തെക്കെ വയനാട്ടിലെയും പ്രവര്‍ത്തകരെ ഒരുമിച്ചു കൂട്ടിയതും മറ്റും അവരായിരുന്നു.
സുധാകരന് പോയപ്പോള്‍ പഴയ അനുഭവങ്ങള്‍ അയവിറക്കിയ എല്ലാവരും ഒരുമിച്ചു വരികയും വളരെ പ്രയോജനകരമായ സംവാദം നടത്തുകയും ചെയ്തുവെന്നറിയാന്‍ കഴിഞ്ഞു. അക്കൂട്ടത്തില്‍ ചിലര്‍ മറ്റു രാഷ്ട്രീയ ചായ്വു കാട്ടി മാറിയെങ്കിലും, അത് വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലമാണെന്നും, മനസ്സില്‍ ഇന്നും ജനസംഘവും കെ.ജി. മാരാരും നിലനില്‍ക്കുന്നുവെന്നും പറഞ്ഞുവത്രേ.
നൂറ്റാണ്ടു പിറന്നാളിലേക്കടുക്കുന്ന സി.എ. കുഞ്ഞിരാമന് നായര്‍ ആസ്പത്രിയിലാണെന്ന് അവിടെ വച്ചാണ് സുധാകരന് അറിഞ്ഞത്. തനിക്ക് സ്വന്തമായി ഉണ്ടായിരുന്ന ഏതാനും സെന്റ് തുണ്ടുഭൂമി മുട്ടില്‍ വിവേകാനന്ദ മിഷന് ദാനം നല്കിയ അദ്ദേഹത്തിന്റെ ജീവിതം ഇതിഹാസസമാനം സംഭവബഹുലമാണ്: കോഴിക്കോട്ടു മെഡിക്കല്‍ കോളേജിലാണ് അദ്ദേഹത്തെ കണ്ടത്.
മാസങ്ങള്‍ക്കു മുന്‍പ് കുഞ്ഞിരാമന് നായരുടെ ആ ജീവിതാനുഭവങ്ങള്‍ ജന്മഭൂമിയില് വന്നിരുന്നല്ലൊ.
ദീനദയാല്‍ജിയും, കോഴിക്കോട്ടു സമ്മേളനവും നല്കിയ സന്ദേശം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സപ്തംബര്‍ പരിപാടി വിജയം കാണുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: