പത്തനംതിട്ട: പുതുമയുള്ള രുചിക്കൂട്ടുകളുമായി ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന ചക്ക മഹോത്സവത്തിന് തിരക്കേറുന്നു. ചക്ക ഉപയോഗിച്ചുള്ള വ്യത്യസ്ഥങ്ങളായ നിരവധി ഉല്‍പ്പന്നങ്ങളാണ് മേളയുടെ ആകര്‍ഷണം.
ജാക്ഫ്രൂട്ട് പ്രമോഷന് കണ്‍സോര്‍ഷ്യം, സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ (സിസ), എപ്പാക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പത്തനംതിട്ട മുനിസിപ്പല്‍ ഗ്രൗണ്ടില്‍ ഈമാസം 28 വരെയാണ് ചക്ക മഹോല്‍സവം.
പത്തുദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ കേരളത്തിനകത്തും പുറത്തുമുള്ള വിവിധയിനം ചക്കകളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് ഒരുക്കിയിരിക്കുന്നത്. എല്ലാദിവസവും രാവിലെ 11 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശനം. തേന്‍ വരിക്ക, ചെമ്പരത്തി വരിക്ക, നാടന്‍ വരിക്ക, മുള്ളന്‍ ചക്ക, കൂഴച്ചക്ക, കൊട്ട് വരിക്ക തുടങ്ങി വ്യത്യസ്ത വലിപ്പത്തിലും രുചിയിലുമുള്ള ചക്കകളാണ് മേളയില്‍ അണിനിരത്തുന്നത്. 300ല്‍പ്പരം രുചിയേറുന്ന ചക്ക വിഭവങ്ങള്‍ മാത്രമുള്ള ഫുഡ്കോര്‍ട്ടാണ് മേളയുടെ പ്രത്യേകത. ഇതോടൊപ്പം സെമിനാറുകള്‍, പ്ലാവിന് തൈ വില്‍പ്പന, ജൈവോല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും എന്നിവയുമുണ്ടാകും.
വരിക്ക ചക്ക കൊണ്ട് ഉണ്ടാക്കിയ പത്തുകൂട്ടം തൊടുകറികള്‍ ഉള്‍പ്പെടെയുള്ള ‘ചക്ക ഊണ്’ പത്തനംതിട്ടയില്‍ ആദ്യമായി അവതരിപ്പിക്കുന്ന മേളയാണിത്. ചക്ക സാമ്പാര്‍, ചക്ക പുളിശ്ശേരി, ചക്ക പരിപ്പുകറി, ചക്ക പെരട്ട്, ചക്കച്ചില്ലി, ചക്ക ചമ്മന്തി, ചക്കവരട്ടി, ചക്ക ഉപ്പേരി എന്നിവയ്ക്ക് പുറമേ ഊണിനുള്ള മറ്റ് വിഭവങ്ങള്‍ക്കും ചക്ക രുചിയുണ്ടാകും. ഊണിനൊപ്പം ചക്ക പായസവുമുണ്ട്.
വൈകുന്നേരം ചായക്കൊപ്പം കഴിക്കാനുള്ള ചക്ക മസാലദോശ, ചക്ക പഴംപൊരി, ചക്ക ബജി, ചക്ക മിക്സ്ചര്‍, ചക്ക അട, ചക്ക കോട്ടപ്പം, ചക്ക ചിപ്സ്, ചക്ക ഉള്ളിവട, ചക്ക മഞ്ചൂരി, ചക്ക മോതകം, ചക്ക മധുരചില്ലി, ചക്ക കട്ലറ്റ് എന്നിവയും വില്‍പ്പനയ്ക്കുണ്ട്. ചക്ക കൊണ്ടുണ്ടാക്കിയ കറികളും മേളയിലുണ്ടാകും. ചക്ക സ്ക്വാഷുകള്‍, ചക്ക ജാമുകള്‍ എന്നിവയുടെ വില്‍പ്പനയും പാചക പരിശീലനവും പ്രദര്‍ശനത്തിലുണ്ടാകും.
രുചിക്ക് പുറമേ ഔഷധ ഗുണവും ഏറെയുള്ള ചക്കയുടെ ഗുണങ്ങള്‍ വിശദീകരിക്കുന്ന സെമിനാറുകളില്‍ കൃഷിആരോഗ്യആയുര്‍വേദ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: