സിഎന്‍ ജയദേവന് എംപി തൃശൂര്‍ റയില്‍വേസ്റ്റേഷനില്‍ സന്ദര്‍ശനം നടത്തുന്നു
തൃശൂര്‍: ചരിത്രത്തിലാദ്യമായി തൃശൂരില്‍ റയില്‍വേ വികസന സ്വപന്ങ്ങള്‍ക്ക് ചിറക് മുളക്കുന്നു. നിരവധി പദ്ധതികളാണ് യാഥാര്‍ത്ഥ്യമാകാനൊരുങ്ങുന്നത്. എ വണ്‍ റെയില്‍വെ സ്റ്റേഷന് വികസനത്തിന്റെ ഭാഗമായി തൃശൂര്‍ സ്റ്റേഷനിലേക്ക് പൂത്തോള്‍ റോഡില്‍ നിന്ന് രണ്ടാം കവാടവും ബസ് സര്‍വീസും ഉള്‍പ്പടെ വിപുലമായ സംവിധാനം ഒരുക്കുന്നു.
രണ്ട് കോടി രൂപയുടെ എസ്റ്റിമേറ്റാണ് ഇതിനായി റെയില്‍വെ അധികൃതര്‍ എംപിക്ക് നല്‍കിയത്. സ്റ്റേഷന് നടുവില്‍ നിര്‍മാണം പുരോഗമിക്കുന്ന യന്ത്ര കോണിയുടെ അഞ്ച് മീറ്റര്‍ വീതിയുള്ള മേല്‍പാലം അഞ്ചാമത്തെ പ്ലാറ്റ് ഫോമിലേക്ക് നീട്ടി പടിഞ്ഞാറെ ഭാഗത്തെ ടിക്കറ്റ് കൗണ്ടറുകളും പാര്‍ക്കിങ് ഏരിയയും കൂടുതല്‍ ഉപയോഗപ്രദമാക്കും. പടിഞ്ഞാറെ ഭാഗത്ത് പൂത്തോള്‍ റോഡിലേക്കുള്ള രണ്ടാം കവാടവും ബസ് ബേയും ഉള്‍പ്പടെയാണ് ഇതോടെ യാഥാര്‍ത്ഥ്യമാവുക.
സ്റ്റേഷനായി കൂടുതല്‍ സ്ഥലം ഒരുക്കി മേല്‍ക്കൂര നിര്‍മാണവും പ്ലാറ്റ് ഫോം നീട്ടുന്ന പ്രവര്‍ത്തിയും വേഗത്തിലാക്കും. സ്റ്റേഷനില്‍ നിന്ന് കെഎസ്ആര്‍ടിസിയിലേക്കുള്ള ആകാശനടപ്പാതയുടെ അംഗീകാരത്തിനായി 3.35 കോടിയുടെ പ്രൊജക്ടാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുള്ളത്. ഇതിലേക്കു സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടിന് കൂടി ശ്രമിക്കുന്നുണ്ടെന്നും എംപി അറിയിച്ചു.
നിര്‍മാണം പൂര്‍ത്തിയായ സ്റ്റേഷന്റെ തെക്കുഭാഗത്തെ രണ്ടാം ഫഌറ്റ്ഫോമിലെ യന്ത്രക്കോണി ഓണത്തിന് ഉദ്ഘാടനം ചെയ്യും. മറ്റുള്ളവയുടെ നിര്‍മാണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോര്പറേഷന് ഫണ്ട് ഉപയോഗിച്ചുള്ള ദിവാന്‍ജി മൂല മേല്‍പാല നിര്‍മാണ പ്രവര്‍ത്തികള്‍ ആറ് മാസത്തിനകം പൂര്‍ത്തീകരിക്കാമെന്ന് ആര്‍ഒബി എഞ്ചിനീയര്‍ തോമസ് ജോസ് എംപിയോട് വിശദീകരിച്ചു. പാലം നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ അനിവാര്യമായ അപ്രോച്ച് റോഡിന്റെ കാര്യത്തില്‍ കോര്‍പറേഷനും സംസ്ഥാന സര്‍ക്കാരുമാണ് തീരുമാനമെടുക്കേണ്ടത്.
പൂങ്കുന്നം റെയില്‍വെ സ്റ്റേഷന് പുതിയ സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കാനും എംപി ഫണ്ടും എംഎല്‍എ ഫണ്ടും വിനിയോഗിക്കും. 1.25 കോടി രൂപയാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. ടിക്കറ്റ് ഹൗസ്, പാര്‍ക്കിങ്, വെയിറ്റിങ് ഹാള്‍ എന്നിവയുള്‍പ്പടെ വിപുലമായ സൗകര്യങ്ങള്‍ പൂങ്കുന്നത്ത് ഒരുക്കാനാണ് പദ്ധതി. അതിനിടെ, പൂങ്കുന്നം -ഗുരുവായൂര്‍ പാതയിലെ റെയില്‍വെ ഗെയിറ്റില്‍ അടിപ്പാത നിര്‍മ്മിക്കാനുള്ള പദ്ധതി പ്രദേശവാസികളുടെ അഭിപ്രായം കൂടി കേട്ടശേഷം മതിയെന്ന് എംപി നിര്‍ദ്ദേശിച്ചു. വെള്ളക്കെട്ട് പതിവുള്ള പ്രദേശത്ത് അടിപ്പാത നിര്‍മ്മിക്കുന്നതോടെ വെള്ളം അതില്‍ തങ്ങിനില്ക്കാനിടവരുമെന്നാണ് നാട്ടുകാരുടെ പരാതി. കൃഷി ആവശ്യങ്ങള്‍ക്കായി യന്ത്രങ്ങളും വാഹനങ്ങളും കൊണ്ടുപോകേണ്ട ഇവിടെ കേവലം 10 അടി ഉയരത്തിലാണ് അടിപ്പാതയെന്നതും പ്രയാസങ്ങളുണ്ടാക്കും. അഡീഷ്ണല്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ എം. ബി. ശ്രീനിവാസനോട് നേരിട്ട് അവിടെയെത്തി സ്ഥിതിഗതികള്‍ പരിശോധിക്കാനും നിര്‍ദ്ദേശിച്ചു.
കോച്ച് ഗൈഡന്‍സ് സിസ്റ്റം വേഗത്തില്‍ പ്രാവര്‍ത്തികമാക്കും. വൈഫൈ സംവിധാനവും അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനവും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. പുതുക്കാട്, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ പ്ലാറ്റ് ഫോമുകള്‍ വികസിപ്പിക്കുന്നതിന് പ്രോജക്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് എം.പി പറഞ്ഞു. ഒല്ലൂരില്‍ രണ്ടാമത്തെ പ്ലാറ്റ് ഫോം നിര്‍മാണത്തിനുള്ള നടപടികളും പരിഗണനയിലാണെന്നും എംപി സൂചിപ്പിച്ചു.
റെയില്‍വേ ഏരിയാ മാനേജര്‍ ഡോ. രാജേഷ് ചന്ദ്ര, സ്റ്റേഷന് മാനേജര്‍ ജോസഫ് നൈനാന്, ഡെ.സ്റ്റേഷന് മാനേജര്‍ മീനാമ്പാള്‍, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ രവികുമാര്‍, അഡീഷ്ണല്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ എം ബി ശ്രീനിവാസന് എന്നിവര്‍ എംപിയുമായി ചര്‍ച്ച നടത്തി. എം വിജയന്, സാറാമ്മ റോബ്സണ്, റോയ് കെ പോള്‍, പി കൃഷ്ണകുമാര്‍, എം ഗിരീശന് തുടങ്ങിയവരും എംപിക്കൊപ്പമുണ്ടായി.
പൂങ്കുന്നം റെയില്‍വെ സ്റ്റേഷനിലും പൂങ്കുന്നം-ഗുരുവായൂര്‍ പാതയിലെ നിര്‍ദ്ദിഷ്ട അടിപാത നിര്‍മാണ പ്രദേശവും എംപി സന്ദര്‍ശിച്ചു. റെയില്‍വെ ഏരിയാ മാനേജര്‍ ഡോ.രാജേഷ് ചന്ദ്രന്, ചീഫ് കമേര്‍സ്യല്‍ ഇന്‍സ്പെക്ടര്‍ പ്രസൂണ്‍, കൗണ്‍സിലര്‍ ലളിതാംബിക, മുന്‍ കൗണ്‍സിലര്‍ വിനോദ്, പാസഞ്ചേഴ്സ് അസോസിയേഷന് സെക്രട്ടറി പി കൃഷ്ണകുമാര്‍ തുടങ്ങിയവരും എംപിക്കൊപ്പമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: