കാഞ്ഞങ്ങാട്: സിപിഎം ബേഡകം ഏരിയയില്‍ കുറ്റിക്കോലില്‍ നൂറിലധികം പേര് സിപിഐയില്‍ ചേര്‍ന്നതിന് പിന്നാലെ പനത്തടി ഏരിയ കമ്മറ്റിക്ക് കീഴിലെ ചുള്ളിക്കരയിലും പ്രവര്‍ത്തകര്‍ സിപിഐയിലേക്ക് പോകാനൊരുങ്ങുന്നു. പാര്‍ട്ടി ഭരിക്കുന്ന കോടോം ബേളൂര്‍ പഞ്ചായത്ത് ഭരണ സമിതിയുടെ വികസരാഹിത്യത്തിലും അവണനയിലും പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ ചുള്ളിക്കര യൂണിറ്റ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരായ ഇരുപതോളം യുവാക്കള്‍ വിമത പക്ഷമായി പാര്‍ട്ടി വിടുന്നത്. മാസങ്ങള്‍ക്ക് മുന്ന് ചുളളിക്കര ടൗണില്‍ സിപിഎം ഭരിക്കുന്ന കോടോം ബേളൂര്‍ പഞ്ചായത്തിനെതിരെ യുവാക്കള്‍ ധര്‍ണ നടത്തിയത് ഏറെ വിവാദമായിരുന്നു. സിപിഎം ചുളളിക്കര ബ്രാഞ്ചിന് കീഴിലുള്ള പ്രവര്‍ത്തകരാണ് ഏറെയും. ചുള്ളിക്കര ടൗണ്‍ വികസനം, തൂങ്ങല്‍ കോളനി റോഡ് വികസനം എന്നിവയില്‍ പാര്‍ട്ടിയും ഭരണസമിതിയും സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിലും അവഗണനയിലും പ്രതിഷേധിച്ചാണ് തീരുമാനം. തീരുമാനത്തെ തുടര്‍ന്ന് ചുളളിക്കര ബ്രാഞ്ച് സെക്രട്ടറി ജോസ് പനക്കച്ചാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വികസനത്തിന് സാവകാശം ആവശ്യപ്പെട്ട് പ്രവര്‍ത്തകരെ അനുനയിപ്പിച്ചിട്ടുണ്ട്. നേതാക്കള്‍ നല്കിയ അവധിക്കുള്ളില്‍ വികസനം നടത്തിയില്ലെങ്കില്‍ സിപിഐയില്‍ ചേരാനാണ് പ്രവര്‍ത്തകരുടെ തീരുമാനം. നാടിന്റെ വികസനാവശ്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടി നേതൃത്വം അവഗണിക്കുകയായിരുന്നെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: