കല്‍പ്പറ്റ : ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജില്‍പ്പെട്ട ഫാന്റംറോക്, കൊളഗപ്പാറ, അമ്പലവയല്‍ വില്ലേജിലെ ആറാട്ടുപാറ എന്നിവിടങ്ങളില്‍ പാരിസ്ഥിതികപ്രാധാന്യവും ജനങ്ങളുടെ ഭാവിസുരക്ഷയും കണക്കിലെടുത്ത് ക്വാറി-ക്രഷര്‍ പ്രവര്‍ത്തനം നിരോധിച്ച ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും കലക്ടറുമായ വി.കേശവേന്ദ്രകുമാറിനെ വയനാട് പ്രകൃതി സംരക്ഷണ സമിതി അഭിനന്ദിച്ചു. ഒക്ടോബര്‍ രണ്ട് മുതല്‍ ജില്ലയില്‍ മൈക്രോണ്‍ അളവ് നോക്കാതെ പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധിച്ചതിനെ സ്വാഗതംചെയ്ത സമിതി മുന്‍ കലക്ടര്‍മാര്‍ ഇത്തരത്തില്‍ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ വയനാട്ടില്‍ അതികഠിനമായ പാരിസ്ഥിതികത്തകര്‍ച്ച ഉണ്ടാകുമായിരുന്നില്ലെന്ന് വിലയിരുത്തി.
ജില്ലയുടെ പരിസ്ഥിതിസന്തുലനം തകര്‍ത്തത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ നടന്ന അശാസ്ത്രീയ കരിങ്കല്‍-മണല്‍ ഖനനവും അശാസ്ത്രീയ നിര്‍മാണങ്ങളുമാണ്. ഏറെ വൈകിയാണെങ്കിലും ഇതു തിരിച്ചറിയുകയും ഖനനലോബിയുടെ പ്രലോഭനങ്ങളെ അതിജീവിക്കുകയും ചെയ്യുകവഴി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് വയനാടന്‍ ജനതയുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയിരിക്കയാണ്.
1980ലെ ജില്ലാ പിറവിക്കുശേഷം ഖനനലോബിക്കെതിരായ നിരവധി ജനകീയ മുന്നേറ്റങ്ങള്‍ക്ക് വയനാട് സാക്ഷ്യംവഹിച്ചതാണ്.ഖനന മാഫിയയ്ക്ക് മൂക്കുകയറിടാന്‍ നീതിപീഠവും ഇടപെടുകയുണ്ടായി. എന്നിട്ടും ജില്ലയില്‍ ഖനനലോബിക്ക് സഹായകമായ നിലപാടാണ് രാഷ്ട്രീയപാര്‍ട്ടി നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും പൊതുവെ സ്വീകരിച്ചത്. 1986ല്‍ ജില്ലാ കലക്ടറായിരുന്ന രവീന്ദ്രന്‍തമ്പി ഉള്‍പ്പെടെ വിരലില്‍ എണ്ണാവുന്ന ഉദ്യോഗസ്ഥര്‍ മാത്രമാണ് ജില്ല നേരിടുന്ന പാരിസ്ഥിതികശോഷണത്തിനു തടയിടുന്നതിനായി നിലകൊണ്ടത്. ചരിത്രപ്രസിദ്ധമായ എടക്കല്‍ ഗുഹയുടെ സംരക്ഷണത്തിനായി അമ്പുകുത്തി മലനിരകളില്‍ കരിങ്കല്‍ ഖനനം നിരോധിച്ചത് രവീന്ദ്രന് തമ്പിയാണ്. പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന എടക്കല്‍ ഗുഹ സംരക്ഷണ പ്രക്ഷോഭത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ നടപടി.
പശ്ചിമഘട്ടത്തിന്റെ ഭാഗമായ വയനാട്ടില്‍ ബ്രഹ്മഗിരിയും ചെമ്പ്രമലയും അടക്കം പാരിസ്ഥിതിക പ്രാധാന്യമുള്ള അനേകം പ്രദേശങ്ങളുണ്ട്.
ഇവിടങ്ങളില്‍ തുടരുന്ന ഖനനവും കുന്നിടിക്കലും മണലൂറ്റും അശാസ്ത്രീയ നിര്‍മാണങ്ങളും ജില്ലയുടെ തനത് ആവാസവ്യവസ്ഥ കുളംതോണ്ടുകയാണ്. കൊളഗപ്പാറയിലും മറ്റും ബാധകമാക്കിയതുപോലുള്ള നിരോധനവും നിര്‍മാണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവും ജില്ലയിലെ മുഴുവന്‍ പാരസ്ഥിതിക ദുര്‍ബല പ്രദേശങ്ങളിലും അനിവാര്യതയാണ്- യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് എന്‍.ബാദുഷ അധ്യക്ഷനായിരുന്നു. സെക്രട്ടറി തോമസ് അമ്പലവയല്‍, എം.ഗംഗാധരന്, ബാബു മൈലമ്പാടി, പി.എം.സുരേഷ്, രാമകൃഷ്ണന് തച്ചമ്പത്ത്, വി.എം.രാജന്, ജസ്റ്റിന് പ്രകാശ്, ഗോകുല്‍ദാസ് തൊടുവട്ടി, ആര്‍ടിസ്റ്റ് ഗോവിന്ദന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: