പത്തനംതിട്ട: സ്വാതന്ത്ര്യ ദിനത്തില്‍ രാവിലെ ഉയര്‍ത്തിയ ദേശീയപതാക 6 മണി കഴിഞ്ഞിട്ടും താഴ്ത്താതെ അനാദരവ് കാട്ടിയ സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. 6 മണി കഴിഞ്ഞിട്ടും ദേശീയപതാക താഴ്ത്താത്തതിന്റെ പേരില്‍ പത്തനംതിട്ട ശാന്തി മെഡിക്കല്‍സിലെ ബിനോയ് തോമസ്, അലങ്കാര്‍ സൂപ്പര്‍മാര്‍ക്കറ്റിലെ മാനേജരുടെ മകന് മുനീര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
രാത്രി 7 മണി കഴിഞ്ഞിട്ടും ദേശീയ പതാക താഴ്ത്തിയിട്ടില്ലാത്ത സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും വിവരാവകാശ- മനുഷ്യാവകാശ പ്രവര്‍ത്തകരും, ശാന്തി മെഡിക്കല്‍സിനും അലങ്കാര്‍ സൂപ്പര്‍ മാര്‍ക്കറ്റിനു മുമ്പിലും നടത്തിയ പ്രതിഷേധ ധര്‍ണ്ണയെ തുടര്‍ന്നാണ് പത്തനംതിട്ട പോലീസിന്റെ നടപടി.
ദേശീയ പതാകയോട് അനാദരവ് കാട്ടിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നടന്ന ധര്‍ണ്ണ പത്തനംതിട്ട നഗരസഭാ മുന്‍ കൗണ്‍സിലര്‍ കെ. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. വിവരാവകാശ പ്രവര്ത്തകന് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. ആര്‍ടിഐ കേരളാ ഫെഡറേഷന് ജില്ലാ പ്രസിഡന്റ് കെ. നാരായണന്, ബാലന് വല്ലന, രാജന് ആറന്മുള, പി. ശശിധരന്, രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. ദേശീയ പതാക അഴിച്ചെടുക്കാന്‍ പോലീസിന്റെ നിര്‍ദ്ദേശാനുസരണം ഫയര്‍ഫോഴ്സും എത്തിയിരുന്നു.
ജില്ലയിലെ മിക്ക സര്‍ക്കാര്‍ ഓഫീസുകളിലും ദേശീയ പതാക ഉയര്‍ത്തിയിട്ടും വി. കോട്ടയം വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ സ്വാതന്ത്ര്യ ദിവസത്തില്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നില്ല. റഷീദ് ആനപ്പാറ ഈ ഓഫീസില്എത്തി സത്യാഗ്രഹം നടത്തി. കോന്നി പോലീസ് റഷീദില്‍ നിന്നും ദേശീയ പതാകയെ അവഗണിച്ച വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്കെതിരെയുള്ള പരാതി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: