പത്തനംതിട്ട: വാഹനാപകടത്തില്‍ മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് 32.59 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് പത്തനംതിട്ട മോട്ടോര്‍ ആക്സിഡന്റ് ്ക്ലയിം ട്രൈബ്യൂണല്‍ ഉത്തരവിട്ടു. 2009 ഏപ്രില്‍ 11ന് രാവിലെ 8.40 ഓടെ കോന്നി അട്ടച്ചാക്കല്‍ റോഡില്‍ മാതാവിനൊപ്പം ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യവെ മുരിങ്ങമംഗലം ക്ഷേത്രത്തിന് സമീപം വെച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ അമിത വേഗതയിലെത്തിയ മറ്റൊരു ഓട്ടോറിക്ഷ ഇടിച്ചതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി കുട്ടിക്ക് പരിക്കേല്‍ക്കുകയായിരുന്നു.
കോന്നി ഐരവണ്‍ ചാങ്ങേല്‍ വീട്ടില്‍ സജി.കെ.ജോയിയുടെ മകനും പത്തനംതിട്ട കുമ്പഴ മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുമായിരുന്ന അലന് ഈപ്പന് സജി(പത്ത്) നാണ് സാരമായി പരിക്കേറ്റത്. തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അലന് മരിച്ചു. ഈ വാഹനാപകടത്തിന് ഉത്തരവാദികളായ ഡ്രൈവര്‍ , ഉടമസ്ഥന്, വാഹനം ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്ന ഐസിഐസിഐ ലംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി എന്നിവരെ ഒന്നുമുതല്‍ മുന്നുവരെ പ്രതികളാക്കി ഫയല്‍ ചെയ്ത നഷ്ടപരിഹാര ഹര്‍ജിയിലാണ് 3259832 രൂപാ അനുവദിച്ച് പത്തനംതിട്ട എംഎസിടി ജഡ്ജി എന്‍. ഹരികുമാര്‍ ഉത്തരവിട്ടത്. 30 ദിവസത്തിനകം മുഴുവന്‍ തുകയും പത്തനംതിട്ട എംഎസിടി മുമ്പാകെ കെട്ടിവെയ്ക്കാനും ഐസിഐസിഐ ലംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് നല്കിയ ഉത്തരവില്‍ പറയുന്നു. ഹര്‍ജ്ജിക്കാരനുവേണ്ടി അഡ്വ.പ്രശാന്ത് ബി.കുറുപ്പ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: