പൊലീസും പാര്‍ട്ടിയും ഒരേ രേഖയിലൂടെ സഞ്ചരിക്കണമെന്ന് വിചാരിച്ച് ആവേശം കൊള്ളുന്നവര്‍ ജാഗ്രതൈ. ഈ പൊലീസ് ഇന്നല്ലേ പൊലീസ് ആയത്. അതിനു മുമ്പത്തെ കാര്യം നമുക്കറിവുള്ളതല്ലേ. അപ്പൊ, പറഞ്ഞുവന്നത് എന്താച്ചാല് പൊലീസ് പൊലീസിന്റെ പണിയങ്ങട് എടുക്ക്വാ. പാര്ട്ടിക്കാര് പാര്‍ട്ടിപ്പണിയും.
ഇവിടെ ഒരു സംശയം ന്യായമായും ഉയര്‍ന്നുവരാം. എന്താണ് പൊലീസ് പണി, പാര്‍ട്ടിപ്പണി. ചിലപ്പോള്‍ ഇവ തമ്മില്‍ നമുക്ക് വേര്‍തിരിച്ചറിയാനാവില്ല. ഭരണത്തില്‍ ഇരിക്കുന്ന പാര്‍ട്ടിയുടെ ആളുകളെ കണ്ടറിയുക എന്നതാണ് പൊലീസിനു വേണ്ട പാര്‍ട്ടി കണ്ണ്. പാര്‍ട്ടിയെ അറിയുന്ന പൊലീസുകാരനെ കണ്ടെത്തി കൂടെ കൂട്ടുക എന്നത് പാര്‍ട്ടിക്കാരന്റെ പണിയും. എന്താ കണ്ഫ്യൂഷനാവുന്നോ? ഉദാഹരണത്തിന് അടിപിടി നടന്നു എന്നു കരുതുക. ഒരു ഭാഗത്ത് നിലവില്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ പൊന്നണികളാണ്.
മറുഭാഗത്ത് വെറും പ്രജ. അല്ലെങ്കില്‍ എതിര്‍പാര്‍ട്ടിയുടെ കരിഞ്ഞ അണി. (അങ്ങനെയും ഒരണിയോ എന്നൊന്നും ചോദിച്ചേക്കരുത്). കേസ് വരുമ്പോള്‍ പാര്‍ട്ടി അണി ഒരിക്കലും പ്രതിയാവില്ല. അഥവാ വിവരമില്ലാത്ത ഏതെങ്കിലും പൊലീസ് മാമന് പ്രതിപ്പട്ടികയില്‍ പെടുത്തിയെന്നിരിക്കട്ടെ. ടിയാന്റെ കാര്യം ഗോപി. അതുകൊണ്ടാണ് മ്മടെ പിണറായിക്കാരന് പറഞ്ഞത് ങ്ങള് ങ്ങളെ പണിയെടുത്തോളീ. മ്മളെ വളര്‍ത്താന്‍ ബരണ്ടാന്ന്. ഈ പറഞ്ഞതില്‍ സകലതും അടങ്ങിയിട്ടുണ്ട്.
അതിനെക്കുറിച്ച് മ്മടെ കണാരേട്ടന് പറയുന്നത് കേള്‍ക്കുക: പാര്‍ട്ടി ആയാലും പൊലീസായാലും ഒരു പണിയെ ഉള്ളൂ. പൊലീസ് പണിയെന്ന് നാട്ടുകാരും നമ്മുടെ പണിയെന്ന് പാര്‍ട്ടിക്കാരും പറയുന്ന പണി. അതുകൊണ്ട് പോലീസ് പണിക്കൊപ്പം പ്രത്യേകിച്ച് പാര്‍ട്ടിപ്പണി എടുക്കേണ്ടെന്നാണ് പിണറായി സഖാവ് പറഞ്ഞത്. ഇതെന്താ ഇങ്ങനെ എന്നാണോ ചോദിക്കുന്നത്. ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ലാന്ന് കൂട്ടിക്കോളിന്‍.
നടേ പറഞ്ഞത് നേരെ ചൊവ്വേ മനസ്സിലാവാത്തവര്‍ക്ക് വേണ്ടി ഇതാ മംഗളം പത്രത്തില്‍ (ആഗസ്റ്റ് 10) ഒരു ന്യൂസ് ഫീച്ചര്‍. ഇതെന്ത് സാധനം എന്നൊന്നും ഉത്കണ്ഠപ്പെടരുത്. തൃശൂര്‍ നിന്ന്എരുമേലിക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ മൂന്നുകുട്ടികളും ഭാര്യയുമൊത്ത് 40കാരനായ യാത്രക്കാരനുമുണ്ടായിരുന്നു. മുതിര്‍ന്ന സ്ത്രീകള്‍ക്കുള്ള സീറ്റില്‍ മൂന്നുകുട്ടികളുമൊത്ത് അയാള്‍ ഇരിക്കുന്നു; ഭാര്യ പിറകിലത്തെ സീറ്റില്‍.
ഇനി ലേഖകന്‍ രാജേഷ് മുളക്കുളം പറയട്ടെ: ഗൃഹനാഥനോട് സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ 35 വയസ്സു തോന്നിക്കുന്ന സ്ത്രീ ആവശ്യപ്പെട്ടു. മറ്റൊരു സീറ്റില്‍ ഇരിക്കുകയായിരുന്ന ഭാര്യയെ കുട്ടികളുടെ അടുത്ത് ഇരുത്തിയ ശേഷം ഗൃഹനാഥന് എഴുന്നേറ്റു. ഇതോടെ പ്രകോപിതയായ സ്ത്രീ, ഭാര്യയുടെയും മക്കളുടെയും മുന്നില്‍ അയാളുടെ ഷര്‍ട്ടിനു കുത്തിപ്പിടിച്ച് ആക്രാശിച്ചു. ഭീഷണി സ്വരത്തില്‍ പലതും വിളിച്ചുകൂവി. തിരക്കുള്ള ബസ്സില്‍ ഈ സ്ത്രീയുടെ കോപ്രായങ്ങള്‍ അതിരുകടന്നു. വിവരണത്തില്‍ അതെല്ലാമുണ്ട്. എന്തായാലും ഒടുവില്‍ പ്രശ്നം പൊലീസിലറിയിക്കാന്‍ കണ്ടക്ടര്‍ തീരുമാനിച്ചു.
മൂവാറ്റപുഴ കച്ചേരിത്താഴത്തുള്ള പോലീസ് എയ്ഡ് പോസ്റ്റിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. ഇത്രയുമായപ്പോള്‍ നേരത്തെ പറഞ്ഞ സ്ത്രീ കരഞ്ഞുപിഴിഞ്ഞ് ബസ്സില്‍ നിന്നിറങ്ങി. പിന്നെ പല തരത്തിലുള്ള സീന്‍. ഇതൊക്കെ തനിതട്ടിപ്പാണെന്ന് ബസ്സിലുള്ളവര്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ആളുകൂടി, പിരിമുറുക്കം കൂടി. മറ്റേ കുടുംബത്തെയും ബസ്സില്‍ നിന്ന് വിളിച്ചിറക്കി. ഇരുകൂട്ടരേയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനായി പോലീസ് ജീപ്പിനുള്ളില്‍ കയറ്റി. ഇനി വീണ്ടും രാജേഷിലേക്ക്: അപ്പോഴാണ് ഏതാനും പേര് സംഘമായി ഇരച്ചെത്തിയത്. അതോടെ സംഘര്‍ഷമായി.
അതുവരെ സജീവമായിരുന്ന പൊലീസ് കാഴ്ചക്കാരായി മാറി. ”ഞങ്ങളുടെ സഖാവിനെ പൊലീസ് ജീപ്പില്‍ കൊണ്ടുപോകാന്‍ സമ്മതിക്കില്ല” എന്ന് ആക്രോശിച്ച് ഒരാള്‍ പൊലീസിന്റെ കൈ തട്ടിമാറ്റി ബലമായി സ്ത്രീയെ പൊലീസ് ജീപ്പില്‍ നിന്നിറക്കി. നിങ്ങള്‍ ഇതെന്താണ് ചെയ്യുന്നതെന്ന് ചോദിച്ച യാത്രക്കാരനെ ചിലര്‍ മര്‍ദ്ദിച്ചു. ഗൃഹനാഥന്റെ നാഭിക്കു തൊഴിച്ചു. ഗുണ്ടകളെപ്പോലെ ചിലര്‍ എത്തിയപ്പോഴാണ് ബഹളം ഉണ്ടാക്കിയ സ്ത്രീ ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് അഡ്വ. കെ.പി. റെജീനയാണെന്നു പലരും അറിയുന്നത്.
കാര്യങ്ങള്‍ വിശദമാക്കാന്‍ ശ്രമിച്ച യാത്രക്കാരെ ഒന്നടങ്കം ഗുണ്ടകള്‍ ഭീഷണിപ്പെടുത്തി. അതോടെ സംഭവത്തിനു ദൃക്സാക്ഷികളാണെന്നു സമ്മതിക്കാന്‍ പോലും പോലീസിനു മുമ്പില്‍ ആരും തയ്യാറായില്ല. വാര്‍ത്തയ്ക്കു വേണ്ടി മൂവാറ്റുപഴ ബ്യൂറോയിലെ മുഹമ്മദ് ഷഫീഖിനൊപ്പം പൊലീസ് സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ പേടിച്ചരണ്ട കുട്ടികളെയും കരഞ്ഞുതളര്‍ന്ന വീട്ടമ്മയേയുമാണ് കണ്ടത്. ഗൃഹനാഥന് ഫോണ്‍ ചെയ്യുന്ന തിരക്കിലും ” അവരു പാര്‍ട്ടിക്കാരും വലിയ അഡ്വക്കേറ്റും ആയിരിക്കാം. ഞങ്ങള്‍ പാവം കൂലിപ്പണിക്കാരാ. പാര്‍ട്ടിയൊക്കെ ഞങ്ങള്‍ക്കും ഉണ്ട്.” കരച്ചിലിനിടെ വീട്ടമ്മ പറഞ്ഞുകൊണ്ടിരുന്നു.
കുറെ കഴിഞ്ഞപ്പോള്‍ ഡിഫി നേതാവായ അഡ്വ. റെജീനയും കുറച്ചുപേരും സ്റ്റേഷനിലെത്തി. നേരെ സിഐയുടെ മുറിയില്‍ ചര്‍ച്ച. ഏതാണ്ട് രണ്ടു മണിക്കൂര്‍ ഇത് തുടര്‍ന്നു. ഒടുവില്‍ സ്ഥിതിയെന്തായെന്ന് അറിയുമോ? ഗൃഹനാഥനെതിരെ മാനഭംഗത്തിന് കേസ്. ” എന്താണ് സംഭവിച്ചതെന്ന് കുടുംബത്തോട് ആരും ചോദിച്ചില്ല.
എരുമേലിയില്‍ നിന്ന് വീട്ടുകാരെത്തി വീട്ടമ്മയേയും മക്കളേയും കൂട്ടിക്കൊണ്ടു പോവുമ്പോള്‍ പാതിരാത്രി കഴിഞ്ഞിരുന്നു. അനുഭവിച്ച പേടിയും വേദനയും ആ പിഞ്ചു കുഞ്ഞുങ്ങളുടെ കണ്ണില്‍ തുളുമ്പി നിന്നു. തിങ്കളാഴ്ച വൈകിട്ടാണ് ഗൃഹനാഥന് ജാമ്യം കിട്ടിയത്. നമ്മുടെ പൊലീസിന്റെ പണിയും പാര്‍ട്ടിപ്പണിയും നേര്‍രേഖയില്‍ സഞ്ചരിക്കുന്നതിന്റെ വാങ്മയചിത്രമാണ് പിണറായി സര്‍ക്കാരിന് ഇതു ഭൂഷണമല്ല-വാദിയെ പ്രതിയാക്കുന്ന പാര്‍ട്ടിരാജ് എന്ന തലക്കെട്ടില്‍ രാജേഷ് മുളക്കുളം എഴുതിയ ന്യൂസ് ഫീച്ചറിലുള്ളത്. ഇതിന്റെ ഫലശ്രുതി എത്തും മുമ്പ് ഒരു ട്വിസ്റ്റുണ്ട്. ഇതിലെ ഗൃഹനാഥനും കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പെടെ 60 ഓളം പേര് സിപിഎം വിടുകയാണ്; തീരുമാനമെടുത്തുകഴിഞ്ഞു.
റാന്നി തുലാപ്പള്ളി സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായ അരവിന്ദാക്ഷന്റെ മകളും മരുമകനുമാണ് ഇതിലെ ഇരകള്‍, അതായത് കേസില്‍ പെട്ടവര്‍. അപ്പോള്‍ കാര്യങ്ങള്‍ ശരിയായില്ലേ? പൊലീസിന് പാര്‍ട്ടി വളര്‍ത്തേണ്ട ചുമതലയില്ലെന്ന് ബോധ്യമായില്ലേ? ആയതിനാല്‍ കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുന്ന സകല ടിയാന്മാരും ടിയാള്മാരും ഒന്ന് ശ്രദ്ധിച്ചാല്‍ തടി കേടാവില്ല, യേത്?
ഭ്രാന്തനെന്ന് വിളിക്കുന്നത് ആര്‍ക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല. എല്ലാവരിലും അതിന്റെ ചെറിയൊരംശം ഉണ്ടാവുമെന്നാണ് പറയാറ്. അത് അറിഞ്ഞത്കൊണ്ടോ എന്തോ എന്റെ പ്രിയ സുഹൃത്ത് സരുണ്‍ പുല്‍പ്പള്ളി അദ്ദേഹത്തിന്റെ നോവലിന് നല്കിയ പേര് ഭ്രാന്തനെന്ന് വിളിക്കരുത് എന്നാണ്. വയനാടിന്റെ സൗന്ദര്യവും സത്തയും പ്രണയാര്‍ദ്രമായ ഈ നോവലിന്റെ അന്തര്‍ധാരയാണ്. കഴിഞ്ഞ ആഴ്ച തിരൂരില്‍ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന് രാജസേനനാണ് പുസ്തകം പ്രകാശനം ചെയ്തത്.
പത്രപ്രവര്‍ത്തന പാതയിലൂടെ മുന്നോട്ടു പോവുന്നതിന്റെ പുഷ്കലമാര്ന്ന ഒരു സംസ്കാരം നോവലില്‍ തുടിച്ചു നില്ക്കുന്നു. ഭാവനാ സമ്പന്നവും നിരീക്ഷണ പടുത്വവുമുള്ള ഒരു ശൈലി സമൃദ്ധസുന്ദരമായി അതില്‍ പതഞ്ഞു കിടക്കുന്നു. മലയാണ്മയുടെ സാഹിത്യ സമ്പന്നമായ ഉമ്മറത്തേക്ക് വലതുകാല്‍ വെച്ചു കയറാന്‍ തികച്ചും യോഗ്യത നേടിക്കഴിഞ്ഞ സരുണിനെ വായനക്കാര്‍ ആഹ്ലാദത്തോടെ വരവേല്‍ക്കുമെന്നതില്‍ എനിക്കു സംശയമില്ല.
പ്രിയങ്കരനായ ബെന്യാമിന് നോവലിന്റെ അവതാരികയില്‍ പറയുന്നതിങ്ങനെ: ഒറ്റനോട്ടത്തില്‍ ഒരു നാടന്‍ പ്രണയകഥ എന്ന് തോന്നാമെങ്കിലും സരുണ്‍ പുല്‍പ്പള്ളി എഴുതിയ ഭ്രാന്തനെന്ന് വിളിക്കരുത് എന്ന നോവലിനെ ഇത്തരത്തില്‍ പ്രാദേശികത അടയാളപ്പെടുത്തിയ നോവലെന്ന രീതിയില്‍ വായിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഓരോരുത്തരുടെയും ഇഷ്ടങ്ങളിലേക്ക് ഈ നോവല്‍ പടര്‍ന്നു കയറട്ടെ.
പുകള്‍പെറ്റ നമ്മുടെ പൊലീസിനെക്കുറിച്ച് മലയാള മനോരമ (ആഗസ്റ്റ് 09) എഴുതിയ പത്രാധിപക്കുറിപ്പില്‍ നിന്നുള്ള രണ്ടുമൂന്നു വരിയോടെ നമുക്ക് നിര്‍ത്താം. ഹെല്‍മറ്റ് പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്കുയാത്രക്കാരെ പിന്തുടര്ന്ന് അപകടമരണത്തില്‍ വരെ എത്തിച്ച ചരിത്രമുണ്ട് നമ്മുടെ പൊലീസിന്. ഹെല്‍മറ്റിന്റെ കാര്യത്തില്‍ മാത്രമല്ല, എവിടെയും ആരെയും പീഡിപ്പിക്കാന്‍ പൊലീസിന് ഒരു നിയമവും അധികാരം നല്‍കുന്നല്ല.
സമൂഹത്തിന്റെ സംരക്ഷകരായിരിക്കണം പൊലീസ്; വേട്ടയാടുന്നവരാകരുത്. സാധാരണക്കാര്‍ക്കു നേരെ അനുതാപവും അക്രമികള്‍ക്കു നേരെ കടുത്ത നടപടിയും സ്വീകരിക്കാന്‍ പൊലീസിനു കഴിയട്ടെ എന്നാശംസിക്കുകയല്ലാതെ മറ്റെന്ത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: