മലപ്പുറം: ഗ്രാമവികസനത്തിനുള്ള കേന്ദ്രാവികൃത പദ്ധതികളുടെ നിര്‍വഹണത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്.വെങ്കടേസപതി പറഞ്ഞു.
പദ്ധതികള്‍ സമയബന്ധിതമായും കുറ്റമറ്റ രീതിയിലും നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മേല്‍നോട്ടത്തിനും അവലോകനത്തിനുമുള്ള നിലവിലെ ജില്ലാതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് രൂപീകരിച്ച ഡിസ്ട്രിക്ട് ഡവലപ്പ്മെന്റ് കോഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ ആദ്യ ഉദ്യോഗസ്ഥതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
കമ്മിറ്റിക്ക് ‘ദിശ’ എന്നാണ് പേര് നല്‍കിയിട്ടുള്ളത്. കേന്ദ്ര ഗ്രാമവികസന വകുപ്പിനു കീഴിലുള്ള വിവിധ വികസന പദ്ധതികളുടെ ഏകോപനവും മേല്‍നോട്ടവും അവലോകനവുമാണ് കമ്മിറ്റിയുടെ ലക്ഷ്യം.
ജില്ലാ കലക്ടറാണ് കമ്മിറ്റിയുടെ മെംബര്‍ സെക്രട്ടറി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, ദീന്‍ദയാല്‍ അന്ത്യോദയ യോജന, ദീന്‍ദയാല്‍ ഗ്രാമീണ്‍ കൗശല്യ യോജന, പ്രാധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന, പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന, അമൃത്, ഫസല്‍ ബീമാ യോജന, എന്‍.എച്ച്.എം., എസ്.എസ്.എ., ഐ.സി.ഡി.എസ്., സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി, ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാം തുടങ്ങി 30 ഓളം കേന്ദ്ര പദ്ധതികളും ടെലകോം, റെയില്‍വെ, ദേശീയപാത, ജലപാത, ഖനികള്‍ തുടങ്ങി അടിസ്ഥാന സൗകര്യ വികസന പരിപാടികളുമാണ് ‘ദിശ’യുടെ മേല്‍നോട്ട പരിധിയില്‍ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: