ആദ്ധ്യാത്മിക സാധനയിൽ ഭക്തിയ്ക്ക് അതിന്റേതായ സ്ഥാനമുണ്ട് വെള്ളത്തിൽ ലൈറ്റുകാണിച്ച് മീനിനെ ആകർഷിക്കുന്നതുപോലെ സൗന്ദര്യധാമമായ ഭഗവാനിലേയ്ക്ക് മനസ്സിനെ ആകർഷിക്കണം. അങ്ങനെ ഉള്ളിലെ പ്രേമത്തെ ഉണർത്താം. മറ്റു പല മാർഗ്ഗങ്ങളേയും അപേക്ഷിച്ച് വേഗത്തിൽ അന്തഃകരണശുദ്ധി നേടുവാനും ഇതുകൊണ്ട് കഴിയും.
ഭക്തിയ്ക്ക് പ്രാധാന്യം നൽകുവാൻ മറ്റൊരു കാരണം കൂടിയുണ്ട്. നമ്മൾ ഏതു ശീലമനുസരിച്ചു ജീവിച്ചുവോ, അതനുസരിച്ചു് മുന്നോട്ടു നീങ്ങിയാൽ സാധനയിൽ വേഗം പുരോഗതി നേടാം. ബാല്യത്തിൽ നമ്മൾ അമ്മയുടെ മടിയിലിരുന്ന് സന്തോഷം നേടി. കുറച്ചു വളർന്നപ്പോൾ സുഖവും ദുഃഖവും കൂട്ടുകാരോട് പങ്കുവെച്ച് സന്തോഷം കണ്ടെത്തി.
പ്രായമെത്തിയപ്പോൾ ദുഃഖം പങ്കിടാൻ കൂട്ടുകാരിയെ കിട്ടി. ഇങ്ങനെ, നമ്മൾ ഓരോ വ്യക്തികളിൽ മനസ്സിനെ നിർത്തിയാണ് ജീവിച്ചുപോന്നത്. ഇങ്ങനെ എന്തിലെങ്കിലും ചാരിനിൽക്കുക എന്ന മനസ്സിന്റെ ശീലത്തെ അവലംബിച്ച് മുന്നോട്ടു പോകുന്നതാണ് സാധനയിൽ കൂടുതൽ പ്രയോജനകരം. അതിനാലാണ് ഇഷ്ടരൂപത്തെ ആശ്രയിക്കാൻ പറയുന്നത്. അതുവഴി സമ്പത്തിലും, ബന്ധുക്കളിലും മറ്റു പലതിലും ബന്ധിച്ചു നിൽക്കുന്ന മനസ്സിനെ, അവയിൽ നിന്നെല്ലാം വിടർത്തി ഈശ്വരനുമായി ബന്ധിക്കുവാൻ ഭക്തന് വേഗം കഴിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: