പത്തനംതിട്ട : ആറന്മുളയില് വിമാനത്താവളത്തിനായി മണ്ണിട്ട് നികത്തിയ നെല്‍പ്പാടങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കി കൃഷി ആരംഭിക്കുന്നതിന് ആത്മാര്‍ത്ഥമായ ശ്രമം സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഇല്ലെന്ന് ആക്ഷേപം. ആറന്മുളയില് നെല്‍കൃഷി നടത്തുമെന്ന കൃഷിമന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കിയെന്ന് വരുത്തിത്തീര്‍ക്കാന്‍ മാത്രം ആറന്മുള പുഞ്ചയില്‍ എവിടെയെങ്കിലും കുറേ സ്ഥലത്ത് കൃഷിയിറക്കാനാണ് പദ്ധതി. ആറന്മുള വിമാനത്താവളത്തിനായി മണ്ണിട്ട് നികത്തിയ ഭൂമിയില്‍ കൃഷിയിറക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ വിമാനത്താവളത്തിനായി മണ്ണിട്ട് നികത്തിയ സ്ഥലത്ത് കൃഷിയിറക്കുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുകളേറെയുണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ പദ്ധതിപ്രദേശത്തിന്റെ പരിസരത്ത് കൃഷിയിറക്കാനുള്ള പദ്ധതിക്കാണ് രൂപം നല്‍കിയത്. എന്നാല്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ച മന്ത്രി ജനങ്ങളുടെ കൈയടിവാങ്ങാനായി വിമാനത്താവളത്തിനായി മണ്ണിട്ട് നികത്തിയ ഭൂമി മിച്ചഭൂമിയായി കണ്ടെത്തിയിട്ട് വര്‍ഷങ്ങളായിട്ടും പ്രഖ്യാപനം നടത്താത്തതിന് ജില്ലാ ഭരണകൂടത്തെ ശാസിക്കുകയും അടുത്ത ലാന്റ്ബോര്‍ഡ് യോഗത്തില്‍ ഇവിടെ മിച്ചഭൂമിയായി പ്രഖ്യാപിക്കണമെന്ന് പരസ്യമായി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അതേസമയം താലൂക്ക് ലാന്റ്ബോര്‍ഡില്‍ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച അംഗങ്ങളാണുള്ളത്. വിമാനത്താവള നിര്‍മ്മാണത്തിനനുകൂലമായ രാഷ്ട്രീയ നിലപാടുള്ള ഇവര്‍ മിച്ചഭൂമി പ്രഖ്യാപനം നടത്തുകയില്ലെന്ന് മന്ത്രിയ്ക്ക് വ്യക്തമായി അറിയാമായിരുന്നിട്ടും. മിച്ചഭൂമി പ്രഖ്യാപനം നടത്തണമെന്ന് നിര്‍ദ്ദേശം നല്കിയ നടപടി പരിഹാസ്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ സര്‍ക്കാര്‍ ചുമതലയേറ്റിട്ട്മാസങ്ങളായിട്ടും ലാന്റ്ബോര്‍ഡ് പുനസംഘടിപ്പിത്തതും വിമര്‍ശന വിധേയമാകുന്നു. ഇന്നലെ ചേര്‍ന്ന ലാന്റ്ബോര്‍ഡ് യോഗത്തില്‍ സ്ഥലം മണ്ണിട്ട് നികത്തിയ എബ്രഹാം കലമണ്ണിലിനെ വീണ്ടും വിളിച്ചുവരുത്തി അദ്ദേഹത്തിന്റെഭാഗം കൂടി കേള്‍ക്കണമെന്ന് നിര്‍ദ്ദേശം വന്നത് മിച്ചഭൂമി പ്രഖ്യാപനം വൈകിപ്പിക്കാനാണെന്ന് ആക്ഷേപം ഉയരുന്നു. ഭൂമിയുടെ ഉടമസ്ഥതഅവകാശപ്പെടുന്ന കെജിഎസിന്റേയും എബ്രഹാം കലമണ്ണിലിന്റേയും വാദങ്ങള്‍ കേട്ടശേഷമാണ് അനധികൃതമായി നികത്തിയ സ്ഥലമാണെന്നും ഈ സ്ഥലം ഏറ്റെടുത്ത് മിച്ചഭൂമിയായി പ്രഖ്യാപിക്കണമെന്നും 2013 ല്‍തന്നെ നിര്‍ദ്ദേശം ഉയര്‍ന്നത്. ഈ സ്ഥലത്തിന്റെ പോക്ക് വരവ് റദ്ദുചെയ്ത് കോടതി ഉത്തരവുമുണ്ടായിരുന്നു. മിച്ചഭൂമിയായി പ്രഖ്യാപിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുങ്ങിയിട്ടും കഴിഞ്ഞദിവസം ചേര്‍ന്ന ലാന്റ്ബോര്‍ഡ് യോഗം നടപടികള്‍ വൈകിക്കുന്നതിനായി വീണ്ടും സര്‍ക്കാരിനെ സമീപിക്കുകയാണ്. ലാന്റ്ബോര്‍ഡിന്റെ ഈ നീക്കത്തിനുത്തരവാദി സര്‍ക്കാര്‍തന്നെയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിമാനത്താവള പദ്ധതി പ്രദേശം വ്യാവസായിക മേഖലയായി പ്രഖ്യാപിച്ച ഉത്തരവ് നിലനില്‍ക്കുന്നതാണ് മിച്ചഭൂമി പ്രഖ്യാപനത്തെ തടസ്സപ്പെടുത്തുന്നതെന്നാണ് സൂചന. വി.എസ്.അച്യുതാനന്ദന് സര്‍ക്കാരിന്റെ വ്യാവസായികമേഖലാ പ്രഖ്യാപനം പിന്‍വലിക്കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പലതവണ പറഞ്ഞെങ്കിലും ഇതുവരെ നടപടികളായില്ല. അതുകൊണ്ടുതന്നെ ലാന്റ്ബോര്‍ഡ് കൂടുതല്‍ വ്യക്തതയും വിശദീകരണത്തിനുമായി വീണ്ടും സര്‍ക്കാരിനെ സമീപിച്ചത്. ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്) ചെയര്‍മാനായ ് ലാന്റ്ബോര്‍ഡില്‍ എം.ബി.സത്യന്, എലിസബത്ത് റോയി, ഏബല്‍മാത്യു, ബാബുകോയിക്കലേത്ത്, കെ.എം.ശാമുവേല്‍, അഡീഷണല്‍ തഹസീല്‍ദാര്‍ വിജയകുമാരി എന്നിവരാണ് അംഗങ്ങള്‍. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ സിപിഎം പ്രതിനിധിയായ ബാബുകോയിക്കലേത്ത് പങ്കെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: