പി.എ. വേണുനാഥ്
പത്തനംതിട്ട: കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന നേതൃസമ്മേളനം നടക്കുന്ന ചരല്‍കുന്ന് രണ്ടുദിവസമായി രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രം. മാറിയ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പുതിയ നയം ഇന്ന് പ്രഖ്യാപിക്കുമെന്ന് ചെയര്മാന് കെ.എം.മാണിയും അറിയിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ പാര്‍ട്ടി സ്റ്റിയറിംങ് കമ്മിറ്റി യോഗം ആരംഭിക്കുന്നതിനും മുമ്പുതന്നെ വന്‍ മാധ്യമസംഘം സ്ഥലത്ത് എത്തിയിരുന്നു. പലചാനലുകളും തത്സമയ സംപ്രേക്ഷണവും ഒരുക്കി. വൈകിട്ട് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിച്ച ചെയര്മാന് നിലപാടുകള്‍ കൂടുതല്‍ വ്യക്തമാക്കാന്‍ തയ്യാറായില്ല. രാത്രിയും തുടരുന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ന് നിലപാട് പ്രഖ്യാപിക്കുമെന്ന് പറഞ്ഞ അദ്ദേഹം യുഡിഎഫിനോടും കോണ്‍ഗ്രസിനോടുമുള്ള അഭിപ്രായം തുറന്നുപറയുകയും ചെയ്തു.
യുഡിഎഫില്‍ നിന്നും ഏറെ പീഡനങ്ങള്‍ സഹിക്കേണ്ടിവന്നതിനാലാണ് പാര്‍ട്ടി ഭാരവാഹികളുമായി ചര്‍ച്ച ചെയ്ത് നയം പുന:പരിശോധിക്കുന്നത് എന്ന് പറഞ്ഞ ചെയര്മാന് ഇടതു മുന്നണിയില്‍ സ്വീകരിക്കില്ലെന്ന പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവനയെ പരിഹസിക്കുകയും ചെയ്തു. വിവാദ വിഷയങ്ങള്‍ ഒന്നും സ്പര്‍ശിക്കാതെ ചുരുങ്ങിയ വാക്കുകളില്‍ അദ്ധ്യക്ഷതവഹിച്ച പി.ജെ.ജോസഫ് പ്രസംഗം ചുരുക്കി. സ്വാഗതം ആശംസിച്ച ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം എംപി നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തകര്‍ന്നപ്പോഴും കേരളാ കോണ്‍ഗ്രസ് പിടിച്ചു നിന്നു എന്ന് ചൂണ്ടിക്കാട്ടി. പാര്‍ട്ടി നേതാവിനെതിരേയുള്ള നീക്കം പാര്‍ട്ടിയെ തകര്‍ക്കാനാണെന്ന് തിരിച്ചറിവുണ്ടെങ്കിലും രാഷ്ട്രീയ മര്യാദകൊണ്ട് കൂടുതല്‍ പ്രതികരിക്കാതിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അകത്ത് പാര്‍ട്ടി പ്രതിനിധികളുടെ സമ്മേളനം പുരോഗമിക്കെ പുറത്ത് പലതരം അഭ്യൂഹങ്ങളും പ്രചരിച്ചു. എന്‍ഡിഎയിലോ ഇടതു മുന്നണിയിലോ ചേരുമെന്നും അതല്ല നിയമസഭയില്‍ പ്രക്യേക ബ്ലോക്കായി തുടരുമെന്നും പലരും അഭിപ്രായപബ്പെട്ടു. ഇരുമുന്നണികളുമായി സമദൂരം പാലിക്കുമെന്ന ചെയര്‍മാന്റെ വാക്കുകളോടെ അഭിപ്രായങ്ങളും മാറി. സമദൂരം പാലിക്കുന്നതോടെ ഫലത്തില്‍ യുഡിഎഫില്‍ നിന്നും വിട്ടുപോയതിന് തുല്യമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ദിവസങ്ങളായി തുടരുന്ന ചൂടേറിയ ചര്‍ച്ചകള്‍ക്കും ആകാംക്ഷയ്ക്കും ഇന്ന് സമാപനമായേക്കും. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ പത്രസമ്മേളനത്തില്‍ നിലപാട് വ്യക്തമാക്കുമ മെന്നാണ് മാണി അറിയിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: