സമൂഹത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ വിവിധ തരത്തിലുള്ള സംഭവവികാസങ്ങള്‍ ഉണ്ടാകുന്നു. അവ ചിലപ്പോള്‍ അനുകൂലമായും പ്രതികൂലമായും വരുന്നു. സകലരാഷ്ട്രീയ കക്ഷികളും ജനങ്ങളെ അഭിസംബോധന ചെയ്യുന്നു. തങ്ങളുടെ ആദര്‍ശാത്മക വഴികളിലെ വെളിച്ചത്തെപ്പറ്റി ഘോരഘോരമായ വിശദീകരണങ്ങള്‍ നല്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഈ കാണായ ലോകത്തിന്റെ സകലസൗന്ദര്യങ്ങളും വിസ്മയങ്ങളും വര്‍ണ്ണങ്ങളും ആസ്വദിക്കാനുള്ള അവസരം പ്രദാനം ചെയ്യാമെന്ന് വാഗ്ദാനം നല്കുന്നു.
ജനങ്ങള്‍ ഒറ്റയ്ക്കും തെറ്റയ്ക്കും അവര്‍ പറഞ്ഞ വിശ്വാസ വഴികളിലേക്ക് മന്ദം മന്ദം നടന്നുനീങ്ങുന്നു. അങ്ങനെ നീങ്ങിത്തുടങ്ങവേ, നേരത്തെ അറിഞ്ഞതും പറഞ്ഞതുമായ കാര്യങ്ങള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ലെന്ന് അനുഭവിച്ചറിയുന്നു. എന്നാല്‍ എല്ലാം ഒഴിവാക്കി തിരിച്ചു നടക്കാമെന്നുവെച്ചാല് കഴിയാതെ പോവുന്നു. വിഭ്രാമകമായ ഒരു ലോകത്തിന്റെ ഏതോ കോണില്‍ സ്വയം ശപിച്ചുകൊണ്ട് കഴിയാനാണ് പിന്നീടുള്ള കാലം അവരെ നിര്‍ബന്ധിക്കുന്നത്. എന്നാല്‍ ഇത് മാറേണ്ടതല്ലേ? മാറ്റേണ്ടതല്ലേ? ആര്, എവിടെ, എങ്ങനെ തുടങ്ങും? അത്തരം ഒരുപാടു ചോദ്യങ്ങളുടെ മുനകൂര്‍ത്ത വഴിയിറമ്പിലേക്കിതാ ചില പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളുടെ യാഗാശ്വത്തെ ഒരു കലാകാരന് അഴിച്ചുവിട്ടിരിക്കുന്നു.
ശരിയുടെ പക്ഷത്തേക്കുള്ള യാത്രയില്‍ പലപ്പോഴും കലഹിച്ചും കാര്യം പറഞ്ഞും കരഞ്ഞും കൈപിടിച്ചും പോവുന്ന കലാകാരനാണ് നമ്മുടെ ശ്രീനിവാസന്. എന്തിലും വ്യതിരിക്തമായ ഒരു മുഖം അദ്ദേഹം കാണും. അതിന്റെ പൂര്‍ണതയ്ക്കായി എന്തു ത്യാഗം ചെയ്യാനും തയ്യാറാണ്. കൃഷിയിലും വൈദ്യുതി ഉപയോഗത്തിലും അദ്ദേഹം സ്വീകരിച്ച നിലപാട് നാം അറിഞ്ഞതാണ്. രാഷ്ട്രീയത്തിലും തന്റെ വീക്ഷണം എന്തെന്ന് അദ്ദേഹം തുറന്നു പറയുന്നു.
ആഗസ്റ്റ് 3ലെ മലയാള മനോരമയില്‍ അതുകാണാം. അവരുടെ നോട്ടം പംക്തിയില്‍ ശ്രീനിവാസന്റെ കുറിപ്പിന് നല്കിയ തലക്കെട്ട് ഇങ്ങനെ: അവസാനിപ്പിക്കണം ഈ മരണക്കച്ചവടം. മരണത്തെ കച്ചവടമാക്കിയ രാഷ്ട്രീയ നേതൃത്വത്തോടുള്ള തുടുചോദ്യവും ജനങ്ങള്‍ക്കു നേരെയുള്ള അലിവിന്റെ കൈനീട്ടലുമാണത്. കൊല്ലാനും കൊല്ലപ്പെടാനും അണികള്‍ ഒരു വിമ്മിഷ്ടവും കാട്ടാതെ പോകുന്നതിന്റെ പിന്നാമ്പുറത്തേക്കാണ് ശ്രീനിവാസന് വിരല്‍ചൂണ്ടുന്നത്. അണികളെക്കൊണ്ട് ആയുധമെടുപ്പിച്ച് അന്തപ്പുരത്തില്‍ രസിച്ചുവാഴുന്ന നേതാക്കളുടെ ചങ്കുപൊട്ടുന്ന തരത്തിലുള്ള നിരീക്ഷണങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുന്നു. നോക്കുക: രക്തസാക്ഷി എന്നു കേട്ടാല്‍ നമ്മുടെയെല്ലാം മനസ്സിലൊരു ചിത്രം തെളിയും.
അത് ആദരത്തിന്റേതാണ്. ഉദാഹരണമായി ഭഗത്സിങ് എന്നു പറയുമ്പോള്‍ത്തന്നെ ആദരത്തിന്റെ മുഖമാണ് തെളിയുക. രാജ്യത്തിനും സമൂഹത്തിനും വേണ്ടി ജീവാര്‍പ്പണം ചെയ്തവരാണ് രക്തസാക്ഷികള്‍. എന്നാല്‍ പാര്‍ട്ടിക്കുവേണ്ടി മാത്രം മരിക്കുന്നവരെ രക്തസാക്ഷി എന്നു പറയുന്നതു തെമ്മാടിത്തരമാണ്. പാര്‍ട്ടികളുടെ രക്തസാക്ഷിത്വത്തിലേക്ക് മഹത്തായ രക്തസാക്ഷി സങ്കല്പനത്തെ പറിച്ചു നടുന്നതിലെ രോഷം ഇതില്‍ കൂടുതല്‍ എങ്ങനെ പറയാനാണ്. സമൂഹത്തെ പുരോഗതിയിലേക്കു നയിക്കാന്‍ ആയുധങ്ങള്‍ വേണമെന്ന ചിന്താഗതിക്ക് അനുദിനം പുതിയ വ്യാഖ്യാനങ്ങള്‍ വരുമ്പോള്‍ ഒരു കലാകാരന്റെ ഹൃദയവേദന എത്രമാത്രമെന്ന് ഇതിലൂടെ വ്യക്തമാവുന്നു.
ഇന്നത്തെ രക്തസാക്ഷികളെപ്പറ്റി ശ്രീനിവാസന്റെ വീക്ഷണം ഇങ്ങനെ: ഇപ്പോഴത്തെ രക്തസാക്ഷികളാരും ഈ സമൂഹത്തിനുവേണ്ടി ജീവാര്‍പ്പണം ചെയ്തവരല്ല. പാര്‍ട്ടിയിലെ നേതാക്കളുടെ അധീശത്വവും പാര്‍ട്ടിയുടെ ആ പ്രദേശത്തെ അധീശത്വവും ഉറപ്പിക്കാനായി വെട്ടിമരിച്ചവരാണ്. ഇങ്ങനെ മരിക്കുന്നവരെ ഉണ്ടാക്കുക എന്നതു നേതാക്കളുടെ ലക്ഷ്യവും നേട്ടവുമാണ്. കാരണം ഇവരുടെ മരണമാണു വോട്ടായി മാറുന്നത്.
ഇങ്ങനെ മരണം വോട്ടായി മാറുമ്പോള്‍ അതില്‍ നിന്ന് നേതാവും കുടുംബവും മാറിനില്‍ക്കുകയാണെന്നും ശ്രീനിവാസന് പറയുന്നു. ഇതാ നോക്കുക: കുറെക്കാലത്തെ കൊല്ലും കൊലയും നടത്തിയതിന്റെ കണക്കെടുത്തു നോക്കിയാല്‍ എത്ര നേതാക്കളുടെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്? ഏതെങ്കിലും നേതാവിന്റെ കുടുംബം അനാഥമായിട്ടുണ്ടോ? കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും അവരുടെ മക്കളുടെ ധവളപത്രമാണ് നട്ടെല്ലുണ്ടെങ്കില്‍ ഇറക്കേണ്ടത്. അവരില്‍ മിക്കവരും വിദേശത്തും സ്വദേശത്തുമായി സുഖജീവിതം നയിക്കുന്നു. അവരുടെ മക്കള്‍ക്കു മാത്രം ചെറിയ ജോലി കൊണ്ടു കോടികള്‍ സമ്പാദിക്കാനാകുന്നു.
ഇത്തരം സമ്പാദനത്തിന് വഴിയൊരുക്കാന്‍ നൂറുകണക്കിന് പാവങ്ങള്‍ ജീവന് കൊടുക്കുകയാണ്. പ്രത്യേകമായ എന്തെങ്കിലും വിദ്വേഷത്തിന്റെയോ വൈരാഗ്യത്തിന്റെയോ പുറത്തല്ല അണികള്‍ അന്യന്റെ കരള്‍ കൊത്തിക്കീറുന്നത്, ബോംബിട്ട് ദേഹം ചിതറിത്തെറിപ്പിക്കുന്നത്. നേതാവിന്റെ പാടത്ത് പണിയെടുക്കാന്‍ അടിയാളര്‍ വേണം. അവര്‍ക്ക് പാടത്ത് കൂലികൊടുക്കാനുള്ള ഏര്‍പ്പാടൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. സ്വന്തം നേട്ടത്തിനായി ഇങ്ങനെ അണികളെ കൊല്ലിക്കുന്നതിലെ മ്ലേച്ഛതയ്ക്ക് അന്ത്യമുണ്ടാവണമെന്നാണ് ശ്രീനിവാസന് പറയുന്നത്. ഇത്തരം കലാകാരന്മാര് ആത്മാര്‍ത്ഥമായി രംഗത്തിറങ്ങിയിരുന്നെങ്കില്‍ ഇതൊക്കെ എന്നേ അവസാനിക്കുമായിരുന്നെന്ന് കണാരേട്ടന് പിറുപിറുക്കുന്നുണ്ട്.
എന്തായാലും വൈകിവന്ന ഇത്തരം വിവേകങ്ങള്‍ വരമ്പത്ത് കൂലികൊടുക്കാന്‍ തയ്യാറായിരിക്കുന്ന തമ്പ്രാക്കന്മാര് ഓര്‍ക്കുന്നത് നന്നാണ്. സ്ഥാനമാനങ്ങളും സുഖസൗകര്യങ്ങളും ആഗ്രഹിക്കുന്ന കലാകാരന്മാര് സ്വന്തം വഴിയില്‍ മുള്ളുവിതറാന് ഇടയുള്ള പരാമര്‍ശങ്ങള്‍ക്ക് ഇറങ്ങിപ്പുറപ്പെടാറില്ല. അക്കാര്യത്തില്‍ ഒന്നും നോക്കാതെ മുന്നോട്ടുവന്ന ശ്രീനിവാസന് കൊടുക്കാം നമുക്കൊരു ടണ്‍ കണക്കില്‍ ലൈക്ക്.
ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യൂ അര്ജനാ എന്ന് കൃഷ്ണന് പറഞ്ഞതിന് ദുര്‍വ്യാഖ്യാനങ്ങള്‍ ഏറെയാണ്. പണിയെടുത്തോ കൂലി ചോദിക്കരുത് എന്ന നിലയിലേക്കുവരെ അതിനെ താഴ്ത്തിയിട്ടുണ്ട്. അതിന് ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല. അത്തരത്തിലുള്ള വ്യാഖ്യാനത്തിന് ശക്തികൂട്ടുന്ന ഒരു കാര്‍ട്ടൂണ്‍ മാതൃഭൂമിയില്‍ കാണാം. സംഭവം ചിരിക്കും ചിന്തയ്ക്കും അവസരം തരുന്നുവെങ്കിലും യഥാര്‍ത്ഥ വസ്തുതയില്‍ നിന്ന് അകന്നുപോകുന്നില്ലേ എന്ന സംശയം അസ്ഥാനത്തല്ല. വേലിക്കകത്തെ നേതാവും പുറത്തെ നേതാവും തമ്മിലുള്ള രാഷ്ട്രീയ സീസോ കളി കാര്‍ട്ടൂണ്‍ വഴി മാലോകരൊക്കെ നന്നായി രസിക്കും.
എന്നാലും ആ കര്‍മ്മഫലം വേകാതെ കിടക്കുകയല്ലേ എന്നതിലെ അസ്കിത വല്ലാതെ ഇടങ്ങേറാക്കുന്നുണ്ട്. വളച്ചൊടിച്ചും ഒടിച്ചുമടക്കിയും ചുക്കിച്ചുളിച്ചും ഇമ്മാതിരിയെത്രയെത്ര ദര്‍ശനങ്ങളെയാണ് അബദ്ധപഞ്ചാംഗങ്ങളാക്കിയത്. നടക്കട്ടെ, നടക്കട്ടെ. ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള്‍ തന്പിന്മുറക്കാര് എന്ന് കവി പാടിയതില്‍ തല്ക്കാലം ആശ്വാസം കൊള്ളുക.
അധികാരമില്ലാത്തതിന്റെ വേദന എത്ര പറഞ്ഞാലും മനസ്സിലാവൂല. അതൊരു ഒന്നൊന്നരവേദനയാണ്. ബക്കററിലെ തിരയടിയില്‍ സ്വാസ്ഥ്യം കൊണ്ടവര്‍ കടലിലെ തിരയടി കണ്ട് ഇപ്പോള്‍ രസിക്കുകയാണ്. കഷ്ടകാലത്തിന് കൈയും കാലും വെച്ചാല്‍ കേരള കാസ്ട്രോയാവുമെന്ന് കണാരേട്ടന് ചുമ്മാ പറയുന്നതല്ല. പറഞ്ഞുനില്ക്കാന് ഒരു പണി, ശമ്പളമുണ്ടോ കിമ്പളമുണ്ടോ എന്നൊന്നും ആരും ചോദിക്കാന്‍ പോകുന്നില്ല.
ഒരു പണികിട്ടിയിട്ടുവേണം ഒരാഴ്ച ലീവെടുക്കാന്‍ എന്ന് മോഹന്‍ലാലിന്റെ കഥാപാത്രം ഒരു സിനിമയില്‍ പറയുന്നില്ലേ? അതുപോലെ ഒരധികാരം കിട്ടിയിട്ടുവേണം ഒന്ന് മേലനങ്ങിയിരിക്കാന് എന്നായിരുന്നു നമ്മുടെ കേരള കാസ്ട്രോ പറഞ്ഞുകൊണ്ടിരുന്നത്. ഒടുവില്‍ അതൊത്തുവന്നു. നന്ദിയാരോടു ചൊല്ലേണ്ടൂ എന്ന് ചോദിക്കാന്‍ രണ്ട് ഐഎഎസ്സുകാര്‍ കൂടെയുള്ളപ്പോള്‍ പേടിക്കാനുമില്ല. അധികം വൈകാതെ ഭരണത്തിലൊക്കെ പരിഷ്കാരങ്ങള്‍ ടണ്കണക്കിനുണ്ടാവും. ചിലപ്പോള്‍ കയറ്റിയയക്കാനും പറ്റും. ജിഎസ്ടി ബില്‍ പാസായ സ്ഥിതിക്ക് കാര്യങ്ങല്‍ എളുപ്പവുമായി. ആയതിനാല്‍ നമുക്കിനി ഭരണപരിഷ്കാരങ്ങളെക്കുറിച്ച് ചില കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞ് കടല കൊറിച്ചിരിക്കാം.
നേര്‍മുറി
അസഭ്യം ചില പോലീസുകാരുടെ
മാതൃഭാഷ: ജസ്റ്റിസ് നാരായണക്കുറുപ്പ്
പിതൃഭാഷയാക്കിയാല് ഓകെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: