അടുത്തൊരു ദിവസം സര്‍പ്രൈസായി ഒരു സന്ദര്‍ശനമുണ്ടായി. മുന്നറിയിപ്പു കൂടാതെ നാലു ദശകം മുന്‍പു മുതല്‍ സഹപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച ആലുവക്കാരന്‍ പി.സുന്ദരത്തിന്റെ ഫോണ്‍ സന്ദേശം വന്നു. ഞാന്‍ കഴിഞ്ഞ 35 വര്‍ഷമായി താമിച്ചുവന്ന കുമാരമംഗലത്തെ വീട്ടിനു മുന്നില്‍ നിന്നായിരുന്നു മൊബൈലിലെ വിളി. ആ വീട്ടില്‍ മുന്‍പു പലതവണ അദ്ദേഹം വന്നിട്ടുള്ളതാണ്. പക്ഷേ ഞാന്‍ വീടു മാറിത്താമസിച്ചവിവരം അധികം ആരേയും അറിയിച്ചിരുന്നില്ല.
മുന്‍ വീട്ടില്‍ ചില പുതുക്കിപ്പണിയലുകള്‍ നടക്കുന്നതിനാല്‍ താല്ക്കാലികമായ ഗൃഹാന്തരവാസം വേണ്ടിവന്നതാണ്. എന്നെ സര്‍പ്രൈസ് ചെയ്യാന്‍ ഉദ്ദേശിച്ചുവന്ന സുന്ദരത്തിനും അദ്ദേഹത്തെ വഴികാട്ടിയ തൊടുപുഴയിലെ സ്വയംസേവകരുടെ കൊച്ചണ്ണന് ആയ രാധാകൃഷ്ണനും അതു സര്‍പ്രൈസ് ആയി എന്നുമാത്രം.
സുന്ദരം ഇപ്പോള്‍ രോഹിണി കൊപ്രാ പിണ്ണാക്ക് എന്ന കാലിത്തീറ്റ വ്യവസായ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനാണ്. തന്റെ വ്യവസായാത്മക ബുദ്ധി സാമര്‍ത്ഥ്യംകൊണ്ട് അതിനെ വളരെ വിജയകരമായ ഒരു സംരംഭമാക്കി അദ്ദേഹം മാറ്റിയെടുത്തു. വീട്ടില്‍ എത്തിയപ്പോള്‍ വളരെ സന്തോഷവും ആഹ്ലാദവും അനുഭവപ്പെടുകയും ഒട്ടേറെ പഴയ ഓര്‍മകള്‍ ഉണരുകയും ചെയ്തു. സുന്ദരത്തിനെ പരിചയപ്പെടുമ്പോള്‍ 20 വയസ്സിലേറെ പ്രായമുണ്ടായിരുന്നില്ല.
ജനസംഘത്തിന്റെ സംഘടനാകാര്യദര്‍ശിയായിരുന്ന കെ.രാമന്‍പിള്ളയുടെ സമ്പര്‍ക്കത്തില്‍ മുഴുസമയ പ്രവര്‍ത്തകനായി വരികയായിരുന്നു. എറണാകുളം ജില്ലയുടെ ചില ഭാഗങ്ങളാണദ്ദേഹത്തിനു നല്കപ്പെട്ടത്. ഉദ്യമശീലവും ഉത്സാഹവുംകൊണ്ട് സുന്ദരം എല്ലാവര്ക്കും പ്രിയങ്കരനായി.
അടിയന്തരാവസ്ഥക്കാലത്ത് രണ്ടുതവണ ജയില്‍വാസമനുഭവിച്ച ചരിത്രവും അദ്ദേഹത്തിനുണ്ട്. ആദ്യത്തെ തവണ, സത്യഗ്രഹത്തില്‍ പങ്കെടുത്തതിനും പിന്നെ രാത്രിയില്‍ ചുവരെഴുത്തു നടത്തിയതിനുമായിരുന്നു അത്.
ജന്മഭൂമിയുടെ പുനഃപ്രസിദ്ധീകരണം എറണാകുളത്തുനിന്ന് ആരംഭിച്ചപ്പോള്‍ അതിന്റെ നഗരലേഖകന് എന്ന ചുമതലയാണദ്ദേഹത്തിനു നല്കപ്പെട്ടത്. ലേഖകന്‍ എന്ന നിലയ്ക്കു മാത്രമല്ല പരസ്യങ്ങള്‍ സമ്പാദിക്കുന്നതിനും ജേര്‍ണലിസ്റ്റ് സമൂഹത്തില്‍ തന്റെയും ‘ജന്മഭൂമി’യുടെയും സ്ഥാനം ഉയര്‍ത്തുന്നതിലും അദ്ദേഹം വിജയിച്ചു. ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പത്രത്തിന്റെ ചുമതല വഹിച്ചിരുന്ന എനിക്ക് രക്തസമ്മര്‍ദ്ദം മൂലമുള്ള പ്രശ്നങ്ങള്‍ വന്നതിനാല്‍ പത്രത്തിന്റെ മാനേജ്മെന്റ് സംബന്ധമായ ചുമതലകള്‍ സുന്ദരത്തിനു നല്കപ്പെട്ടു.
ആ ചുമതല നിര്‍വഹിക്കുന്നതിനിടയിലാണ് അദ്ദേഹത്തില്‍ സുപ്തരൂപത്തിലായിരുന്ന ഉദ്യമശീലം വളര്‍ന്നു വികസിച്ചുവന്നത്. ചെറുകിട പത്രങ്ങളുടെ ദക്ഷിണേന്ത്യന്‍ സംഘടന രൂപീകരിക്കുന്നതില്‍ അദ്ദേഹം മുന്‍കൈയെടുക്കുക മാത്രമല്ല അതിന്റെ കാര്യദര്ശികൂടിയായി തെരഞ്ഞെടുക്കപ്പെട്ടു. അതിനു പുറമെ ഐഎന്എസിലും ജന്മഭൂമി അംഗമായി. അഖിലേന്ത്യാ പത്രാധിപ സംഘടനയിലും ജന്മഭൂമി അംഗത്വമെടുത്തു. ചെറുകിട പത്ര സംഘടനയുടെ കാര്യദര്‍ശിയെന്ന നിലയ്ക്ക് പ്രസ് അക്രഡിറ്റേഷന് കമ്മറ്റിയിലും അംഗമായി. ഈ പ്രവര്‍ത്തനങ്ങളുടെയൊക്കെ പ്രയോജനം ജന്മഭൂമിക്ക് ലഭ്യമാകുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.
അങ്ങനെ ഏതാനും വര്‍ഷങ്ങള്‍ നീങ്ങിയപ്പോള്‍ നിലവിലുണ്ടായിരുന്ന നോര്‍ത്തിലെ വാടക കെട്ടിടവും പ്രസ്സും തീരെ അപര്യാപ്തമായി അനുഭവപ്പെട്ടു. തുടക്കത്തില്‍ തന്നെ ആ പരാധീനതയാണ് ജന്മഭൂമിക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയത്. പുതിയ സ്ഥലവും കെട്ടിടവും പ്രസും സമ്പാദിക്കുന്നതിനു സുന്ദരം നടത്തിയത് അക്ഷരാര്‍ത്ഥത്തിലുള്ള ഭഗീരഥ പ്രയത്നം തന്നെയായിരുന്നു. എളമക്കരയില്‍ പ്രാന്തകാര്യാലയത്തിന് സമീപം ഇന്ന് അയോധ്യാ പ്രിന്റേഴ്സും ജന്മഭൂമിയും സ്ഥിതി ചെയ്യുന്ന പന്ത്രണ്ടര സെന്റ് സ്ഥലം ആ പ്രയത്നത്തിന്റെ ഫലമാണ്. കാര്യാലയത്തിന് ലഭ്യമായ സ്ഥലത്തിന്റെ ഉടമയായിരുന്ന ജ്ഞാനസ്വാറിന്റെ (ജ്ഞാനേശ്വരന് എന്ന് അദ്ദേഹം അറിയപ്പെട്ടു) ബന്ധു ചന്ദ്രശേഖര്‍ സ്വാര് ആണ് ആ സ്ഥലം സമ്പാദിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തത്.
അയോധ്യാ പ്രിന്റേഴ്സ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്യാനും അതിനാവശ്യമായ മൂലധനം സ്വരൂപിക്കാനും മറ്റും സുന്ദരം കാണിച്ച സാമര്‍ത്ഥ്യം എല്ലാവരെയും വിസ്മയിപ്പിച്ചു. മന്ദിരത്തിന്റെ ശിലാസ്ഥാപനം ഹരിയേട്ടനാണ് നിര്‍വഹിച്ചത്. 1986ലായിരുന്നു ഉദ്ഘാടനം. ഉദ്ഘാടന ഫലകത്തിലെ വിവരങ്ങള്‍ സംസ്കൃതത്തില്‍ രേഖപ്പെടുത്തണമെന്ന ഹരിയേട്ടന്റെ നിര്‍ദ്ദേശം നടപ്പിലാക്കി. എംഎ സാറാണ് അതിന്റെ വാചകങ്ങള്‍ എഴുതിത്തന്നത്.
എല്ലാ കാര്യങ്ങള്‍ക്കും ഏറ്റവും വലിയ സാങ്കേതിക വിദ്യ ലഭ്യമാക്കണമെന്ന ആശയം അന്നുവരെ ഒരു സ്വപ്നം മാത്രമായിരുന്നു. ഫോട്ടോ കംപോസിങ്ങും ഓഫ്സെറ്റ് അച്ചടിയും കേരളത്തില്‍ ഒരു പത്രത്തിനുമുണ്ടായിരുന്നില്ല. അതിനാവശ്യമായ ലിനോ ടൈപ്പ് ഫോട്ടോ കമ്പോസിങ് യൂണിറ്റ് സുന്ദരം ഇംഗ്ലണ്ടില്‍നിന്നും വരുത്തി. അത് വന്നെത്തിയത് തിരുവനന്തപുരം വിമാനത്താവളത്തിലായിരുന്നു. കസ്റ്റംസ് പ്രശ്നങ്ങള്‍ ലഘൂകരിക്കാനും മറ്റുമായി വളരെ കുറച്ചു സമയമേ വേണ്ടിവന്നുള്ളൂ. പുതിയ സംവിധാനങ്ങള്‍ അയോധ്യ പ്രിന്റേഴ്സില്‍ വന്നതു കാണാന്‍ മലയാള പത്രലോകത്തെ പ്രമുഖര്‍, മാതൃഭൂമിയുടെ വീരേന്ദ്രകുമാറും മനോരമയുടെ കെ.എം.മാത്യുവും ദേശാഭിമാനിയുടെ പി.ഗോവിന്ദപ്പിള്ളയുമടക്കം മിക്കവരും വന്നു.
പുസ്തകപ്രകാശന രംഗത്തെ അതികായന്മാര് അന്ന് അയോദ്ധ്യയുടെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി. ഡിസി ബുക്സിന്റെ മലയാള വിജ്ഞാന കോശം മുതലായ ബൃഹദ് ഗ്രന്ഥങ്ങള്‍ അവിടെ അച്ചടിച്ചിട്ടുണ്ട്. ഡിസി കിഴക്കേമുറിയും കുടുംബവും സുന്ദരത്തെ കുടുംബാംഗത്തെപ്പോലെയാണ് കരുതിയത്. ഡിസി അത്യാസന്നാവസ്ഥയിലായിരുന്നപ്പോള് ഞാന്‍ കോട്ടയത്തെ മുതിര്‍ന്ന സംഘാധികാരിയും അഭിഭാഷകനുമായ ശങ്കര്റാമുമൊത്ത് അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍, ആ കുടുംബം എത്ര വാത്സല്യപൂര്‍വമാണ് സുന്ദരത്തെ പരാമര്ശിച്ചതെന്നോര്ത്തു.
പ്രമുഖ സംഘാധികാരിമാര്‍ പൂജനീയ സര്‍സംഘചാലക് ബാളാസാഹിബ് ദേവറസ് അടക്കം ജന്മഭൂമിയുടെ സന്ദര്‍ശക പുസ്തകത്തില്‍ അഭിനന്ദനം രേഖപ്പെടുത്തിയിട്ടുണ്ട്. ആ സന്ദേശം പത്രത്തിന്റെയും പ്രസ്സിന്റെയും നടത്തിപ്പിനെ സംബന്ധിച്ച ഏറ്റവും പ്രായോഗികമായ നിര്‍ദ്ദേശമാണ്. നാഗ്പ്പൂരിലെ തരുണ ഭാരത് ശൃംഖലയുടെ ചുമതലയുള്ള നരകേസരി ട്രസ്റ്റിന്റെ ചുമതല ദീര്‍ഘകാലം വഹിച്ച ബാളാസാഹിബിന്റെ സന്ദേശം സ്വാനുഭവത്തില്‍ നിന്നുവന്നതുതന്നെയായിരുന്നു.
എളമക്കരയിലേക്ക് ജന്മഭൂമി മാറ്റുന്നതിനു മുമ്പ് ഏതാനും മാസക്കാലം പ്രസിദ്ധീകരണം നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു. ആ കാര്യം പുതിയ മന്ദിരനിര്‍മാണത്തിന് ഉപയോഗിക്കാന്‍ കഴിഞ്ഞു. പിന്നീട് ചില പ്രത്യേക സാഹചര്യങ്ങളില്‍ സുന്ദരം മറ്റൊരു പാതയിലേക്ക് മാറിയെങ്കിലും നേരത്തെ വളര്‍ത്തിയെടുത്ത സൗഹൃദങ്ങളും ആത്മബന്ധങ്ങളും തുടര്‍ന്നുവന്നു.
ശാരീരികമായും കുടുംബപരമായും വലിയ ആഘാതങ്ങള്‍ നേരിട്ടപ്പോള്‍ അതിനെയൊക്കെ സഹജമായ പുഞ്ചിരിയോടെയും ആത്മവിശ്വാസത്തോടെയും നേരിട്ട് ജീവിതവിജയം നേടി എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ അറിയുന്നവര്‍ക്ക് സുന്ദരം എന്നും ഹൃദയംഗമനായ സുഹൃത്തുതന്നെയാണ്. ആ തളരാത്ത ആത്മവിശ്വാസവും ഉദ്യമശീലവും മറക്കാനാവില്ല.
എന്റെ പുതിയ വാസസ്ഥലത്തിന്റെ ഇന്നത്തെ ഉടമയും ഭാഗിനേയനുമായ എന്‍.എന്‍.രാജു ആ സമയത്തെത്തി. 1977 കാലത്തു യുവജനതയിലും വിദ്യാര്‍ത്ഥി ജനതയിലും ഒരുമിച്ചു പ്രവര്‍ത്തിച്ചതും അവര്‍ അനുസ്മരിച്ചു. രാജു അന്ന് എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു. ഇരുവരും അവരുടെതായ വാണിജ്യ വ്യാപാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. അങ്ങനെ ഒരു സര്‍പ്രൈസ് കൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: