നീലേശ്വരം: താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയ നീലേശ്വരം വള്ളിക്കുന്ന് ഗവ.ആശുപത്രിയോട് അധികൃതര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ബിജെപി നീലേശ്വരം മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ 8ന് രാവിലെ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തും. വള്ളിക്കുന്ന് ആശുപത്രിക്ക് സമീപത്തു നിന്നും ആരംഭിക്കുന്ന മാര്‍ച്ച് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യും.
കച്ചവട മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന നീലേശ്വരത്തെ സ്വകാര്യ ആശുപത്രികളെ സംരക്ഷിക്കാനാണ് ഇരുമുന്നണികളും അധികാരത്തില്‍ വന്നപ്പോഴും ഗവ.ആശുപത്രിയെ അവഗണിച്ചതെന്ന് ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി. ദിവസേന 600ലധികം രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോ, ഡോക്ടര്‍മാരോ, ജീവനക്കാരോ ഇല്ല. പേരിനൊരു ആശുപത്രിയായി നിലകൊള്ളുമ്പോള്‍ സമീപത്തായി സിപിഎം-കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ഭരണത്തില്‍ നടക്കുന്ന ആശുപത്രികളിലേക്ക് രോഗികള്‍ വലിയ വില നല്കി ജീവനുവേണ്ടി ഒഴുകിയെത്തും എന്ന തന്ത്രപരമായ കച്ചവട മനോഭാവമാണ് ഭരണ-പ്രതിപക്ഷ കക്ഷികള്‍ പുലര്‍ത്തിവരുന്നതെന്നും ബിജെപി നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പ്രതീകാത്മകമായി ജനങ്ങള്‍ എത്തിക്കുന്നതിനായി വിഷയ സൂചിക നാടകങ്ങള്‍ അവതരിപ്പിക്കും. ജനങ്ങളില്‍ നിന്നും പരാതി ക്രോഡീകരിച്ച് നീലേശ്വരം നഗരസഭ ചെയര്‍മാനു മുമ്പാകെ പ്രശ്നപരിഹാരത്തിനായി സമര്‍പ്പിക്കും.
ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി വെങ്ങാട്ട് കുഞ്ഞിരാമന്, നീലേശ്വരം മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് പി.വി.സുകുമാരന്‍, വൈസ് പ്രസിഡന്റ് അഡ്വ.ഉണ്ണികൃഷ്ണന് ചെറുവത്തൂര്‍, ജനറല്‍ സെക്രട്ടറി പി.മോഹനന്, സെക്രട്ടറി വി.കൃഷ്ണകുമാര്‍, യുവമോര്‍ച്ച മുനിസിപ്പല്‍ പ്രസിഡന്റ് ടി.ടി.സാഗര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: