കല്‍പ്പറ്റ : വയനാട് കളക്ട്രേറ്റില്‍ കുടില്‍ കെട്ടി സമരം നടത്തുമെന്ന് ഗോത്രമഹാസഭ. ഇതിന്റെഭാഗമായി വയനാട് കളക്ട്രേറ്റില്‍ ഇന്നലെ സൂചനാധര്ണ്ണയും പ്രകടനവുംനടത്തി. ഭൂമിക്കുവേണ്ടിയുള്ള പേ ാരാട്ടം അവസാനിക്കുന്നില്ലെന്നും ഓരോ വനവാസി കുടുംബത്തിനും കിടപ്പാടം ലഭ്യമാകുന്നതുവരെ അത് തുടരുമെന്നും ഗോത്രമഹാസഭസംസ്ഥാന അദ്ധ്യക്ഷ സി.കെ.ജാനു. കളക്ടറേറ്റില്‍ നടന്ന സൂചനസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. മുത്തങ്ങ സമരത്തിനുശേഷം 162 ദിവസം നീണ്ടുനിന്ന നില്‍പ്പ് സമരപാക്കേജ് വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ഓരോ കുടുംബത്തിനും ഒരേക്കാര് ഭൂമിയും ജയിലിലടച്ച കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും യുഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. 24 കുടുംബങ്ങള്‍ക്ക് കൈവശ അവകാശ രേഖ നല്‍കുകയും 295 കടുംബങ്ങള്‍ക്ക് ഒരേക്കാര് ഭൂമി ലഭിക്കുന്നതിനുള്ള നറുക്കെടുപ്പ്നടത്തുകയും മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ആറ്മാസം കഴിഞ്ഞിട്ടും കൈവശ രേഖ ലഭിച്ചവര്‍ക്ക് ഭൂമി എന്തെന്നറിയില്ല. നറുക്ക് കിട്ടിയവര്‍ സംസ്ഥാനലോട്ടറി പോലെ നറുക്കും കൊണ്ട് നടക്കുന്നു. അവകാശരേഖയില്‍ തറ കെട്ടാനാവില്ലല്ലോ! ഇക്കാരണത്താല്‍തന്നെ കേരളത്തിലെ അവസാന വനവാസിക്കുപോലും കിടപ്പാടം ലഭ്യമാകുന്നതുവരെ പോരാട്ടം തുടരും.
ഭൂമിയുടെ കാട്വെട്ടി തെളിക്കാത്തതാണ് ഭൂമി നല്കാന് തടസ്സമായിട്ടുള്ളതെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. എന്നാല്‍ കാട് വെട്ടി തെളിക്കാന്‍ ഗോത്രമഹാസഭ തയ്യാറാണെന്നും കരഘോഷങ്ങള്‍ക്കിടയില്‍ ജാനു പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാരിനും വനവാസികളോടുള്ള സമീപനത്തില്‍ മാറ്റമില്ല, ജില്ലയിലെ ഒരു പ്രധാന സമരകേന്ദ്രത്തില്‍ കുടില്‍കെട്ടി താമസിക്കുന്ന 160 കുടുംബങ്ങളില്‍ 110 കുടുംബങ്ങള്‍ക്കുമാത്രമാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ഇവര്‍ക്ക് ചുവന്നകൊടിയുടെ പിന്‍ബലമുണ്ട്. എന്നാല്‍ ഒരു കൊടിയുടെയും പിന്‍ബലമില്ലാത്ത കുടുംബങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുന്നു. ജില്ലയിലെ പല സമരഭൂമികളിലെയും സ്ഥിതി ഇതുതന്നെയാണ്. ഇതിന് മാറ്റം വരുത്താന്‍ ഗോത്രമഹാസഭ മുന്നിട്ടിറങ്ങുമെന്നും അവര്‍ പറഞ്ഞു. ജില്ലാഭരണകൂടത്തിന് സമയപരിധി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് വയനാട് കളക്ട്രേറ്റില്‍ ഭൂമി ലഭ്യമാകുന്നതുവരെ കുടില്‍ കെട്ടി സമരം നടത്തുമെന്നും അവര്‍ പറഞ്ഞു.
ഗോത്രമഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു കാക്കത്തോട്, രക്ഷാധികാരി മാമന് മാസ്റ്റര്‍, ജില്ലാസെക്രട്ടറി ബാബു കാര്യമ്പാടി, ആദിവാസി ഫോറം ജില്ലാപ്രസിഡണ്ട് എ.ചന്തുണ്ണി, സംസ്ഥാന സമിതിയംഗം എ.ഡി.ബാലകൃഷ്ണന്, സുരേന്ദ്രന് എറണാകുളം, ചന്ദ്രന് കാര്യമ്പാടി, ബാബു കോട്ടിയൂര്‍, ചന്ദ്രന് അപ്പാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: