കല്‍പ്പറ്റ : മുത്തങ്ങ സമരത്തിനുശേഷം 162 ദിവസം നീണ്ടുനിന്ന നില്‍പ്പ് സമരപാക്കേജ് വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഗോത്രമഹാസഭ ആഗസ്റ്റ് അഞ്ചിന് വയനാട് കളക്ടറേറ്റില്‍ സൂചനസമരം നടത്തും. ഗോത്രമഹാസഭ സംസ്ഥാന അദ്ധ്യക്ഷ സി.കെ ജാനു സമരം ഉദ്ഘാടനം ചെയ്യും. രാവിലെ പതിനൊന്നരക്കാണ് സമരം. മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ഓരോ കുടുംബത്തിനും ഒരേക്കാര് ഭൂമിയും ജയിലിലടച്ച കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് യുഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. 24 കുടുംബങ്ങള്‍ക്ക് കൈവശരേഖ നല്‍കുകയും 295 കടുംബങ്ങള്‍ക്ക് ഒരേക്കാര് ഭൂമി ലഭിക്കുന്നതിനുള്ള നറുക്കെടുപ്പ് നടത്തുകയല്ലാതെ സര്‍ക്കാര്‍ മറ്റൊന്നും ചെയ്തില്ല. ഇടതു സര്‍ക്കാറും വനവാസി ഭൂനിയമ കരാര്‍ അട്ടിമറിച്ചിരിക്കുന്നു. എ.കെ. ബാലന് പറയുന്നതാകട്ടെ 25 സെന്റ് ഭൂമിയും വീടും നല്‍കുമെന്നാണ്. ഇത് മുന്‍ വ്യവസ്ഥകളുടെ ലംഘനമാണ്. തുടര്‍ സമരത്തിന്റെ ആദ്യ പടി എന്ന നിലയിലാണ് ഇന്ന് വയനാട് കളക്ടറേറ്റില്‍ ധര്‍ണ്ണ നടത്തുന്നത്. സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തിലെങ്കില് കളക്ടറേറ്റില്‍ കുടില്‍ കെട്ടി സമരം നടത്തുമെന്ന് സി.കെ. ജാനു പറഞ്ഞു. ഓരോ കടുംബത്തിനും ഭൂമി ലഭ്യമാകുന്ന മുറക്ക് അവര്‍ സമരത്തില്‍ നിന്ന് പിന്മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: