പത്തനംതിട്ട : കൃഷിയിടത്തിന്റെ വിസ്തൃതിയും തൊഴിലാളികളുടെ എണ്ണവും കുറച്ച് ഗവിയിലെ കേരളാ ഫോറസ്റ്റ് ഡെവലെപ്പ്മെന്റ് കോര്പ്പറേഷന് കമ്പനിയിലെ തൊഴിലാളികളെ കുടിയിറക്കാനുള്ള കെഎഫ്ഡിസിയുടെ ഗൂഢ നീക്കത്തില്‍ ബിജെപി കോന്നിനിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കമ്പനിയുടെ നീക്കത്തിനെതിരേ നിയോജകമണ്ഡലം കമ്മിറ്റി രാഷ്ട്രീയ പ്രമേയം പാസ്സാക്കി. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളായ പി.എഫും ഗ്രാറ്റിവിറ്റിയും , അഭിപ്രായ സ്വാതന്ത്ര്യവും , സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കുന്ന ബോര്‍ഡ് നടപടിക്കെതിരേ ബിജെപി ശബ്ദമുയര്‍ത്തും. തൊഴിലാളികള്‍ സ്വന്തമായി ഒരുതുണ്ട് ഭൂമിക്കും തൊഴിലിനും വേണ്ടി നടത്തുന്ന സമര പരിപാടികള്‍ക്ക് ബിജെപി ശക്തമായ പിന്തുണ നല്‍കും.
വന്യമൃഗങ്ങള്‍ നിറഞ്ഞ വനത്തില്‍ ഒറ്റപ്പെട്ടുകഴിയുന്ന ഗവിയിലെ തോട്ടംതൊഴിലാളികള്‍ കുടിയിറക്ക് ഭീഷണിയിലാണ്. പെന്ഷനാകുന്ന തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി നല്കണമെങ്കില് ക്വാര്‍ട്ടേഴ്സ് ഒഴിഞ്ഞുകൊടുക്കണമെന്ന നിബന്ധനയാണ് കമ്പനിയുടേത്. അതേസമയം ഈ തൊഴിലാളികള്‍ക്ക് താമസിക്കാന്‍ ഒരുതുണ്ട് ഭൂമിപോലും വേറെയില്ല. 2011 ന് ശേഷം ആശ്രിത നിയമനം നടന്നിട്ടില്ല. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനും രോഗം വന്നാല്‍ ചികിത്സ തേടാനും 36 കിലോമീറ്റര്‍ യാത്ര ചെയ്ത് വണ്ടിപ്പെരിയാറിലെത്തണം. ആറാം ക്ലാസ് മുതല്‍ വിദ്യാഭ്യാസം നേടാന്‍ കുട്ടികള്‍ക്കും 36 കിലോമീറ്റര്‍ സഞ്ചരിക്കണം. കോര്‍പ്പറേഷന്റെ വാഹനങ്ങള്‍ മാത്രമേ ചെക്ക്പോസ്റ്റിലൂടെ കടത്തിവിടു. അടിയന്തിര സാഹചര്യങ്ങളില്‍ പലപ്പോഴും തൊഴിലാളികള്‍ക്ക് ചികിത്സ ലഭിക്കാതെ വരുന്നു. ഇത്തരത്തില്‍ നിരവധി മനുഷ്യാവകാശ ലംഘനങ്ങളാണ് ഗവിയില്‍ നടക്കുന്നത്. കൊച്ചുപമ്പ, മീനാര്‍, ഗവി എന്നിവിടങ്ങളായി 250 ല്‍പരം കുടുംബങ്ങളുണ്ട്. ശ്രീലങ്കയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഇവിടെ കൊണ്ടുവന്ന് താമസിപ്പിച്ചതാണിവരെ.
ബിജെപി കോന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ സമ്പൂര്‍ണ്ണയോഗം കോന്നി വ്യാപാരഭവനില്ചേര്ന്നു. ജില്ലാ പ്രസിഡന്റ് അശോകന്‍കുളനട ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജി.മനോജ് അദ്ധ്യക്ഷതവഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എസ്.എന്‍.ഹരികൃഷ്ണന്, ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.എ.സൂരജ്, സുധാ ടി, സെക്രട്ടറി കൃഷ്ണകുമാര്‍, വി.എസ്.ഹരീഷ് ചന്ദ്രന്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് മിനിഹരികുമാര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തില്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.വി.ബോസ്, സി.കെ.നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: