അടൂര്‍ : മദ്യലഹരിയില്‍ കാറോടിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുന്നില്‍ പോയ ഓട്ടോറിക്ഷ ഇടിച്ച് മറിച്ച ശേഷം സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു ഓട്ടോറിക്ഷയും ബൈക്കും ഇടിച്ചുതെറിപ്പിച്ചു. സംഭവം അറിഞ്ഞെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റുന്നതിനിടെ എഎസ്ഐയേയും ഡ്രൈവറേയും മര്‍ദ്ദിച്ചു. മറിഞ്ഞ ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകിട്ട് ആറരയോടെ അടൂര്‍ ഹോളിക്രോസ് ഹോസ്പിറ്റല്‍ ജംഗ്ഷനിലായിരുന്നു സംഭവം. കായംകുളം രണ്ടാംകുറ്റിയില്‍ നിന്നും അടൂരിലേക്ക് യാത്രക്കാരുമായി വരികയായിരുന്ന ഓട്ടോറിക്ഷയ്ക്ക് പിന്നിലാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടറായ വള്ളിക്കോട് കോട്ടയം സ്വദേശി ഐസക്കിന്റെ വാഗണാര്‍ കാര്ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ റോഡിലേക്ക് തെറിച്ചുവീഴുകയും ഇയാള്‍ക്ക് മുകളിലേക്ക് ഓട്ടോറിക്ഷ മറിയുകയുമായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ രണ്ടാംകുറ്റി വെട്ടുംമൂട്ടില് കിഴക്കേതില്‍ അന്‍സാരി (28), നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ കരുവാറ്റ സന്തോഷ് ഭവനില്‍ ബൈജു കൃഷ്ണന് (43), സ്കൂട്ടര്‍ യാത്രക്കാരിയായ പഴകുളം കല്ലേലില്‍ കിഴക്കേക്കരയില്‍ ആശാ ബിജു (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രോക്ഷാകുലരായ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. ഇതിനിടെ ഇയാളുടെ കാറില്‍ നിന്നും പാതികാലിയായ മദ്യകുപ്പിയും നാട്ടുകാര്‍ കണ്ടെടുത്തു. പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ പൊലീസിനു നേരെയും തിരിഞ്ഞു. എ. എസ്. ഐ അജകുമാര്‍ (48), ഹോംഗാര്‍ഡ് സന്തോഷ് എന്നിവരെയാണ് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് എസ്. ഐ ശാമുവേല്‍ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തിയാണ് ഇയാളെ ജീപ്പില്‍ കയറ്റിയത്. സ്റ്റേഷനിലെത്തിച്ചത്. സ്റ്റേഷനില്‍ എത്തിയും ഇയാള്‍ പൊലീസിനുനേരെ തിരിഞ്ഞു. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനും, പൊലീസിനെ ആക്രമിക്കുകയും ജോലി തടസ്സപ്പെടുത്തിയതിനും ഇയാള്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: