ഷൊര്‍ണൂര്‍: എറണാകുളത്തേക്ക് രാവിലെ ഷൊര്‍ണൂരില്‍നിന്ന് തീവണ്ടി വേണമെന്ന ആവശ്യം ശക്തമാകുന്നു. രാവിലെ 4.20ന് പോകുന്ന പാസഞ്ചര്‍ തീവണ്ടിയൊഴികെ മറ്റ് വണ്ടികളൊന്നുമില്ല.
രാവിലെ 10 മണിക്കുമുമ്പ് എറണാകുളത്തേക്ക് എത്തുന്ന തീവണ്ടികളാണ് ഇല്ലാത്തത്. പാസഞ്ചര്‍ തീവണ്ടിക്ക് പുറമേ 7.50ന് പോകുന്ന ഇന്റര്‍സിറ്റി എക്സ്പ്രസ് ഉണ്ടെങ്കിലും ബുധനാഴ്ചയും ഞായറാഴ്ചയും ഇതില്ല.
തീവണ്ടിയില്ലെന്ന പരാതി നിരവധിതവണ റെയില്‍വേയുടെ മുമ്പിലെത്തിയിട്ടുണ്ടെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല. ഷൊര്‍ണൂരില്‍നിന്ന് എറണാകുളം ഭാഗത്തേക്ക് 10 മണിയോടെ എത്തേണ്ട നൂറുകണക്കിന് സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യസ്ഥാപന ജീവനക്കാരുണ്ട്. ഇവര്‍ക്ക് എറണാകുളത്തെത്താന്‍ ഇപ്പോള്‍ 4.20ന് എത്തുന്ന പാസഞ്ചര്‍ തീവണ്ടിയെത്തന്നെ ആശ്രയിക്കണം. ഈ വണ്ടി ഏഴ് മണിയോടെ എറണാകുളത്തെത്തും. ഓഫീസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്നീടുള്ള മൂന്നുമണിക്കൂര്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്.
ഒറ്റപ്പാലത്തുനിന്നും ഐലന്‍ഡ്, ആലപ്പി, കേരള തുടങ്ങിയ തീവണ്ടികള്‍ പോകുന്നുണ്ടെന്നാണ് റെയില്‍വേയുടെ വിശദീകരണം. പിന്നീട് ഷൊര്‍ണൂരില്‍നിന്ന് ഇന്റര്‍സിറ്റിയും യാത്രക്കാരുടെ പ്രശ്നപരിഹാരത്തിനായി ഉണ്ടെന്നും റെയില്‍വേ അധികൃതര്‍ പറയുന്നു. യാത്രക്കാരുടെ പൊതുവേയുള്ള ഈ പ്രശ്നം പരിഹരിക്കാന്‍ ആറ് മണിക്ക് ശേഷം ഒരു വണ്ടി മതിയാകുമെന്നാണ് അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: