കിങ്സ്റ്റൺ: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യൻ ആധിപത്യം. ആർ. അശ്വിന്റെ അഞ്ചു വിക്കറ്റ് പ്രകടന മികവിൽ ആതിഥേയരെ 196ൽ ഒതുക്കിയ ഇന്ത്യ, ഓപ്പണർ കെ.എൽ. രാഹുലിന്റെ (79 നോട്ടൗട്ട്) ബാറ്റിങ് കരുത്തിൽ തിരിച്ചടിയും തുടങ്ങി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടാം ദിവസം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 135 റൺസിൽ. ചേതേശ്വർ പൂജാരയാണ് (18) രാഹുലിനൊപ്പം ക്രീസിൽ.
സബീന പാർക്കിലെ വിക്കറ്റിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള വിൻഡീസ് നായകൻ ജയ്സൺ ഹോൾഡറുടെ തീരുമാനം പിഴച്ചു. ഇഷാന്ത് ശർമയും മുഹമ്മദ് ഷാമിയും തുടക്കത്തിലേ വിൻഡീസ് ബാറ്റിങ്ങിനു മേൽ ഇടിത്തീയായി. ജർമെയ്ൻ ബ്ലാക്ക്വുഡും (62), മർലോൺ സാമുവൽസും (37) ചേർന്നു നടത്തിയ ചെറുത്തുനിൽപ്പാണ് അവരെ അൽപ്പമെങ്കിലും താങ്ങിനിർത്തിയത്. പത്താമനായിറങ്ങിയ മിഗ്വെൽ കമ്മിൻസ് (24 നോട്ടൗട്ട്) മൂന്നാമത്തെ ഉയർന്ന സ്കോറുകാരൻ.
വിൻഡീസ് മധ്യനിരയെ അശ്വിൻ നിലംപരിശാക്കി. 16 ഓവറിൽ 52 റൺസ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തു. കരിയറിലെ പതിനെട്ടാം അഞ്ചു വിക്കറ്റ് നേട്ടം. ഇഷാന്ത് ശർമയും മുഹമ്മദ് ഷാമിയും രണ്ട് വീതം വിക്കറ്റെടുത്തപ്പോൾ, അമിത് മിശ്രയ്ക്ക് ഒരു വിക്കറ്റ്.
ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് മുരളി വിജയ്ക്കു പകരമെത്തിയ രാഹുലും ശിഖർ ധവാനും (27) തകർപ്പൻ തുടക്കം നൽകി. സ്കോർ 87ലെത്തി നിൽക്കെ ശിഖർ മടങ്ങിയെങ്കിലും, ചേതേശ്വർ പൂജാരയ്ക്കൊപ്പം ടീമിനെ മുന്നോട്ടു നയിച്ചു രാഹുൽ. വീണ ഏക വിക്കറ്റ് റോസ്റ്റൺ ചേസിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: